Asianet News MalayalamAsianet News Malayalam

മന്ത്രിപദം ഉറപ്പിച്ച് റോഷി അഗസ്റ്റിൻ; രണ്ടാം മന്ത്രിക്ക് വേണ്ടി സമ്മര്‍ദ്ദവുമായി ജോസ് കെ മാണി

രണ്ട് മന്ത്രി സ്ഥാനം ആവശ്യപ്പെട്ടാണ് ജോസ് കെ മാണിയും കൂട്ടരും എകെജി സെന്‍ററിൽ ഉഭയകക്ഷി ചര്‍ച്ചക്ക് എത്തിയത് .അഞ്ച് എംഎല്‍എമാരുള്ള പാര്‍ട്ടിയെ പക്ഷേ സിപിഎം ഒറ്റ മന്ത്രി പദത്തിലൊതുക്കുകയായിരുന്നു.

kerala congress cabinet members
Author
Kottayam, First Published May 12, 2021, 12:39 PM IST

കോട്ടയം: രണ്ട് മന്ത്രിസ്ഥാനം വേണമെന്ന ആവശ്യം ശക്തമാക്കാൻ കേരളാ കോൺഗ്രസ് നീക്കം. അഞ്ച് എംഎൽഎമാരുള്ള പാര്‍ട്ടിക്ക് രണ്ട് മന്ത്രിസ്ഥാനം വേണമെന്നാണ് ആവശ്യം. ഇക്കാര്യത്തിൽ സിപിഎം നേതാക്കളെ കണ്ട് അനൗദ്യോഗിക ചർച്ചകൾ നടത്താനാണ് ജോസ് കെ മാണിയുടെ നീക്കം. റോഷി അഗസ്റ്റിനൊപ്പം കോട്ടയത്ത് നിന്നുള്ള പ്രതിനിധിയായി ഡോ എൻ ജയരാജിനേയും മന്ത്രി സഭയിലേക്ക് പരിഗണക്കണമെന്നാണ് ആവശ്യം. 

രണ്ട് മന്ത്രി സ്ഥാനം ആവശ്യപ്പെട്ടാണ് ജോസ് കെ മാണിയും കൂട്ടരും എകെജി സെന്‍ററിൽ ഉഭയകക്ഷി ചര്‍ച്ചക്ക് എത്തിയത് .അഞ്ച് എംഎല്‍എമാരുള്ള പാര്‍ട്ടിയെ പക്ഷേ സിപിഎം ഒറ്റ മന്ത്രി പദത്തിലൊതുക്കുകയായിരുന്നു. കോട്ടയത്ത് തിരികെയെത്തി ഇക്കാര്യം പാര്‍ട്ടി നേതാക്കളോട് ചര്‍ച്ച ചെയ്തപ്പോള്‍ ജോസ് കെ മാണിക്ക് നേരെ വിമര്‍ശനമുയര്‍ന്നു. ഒരു എംഎല്‍എയുള്ള പാര്‍ട്ടിക്കും അഞ്ച് എംഎല്‍എമാരുള്ള പാര്‍ട്ടിക്കും ഒരേ പരിഗണന സ്വീകാര്യമല്ലെന്നാണ് കേരളാ കോണ്‍ഗ്രസിലെ മറ്റ് നേതാക്കളുടെ അഭിപ്രായം.

ക്രൈസ്തവ സ്വാധീനമുള്ള പാര്‍ട്ടി എന്ന നിലയില്‍ കേരളാ കോണ്‍ഗ്രസ് പ്രതിനിധിയായി ഇടുക്കി എംഎല്‍എ റോഷി അഗസ്റ്റിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനാണ് സിപിഎമ്മിന് താല്‍പ്പര്യം. എംഎല്‍എമാരില്‍ സീനീയറും റോഷി അഗസ്റ്റിനാണ്. പക്ഷേ കോട്ടയം കേന്ദ്രീകൃതമായ കേരളാ കോണ്‍ഗ്രസിന് ജില്ലയില്‍ നിന്നൊരു മന്ത്രിയില്ലെങ്കില്‍ പാര്‍ട്ടിയുടെ അടിത്തറയെ ബാധിക്കുമെന്ന് ഒരു വിഭാഗം വാദിക്കുന്നു. 

അഞ്ചോ അതില്‍ കൂടുതലോ എംഎല്‍എമാരുണ്ടെങ്കില്‍ രണ്ട് മന്ത്രി സ്ഥാനം എന്നാണ് എല്‍ഡിഎഫിലേക്ക് എത്തുമ്പോഴുള്ള ധാരണ. ഒരു മന്ത്രി സ്ഥാനവും ഡെപ്യൂട്ടി സ്പീക്കര്‍, ചീവ് വിപ്പ് എന്നിവയിലൊന്നോ കേരളാ കോണ്‍ഗ്രസിന് നല്‍കാനും സിപിഎം ആലോചിക്കുന്നതായാണ് വിവരം. തിങ്കളാഴ്ചയ്ക്ക് മുൻപ് ജോസ് കെ മാണി തിരുവനന്തപുരത്തെത്തി സിപിഎം നേതാക്കളെ വീണ്ടും കാണുന്നുണ്ട്

Follow Us:
Download App:
  • android
  • ios