Asianet News MalayalamAsianet News Malayalam

കൊവിഡ് നിയന്ത്രണ രീതികൾ പൊളിച്ചെഴുതാൻ ആലോചിച്ച് കേരളം; വാർഡുകൾ മാത്രം അടയ്ക്കുന്നത് പരിഗണനയിൽ

വാരാന്ത്യ ലോക്ക് ഡൗണും മാറ്റിയേക്കും. തുറക്കുന്ന കടകടളിലെ ജീവനക്കാരെ ഓരോ ആഴ്ചകളിലും പരിശോധിക്കണമെന്നാണ് മറ്റ് നിർദ്ദേശം. പ്രധാന വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിൽ പരിശോധനാ സംവിധാനം ഏർപ്പെടുത്താമെന്നതും പരിഗണനയിലാണ്

Kerala considering a change in covid 19 lock down strategy ward based restrictions being considered
Author
Trivandrum, First Published Jul 31, 2021, 12:35 PM IST
  • Facebook
  • Twitter
  • Whatsapp

തിരുവനന്തപുരം: ടിപിആർ അനുസരിച്ച് തദ്ദേശസ്ഥാപനങ്ങൾ മുഴുവൻ അടച്ചുപൂട്ടുന്നതിന് പകരം രോഗവ്യാപനമുള്ള വാർഡുകൾ മാത്രം അടച്ചുള്ള മൈക്രോ കണ്ടെയിൻമെൻറ് ലോക്ക് ഡൗൺ കൊണ്ടുവരാനാണ് സർക്കാർ ആലോചന. ബാക്കിസ്ഥലങ്ങളിൽ പ്രോട്ടോക്കോൾ പാലിച്ച് കുടുതൽ ഇളവുകൾ പ്രഖ്യാപിച്ചാകും ബദൽ രീതി നടപ്പാക്കൽ. ഒപ്പം പ്രതിദിന പരിശോധന രണ്ട് ലക്ഷത്തോളമാക്കാനും നീക്കമുണ്ട്. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ലോക് ഡൗൺ ബദലിനായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചർച്ചകൾ തുടങ്ങി.

84 ദിവസം അടച്ചുപൂട്ടിയിട്ടും ഇരുപതിനായിരത്തിന് മേൽ പ്രതിദിന കേസുകൾ, 12 ശതമാനത്തിന് മേൽ ടിപിആർ. സമ്പൂർണ്ണ അടക്കലല്ല പ്രതിരോധമെന്ന തിരിച്ചറവിനെതുടർന്നാണ് കേരളം ബദലിനുള്ള ചർച്ച തുടങ്ങിയത്. എ,ബി,സി,ഡി വിഭാഗം വെച്ചുള്ള അടക്കൽ തുടങ്ങുമ്പോൾ ട്രിപ്പിൾ ലോക്ക് ഡൗൺ 85 തദ്ദേശസ്ഥാപനങ്ങളിൽ മാത്രം. നിലവിൽ ഡി വിഭാഗത്തിലുള്ള പ്രദേശങ്ങൾ 323. തുടർന്ന് വരുന്ന അടക്കൽ രീതി പരാജയമാണെന്നതിന് ഇതിൽപ്പരം തെളിവ് വേണ്ട. 

നേരത്തെ തന്നെ പല വിദഗ്ധരും ചൂണ്ടിക്കാട്ടിയതും ചില സ്ഥാലങ്ങളിൽ നടപ്പാക്കിയതുമായ മൈക്രോ കണ്ടെയിൻമെന്‍റ് സോൺ കേന്ദ്രീകരിച്ചുള്ള അടക്കലിലേക്ക് പൂർണ്ണമായും മാറുകയാണ് പ്രധാന ബദൽ നിർദ്ദേശം. ഒരു പ‌ഞ്ചായത്തിൽ കണ്ടെത്തിയ കേസുകൾ കൂടുതലും ഏത് വാർഡിലാണോ അത് മാത്രം അടക്കും. പഞ്ചായത്ത് മുഴുവനല്ല. കേസ് കൂടാൻ കാരണമെന്താണെന്നും പരിശോധിക്കണം. വിവാഹമടക്കമുള്ള ചടങ്ങുകൾ നടന്നിട്ടുണ്ടോ എന്നതടക്കം. പഞ്ചായത്തിലെ പകുതിയിലേറെ വാ‍ർഡുകളിലും കേസുകൾ കൂടിയാൽ പ‍ഞ്ചായത്ത് മുഴുവൻ അടക്കാം. 

'ഡി'ക്ക് പുറത്ത് എ,ബി,സി സ്ഥലങ്ങളിൽ പരമാവധി കടകൾ പ്രോട്ടോക്കാൾ പാലിച്ച് തുറക്കണമന്നെ അഭിപ്രായത്തിനാണ് വിദഗ്ധ സമിതിയിൽ മുൻതൂക്കം. വാരാന്ത്യ ലോക്ക് ഡൗണും മാറ്റിയേക്കും. തുറക്കുന്ന കടകടളിലെ ജീവനക്കാരെ ഓരോ ആഴ്ചകളിലും പരിശോധിക്കണമെന്നാണ് മറ്റ് നിർദ്ദേശം. പ്രധാന വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിൽ പരിശോധനാ സംവിധാനം ഏർപ്പെടുത്താമെന്നതും പരിഗണനയിലാണ്. 

കേസുകളിൽ ഫോക്കസ് ചെയ്തുള്ള ആശങ്ക അധികം വേണ്ടെന്ന് തുറക്കലിനെ അനുകൂലിക്കുന്ന വിദഗ്ധർ പറയുന്നു. ഏപ്രിലിൽ പ്രതിദിനം ഉണ്ടാകുന്ന 20,000 കേസും ഇപ്പോഴത്തെ 20,000 കേസും തമ്മിൽ വ്യത്യാസമുണ്ട്. ഇന്ന് ആദ്യ ഡോസ് വാക്സിൻ എടുത്തവർ 40 ശത്മനത്തിലേറെ. രണ്ട് ഡോസെടുത്തവ‍ർ 17 ശതമാനത്തിലേറെ പേരാണ്. തുറക്കലിലേക്കാണ് പോകുന്നതെങ്കിലും കേരളത്തിൻ്റെ സാഹചര്യം കേന്ദ്രം കർശനമായി നിരീക്ഷിക്കുന്ന സാഹചര്യത്തിൽ കരുതലോടെയാകും അന്തിമതീരുമാനം എടുക്കൽ. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

Follow Us:
Download App:
  • android
  • ios