യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തിന് അനുകൂലമായി രണ്ട് എല്‍ഡിഎഫ് സ്വതന്ത്രർ വോട്ട് ചെയ്തോടെയാണ് അവിശ്വാസ പ്രമേയം പാസായത്.
കോട്ടയം: പാലാ ഭരണങ്ങാനം ഗ്രാമ പഞ്ചായത്തിൽ കേരള കോൺഗ്രസ് എമ്മിന് (kerala congress M) തിരിച്ചടി. വൈസ് പ്രസിഡന്റിന് എതിരായ അവിശ്വാസ പ്രമേയം പാസായി. കേരള കോൺഗ്രസ് എം പ്രതിനിധി ജോസുകുട്ടി അമ്പലമുറ്റത്തിനെയാണ് യുഡിഎഫ് (UDF) അവിശ്വാസത്തിലൂടെ പുറത്താക്കിയത്.
യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തിന് അനുകൂലമായി രണ്ട് എല്‍ഡിഎഫ് സ്വതന്ത്രർ വോട്ട് ചെയ്തോടെയാണ് അവിശ്വാസ പ്രമേയം പാസായത്. എല്‍ഡിഎഫ് സ്വതന്ത്രരായ വിനോദ് വേരനാനി, എൽസമ്മ എന്നീ അംഗങ്ങളാണ് അവിശ്വാസത്തെ അനുകൂലിച്ച് വോട്ടു ചെയ്തത്. അവിശ്വാസത്തിന് അനുകൂലമായി എട്ട് വോട്ടുകൾ കിട്ടി. എൽഡിഎഫിനും യുഡിഎഫിനും ആറ് അംഗങ്ങൾ ആണുണ്ടായിരുന്നത്. അവിശ്വാസ പ്രമേയ ബിജെപി അംഗം വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. എല്ലാ വികസനങ്ങളുടെയും ക്രെഡിറ്റ് ഏറ്റെടുക്കാൻ കേരള കോൺഗ്രസ് ശ്രമിക്കുന്നു എന്നാണ് യുഡിഎഫിനെ പിന്തുണച്ച സിപിഎം സ്വതന്ത്രരുടെ ആരോപണം. വികസന പ്രവർത്തനങ്ങളെ എല്ലാം കേരളാ കോൺഗ്രസ് അട്ടിമറിക്കുന്നു എന്നും എല്‍ഡിഎഫ് സ്വാതന്ത്രർ പ്രതികരിച്ചു. കോൺഗ്രസിലെ ലിസ്സി സണ്ണിയാണ് പഞ്ചായത്ത് പ്രസിഡന്റ്
അതിനിടെ, മലപ്പുറം ചുങ്കത്തറ ഗ്രാമ പഞ്ചായത്തിൽ യുഡിഎഫിന് ഭരണം നഷ്ട്ടമായി. ഇടത് മുന്നണി കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. ഒമ്പതിനെതിരെ പതിനൊന്നു വോട്ടുകൾക്കാണ് അവിശ്വാസം പാസായത്. മുസ്ലീം ലീഗ് സ്വതന്ത്ര നജുമുന്നിസ ഇടത് മുന്നണിക്ക് അനുകൂലമായി വോട്ട് ചെയ്തു.
ലീഗ് നേതാവ് രാജിവെച്ച് സിപിഎമ്മിൽ
മുസ്ലിം ലീഗ് സംസ്ഥാന കൗൺസിൽ അംഗവും പേരാവൂർ മണ്ഡലം പ്രസിഡൻ്റുമായിരുന്ന അഡ്വ. കെ മുഹമ്മദലി പാർട്ടിയിൽ നിന്നും രാജി രാജിവെച്ച് സിപിഎമ്മിൽ ചേര്‍ന്നു. ഇനി മുതല്‍ സി പി എമ്മുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് കെ മുഹമ്മദലി പറഞ്ഞു. എ ആർ സർവീസ് സഹകരണ ബാങ്ക് ക്രമക്കേടും ലീഗിന്റെ വർഗീയ നയത്തിലും പ്രതിഷേധിച്ചാണ് രാജി. താനറിയാതെ തന്റെ അക്കൗണ്ടിൽ 8 ലക്ഷത്തോളം രൂപ നിക്ഷേപിച്ചെന്നും ബി ജെ പിക്കെതിരായ ബദൽ കേരളത്തിൽ സി പി എമ്മിനാണെന്നും അദ്ദേഹം പറഞ്ഞു. മുഹമ്മദലിയെ സി പി എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ സ്വീകരിച്ചു.
