തിരുവനന്തപുരം: അവിശ്വാസപ്രമേയത്തിലും രാജ്യസഭാ വോട്ടെടുപ്പിലും കേരളകോൺഗ്രസിലെ ഇരു വിഭാഗവും നൽകിയ വിപ്പ് സംബന്ധിച്ച പരാതികൾ വരുന്നതോടെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് നിർണ്ണായകമാകും. നിർണ്ണായക സാഹചര്യത്തിൽ ഒപ്പം നിൽക്കാത്ത ജോസ് വിഭാഗത്തിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യം യുഡിഎഫിൽ ശക്തമായി. ജോസ് വിഭാഗത്തെ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ച ഇടതുമുന്നണിയിൽ പൊട്ടിത്തെറിയുണ്ടാക്കും.

അവിശ്വാസപ്രമേയത്തിലും രാജ്യസഭാ വോട്ടെടുപ്പിലും നൽകിയ വിപ്പ് സംബന്ധിച്ച് തർ‍ക്കം സ്പീക്കറുടേയും തെരഞ്ഞെടുപ്പ് കമ്മിഷന്റെയും മുന്നിലേക്ക് എത്തും. തങ്ങളുടെ വിപ്പാണ് നിയമപരമെന്ന നിലപാടിലാണ് ഇരുവിഭാഗവും. സ്പീക്കർക്ക് കത്ത് നൽകുമെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. പാർട്ടി ചെയർമാൻ ആരെന്ന കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉടൻ തീരുമാനമെറിയുക്കുമെന്നാണ് കരുതുന്നത്. അംഗീകാരം കിട്ടുന്ന വിഭാഗത്തിന് ഏതിർവിഭാഗത്തെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെടാം. കമ്മീഷൻ തീരുമാനം വൈകുകയാണെങ്കിൽ സ്പീക്കറുടെ തീരുമാനം നിർണ്ണയകമാകും.

സന്നിഗ്ധഘട്ടത്തിൽ ഒപ്പം നിൽക്കാത്തത് ജോസ് വിഭാഗത്തിനെതിരെ യുഡിഎഫിൽ ശക്തമായ വികാരമുണ്ടായിട്ടുണ്ട്. ജോസ് കെ മാണിയോട് മൃദുസമീപനം സ്വീകരിച്ച ഉമ്മൻചാണ്ടി വിഭാഗത്തിനും ഇത് തിരിച്ചടിയാണ്. ഉടൻ നടപടി സ്വീകരിക്കണമെന്ന ജോസഫ് വിഭാഗത്തിന്റെ ആവശ്യം യുഡിഎഫിന് മുന്നിലുണ്ട്. മറുവശത്ത് ജോസ് വിഭാഗത്തിന്റെ നീക്കങ്ങൾ നേരത്തെ അറിഞ്ഞ് യുഡിഎഫിൽ വോട്ട് ചോർച്ചയുണ്ടാകുമെന്ന് പരസ്യമായി പ്രഖ്യാപിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഇവരെ തഴയാൻ കഴിയില്ല. മുന്നണി പ്രവേശവുമായി ബന്ധപ്പെട്ട ചർച്ചകൾ സിപിഎം നേതാക്കൾ ഇതിനകം തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം. എന്നാൽ ജോസ് വിഭാഗത്തിനെതിരെ സിപിഐ കടുത്ത എതിർപ്പിലാണ്. ഇക്കാര്യത്തിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന ഉറച്ച് നിലപാട് കാനം സ്വീകരിച്ചാൽ ഇടതുമുന്നണിയിൽ പൊട്ടിത്തെറിക്കിടയാക്കും.