നിയമസഭാ തെരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണ മത്സരിച്ച 10 സീറ്റും വേണമെന്ന് കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് ആവശ്യപ്പെട്ടു. കടുത്തുരുത്തിയിൽ താൻ തന്നെ മത്സരിക്കുമെന്ന് മോൻസ് ജോസഫ് വ്യക്തമാക്കി.
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ 10 സീറ്റ് വേണമെന്ന് കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ്. കഴിഞ്ഞ തവണ മത്സരിച്ച 10 സീറ്റും വേണമെന്ന് കേരള കോൺഗ്രസ് ആവശ്യപ്പെടും. 10 സീറ്റിൽ മത്സരിക്കാൻ കേരള കോൺഗ്രസിന് അർഹതയുണ്ടെന്നാണ് മോൻസ് ജോസഫ് പറഞ്ഞത്. ഇത്തവണ അധിക സീറ്റ് ആവശ്യപ്പെട്ടാലും തെറ്റില്ല. കൂടുതൽ സീറ്റ് ചോദിക്കാനുള്ള സംഘടന അടിത്തറ കേരള കോൺഗ്രസിനുണ്ട്. ജയസാധ്യത കണക്കിലെടുത്ത് കോൺഗ്രസുമായി സീറ്റുകൾ വച്ചുമാറാനും പാർട്ടി തയ്യാറാണ്. മുന്നണിക്ക് ഗുണകരമല്ലാത്ത ചർച്ചകളിലേക്ക് കേരള കോൺഗ്രസ് പോകില്ലെന്നും മോൻസ് ജോസഫ് പറഞ്ഞു.
കടുത്തുരുത്തിയിൽ താൻ തന്നെ മത്സരിക്കുമെന്നും പാർട്ടി നിർദേശം നൽകിയെന്നും മോൻസ് ജോസഫ് പറഞ്ഞു. മണ്ഡലം നിലനിർത്താനുള്ള ഉത്തരവാദിത്വം പാർട്ടി ഏൽപ്പിച്ചു. തൊടുപുഴയിൽ അപു ജോൺ ജോസഫിന്‍റെ സാധ്യത മോൻസ് തള്ളിയില്ല. തൊടുപുഴയിൽ ആര് മത്സരിക്കണമെന്ന് പി ജെ ജോസഫ് തീരുമാനിക്കും. പി ജെ ജോസഫ് പൂർണ ആരോഗ്യവാനാണെന്നും പാർട്ടിയുടെ നേതൃത്വത്തിൽ അദ്ദേഹം ഉണ്ടാകുമെന്നും മോൻസ് ജോസഫ് പറഞ്ഞു.
കഴിഞ്ഞ തവണ 10 സീറ്റിൽ മത്സരിച്ചപ്പോൾ രണ്ടിടത്ത് മാത്രം ജയിക്കാനായത് കേരള കോണ്‍ഗ്രസിന്‍റെയോ കോണ്‍ഗ്രസിന്‍റെയോ കുറ്റം കൊണ്ടല്ലെന്നും മോൻസ് ജോസഫ് പ്രതികരിച്ചു. എൽഡിഎഫിന്‍റെ തന്ത്രത്തിൽ ജനങ്ങൾ വീണുപോയി. ഇനിയത് വിലപ്പോകില്ലെന്നും മോൻസ് ജോസഫ് പറഞ്ഞു.



