കോട്ടയം: ജോസ് കെ മാണിക്കൊപ്പമെന്ന് വ്യക്തമാക്കി ജോസഫ് വിഭാഗത്തിലെ മുതിര്‍ന്ന നേതാവായ തൃശൂര്‍ ജില്ലാ പ്രസിഡന്‍റ് എം ടി തോമസ്. ജോസ് കെ മാണിയെ തെരെഞ്ഞെടുത്ത നടപടിയെ പൂര്‍ണ്ണമായും പിന്തുണക്കുന്നതായി എം ടി തോമസ് വ്യക്തമാക്കി. ജോസ് കെ മാണി വിളിച്ച് ചേര്‍ത്ത സംസ്ഥാന കമ്മിറ്റിയില്‍ തോമസ് പങ്കെടുത്തിരുന്നില്ല. 

ജനാധിപത്യത്തെ തള്ളിപ്പറയുന്നവര്‍ ആത്യന്തികമായി സഹായിക്കുന്നത് കേരളാ കോണ്‍ഗ്രസ്(എം)നെ ചിന്നഭിന്നമാക്കണമെന്ന് താല്‍പര്യമുള്ള ശക്തികളെയാണ്. പേര് കൊണ്ടും രാഷ്ട്രീയ സംസ്‌ക്കാരം കൊണ്ടും കേരളാ കോണ്‍ഗ്രസ്സ് (എം) അതേ പടി നിലനില്‍ക്കണം എന്നാഗ്രഹിക്കുന്നവര്‍ ജോസ് കെ മാണിയുടെ നേതൃത്വത്തെ പൂര്‍ണ്ണമായും അംഗീകരിക്കും. 

ഈ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഏത് സീനിയര്‍ നേതാവാണെങ്കിലും ഒരു കാരണവശാലും പിന്തുണക്കാന്‍ കഴിയില്ല. ഇന്നത്തെ സാഹചര്യത്തില്‍ കേരളാ കോണ്‍ഗ്രസ്സ് പാര്‍ട്ടിയെ രാഷ്ട്രീയപരമായും സംഘടനാപരമായും കരുത്തോടെ മുന്നോട്ടു നയിക്കാന്‍ ജോസ് കെ മാണിയുടെ നേതൃത്വം അനിവാര്യമാണ്. 

കഴിഞ്ഞ 10 വര്‍ഷക്കാലത്തിനിടയില്‍ കേരളാ കോണ്‍ഗ്രസ്സ് പാര്‍ട്ടി സംസ്ഥാന തലത്തില്‍ സംഘടിപ്പിച്ച മഹാസമ്മേളനം, കേരളാ യാത്ര, സമൂഹവിവാഹം, റബര്‍ നിരാഹാരസമരം തുടങ്ങിയ പ്രധാന പരിപാടികളുടെ എല്ലാം പിന്നില്‍ ജോസ് കെ മാണിയുടെ സംഘാടന മികവ് ഞാന്‍ നേരിട്ട് കണ്ടതാണ്. ജനാധിപത്യപരമായി ജോസ് കെ മാണി എടുത്ത തീരുമാനത്തെ അംഗീകരിക്കാത്തത് വ്യക്തിനിഷ്ടമായ താല്‍പര്യമാണെന്നും എം ടി തോമസ് പറഞ്ഞു.