കോട്ടയം: കോട്ടയം ജില്ലാ പ‍ഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള കേരള കോൺഗ്രസിലെ തർക്കത്തിന് പരിഹാരമായില്ല. യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാനുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷവും നിലപാടിൽ ഉറച്ച് ജോസ് കെ മാണി. സെബാസ്റ്റ്യൻ കുളത്തിങ്കൽ പ്രസിഡൻ്റ് പദവി രാജിവെക്കില്ലെന്നാണ് ജോസ് വിഭാഗത്തിന്‍റെ നിലപാട്. ഇക്കാര്യത്തിൽ ജോസഫ് വിഭാഗവുമായി ധാരണ ഇല്ലെന്നും ജോസ് വിഭാഗം വ്യക്തമാക്കി.

പാലായിലെ തോൽവിക്ക് കാരണം ജോസഫ് പക്ഷം ചതിച്ചതാണ് എന്നാണ് ചർച്ചയിലെ ജോസ് കെ മാണിയുടെ ആരോപണം. ഇക്കൂട്ടർക്കായി പദവി ഒഴിഞ്ഞ് കൊടുക്കില്ലെന്നും ജോസ് കെ മാണി ബെന്നി ബെഹനാനെ അറിയിച്ചു. രാജി ഉണ്ടായില്ലെങ്കിൽ അവിശ്വാസത്തിലേക്ക് നീങ്ങും എന്നായിരുന്നു ജോസഫിൻ്റെ മുന്നറിയിപ്പ്. കോട്ടയം ജില്ലാ പ‍ഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം അവസാന ആറ് മാസം ജോസഫ് വിഭാഗത്തിന് നൽകണമെന്നായിരുന്നു ധാരണ. രാജി വെക്കാൻ പി ജെ ജോസഫ് മുന്നോട്ടുവച്ച സമയപരിധി ഇന്നലെ അവസാനിച്ചിരുന്നു. എന്നാൽ ധാരണയില്ലെന്ന ഉറച്ച നിലപാടിലാണ് ജോസ് കെ മാണി.

അതേസമയം, ജില്ലാ പഞ്ചായത്തിൽ കേരളാ കോൺഗ്രസിലെ ഒരു വിഭാഗത്തെ പിന്തുണച്ചേക്കുമെന്ന സൂചന നൽകി സിപിഎം. ‌കോൺഗ്രസിനെ ദുർബലപ്പെടുത്തുകയാണ് പ്രഖ്യാപിത ലക്ഷ്യമെന്ന് സിപിഎം ജില്ലാ സെക്രട്ടറി വിഎൻ വാസവൻ‌ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. പാർട്ടി സംസ്ഥാന സമിതി വിഷയം ചർച്ച ചെയ്യുമെന്നും വാസവൻ പറഞ്ഞു.

Also Read: കോട്ടയം ജില്ലാ പ‍ഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം ജോസഫ് വിഭാഗത്തിന് വിട്ട് നൽകണമെന്ന് കോൺഗ്രസ്