തിരുവനന്തപുരം: കോട്ടയം ജില്ലാ പ‍ഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജോസഫ് വിഭാഗത്തിന് വിട്ട് നൽകണമെന്ന് കോൺഗ്രസ്. തർക്കം യുഡിഎഫിൽ ചർച്ച ചെയ്യാനും രാഷ്ട്രീയകാര്യസമിതിയോഗം തീരുമാനിച്ചു.

കേരളകോൺഗ്രസിലെ തർക്കത്തിൽ നിലപാട് കടുപ്പിച്ച് കോൺഗ്രസ്. കോട്ടയം ജില്ലാ പ‍ഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം അവസാന ആറ് മാസം ജോസഫ് വിഭാഗത്തിന് നൽകണമെന്നായിരുന്നു ധാരണ. ഈ ധാരണ പാലിക്കണമെന്നാണ് കോൺഗ്രസ് രാഷ്ട്രീയകാര്യസമിതി യോഗത്തിന്റെ നിലപാട്. എന്നാൽ ധാരണയില്ലെന്ന ഉറച്ച നിലപാടിലാണ് ജോസ് കെ മാണി.

തർക്കുമായി മുന്നോട്ട് പോകാൻ കഴിയില്ലെന്നാണ് യോഗത്തിലുയർന്ന വികാരം. ജോസ് കെ മാണിയും പിജെ ജോസഫും വിരുദ്ധനിലപാട് സ്വീകരിക്കുമ്പോഴും ഇരുവരെയും മുന്നണിയിൽ തന്നെ നിലനിർത്താനും ശ്രമിക്കും. തെര‍ഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തിൽ ഒരു വിഭാഗം യുഡിഎഫ് വിട്ട് പോയാൽ  മുന്നണിക്ക് ക്ഷീണാകും. അതിനാൽ യുഡിഎഫിലെ മറ്റ് കക്ഷികളെ കൂടി വിശ്വാസത്തിലെടുത്താകും തീരുമാനം.

പ്രശ്നപരിഹാരത്തിന് ഘടകക്ഷികളുമായി ചർച്ച ചെയ്യാൻ ഉമ്മൻചാണ്ടി രമേശ് ചെന്നിത്തല മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരെ ചുമതലപ്പെടുത്തി. ഹൈക്കമാൻഡിനെക്കൂടി ഇടപെടുവിച്ച് ജോസ് കെ മാണിയെ അനുനയിപ്പിക്കാനുള്ള ശ്രമവും നടത്തും. ഒരുമിച്ച് പോകുന്നതിന് ചില മധ്യസ്ഥരുടെ സഹായവും യുഡിഎഫ് തേടിയേക്കും.