Asianet News MalayalamAsianet News Malayalam

തക്കാളി സംഭരിക്കാൻ സർക്കാർ; കർഷകർക്ക് കിലോയ്ക്ക് 15 രൂപ നൽകുമെന്ന് സഹകരണ വകുപ്പ്

തക്കാളി കര്‍ഷകര്‍ക്ക് ന്യായമായ വില ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്തുന്നതുവരെ ആവശ്യമെങ്കിൽ ഈ സംവിധാനം തുടരുമെന്ന് മന്ത്രി വ്യക്തമാക്കി

Kerala cooperative sector will collect tomato to save farmers from price cut
Author
First Published Dec 2, 2022, 4:47 PM IST

തിരുവനന്തപുരം : വിലയിടില്‍ നട്ടം തിരിഞ്ഞ പാലക്കാട്ടെ കര്‍ഷകരില്‍ നിന്ന്  തക്കാളി സംഭരിക്കാന്‍ സഹകരണ വകുപ്പ് തീരുമാനിച്ചതായി മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചു. ഒരു കിലോഗ്രാം തക്കാളിക്ക്  15 രൂപ  നിരക്കില്‍ കര്‍ഷകരില്‍ നിന്നും നേരിട്ട് തക്കാളി സംഭരിച്ച്  വിപണനം ചെയ്യുന്നതിനുള്ള  പ്രത്യേക കര്‍മ്മപദ്ധതിയാണ് സഹകരണവകുപ്പ് നടപ്പിലാക്കുന്നത്.   പാലക്കാട്, ചിറ്റൂര്‍ പ്രദേശത്തെ തക്കാളി കര്‍ഷകര്‍ക്ക് ഒരു കിലോക്ക് ഒരു രൂപ എന്ന നിരക്കിലാണ് ഇപ്പോള്‍ ഇടത്തട്ടുകാർ തക്കാളി വാങ്ങുന്നത്.

ഇടനിലക്കാരുടെ ചൂഷണത്തില്‍ നിന്ന് കർഷകരെ രക്ഷിക്കാനാണ് അടിയന്തരമായ ഇടപെടല്‍ നടത്തിയതെന്ന് മന്ത്രി വിശദീകരിച്ചു. പാലക്കാട്, തൃശൂര്‍, എറണാകുളം ജില്ലകള ഏകോപിപ്പിച്ചു കൊണ്ട് അടിയന്തിരമായി 100 ടണ്‍ തക്കാളി 15 രൂപ നിരക്കില്‍ സംഭരിക്കുന്നതിനുള്ള നടപടിയാണ് സഹകരണ വകുപ്പ് സ്വീകരിച്ചത്.  24 മണിക്കൂറിനകം തന്നെ സംഭരണം ആരംഭിക്കണമെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്ന് മന്ത്രി പത്രക്കുറിപ്പില്‍ വ്യക്തമാക്കി. 

തക്കാളി കര്‍ഷകര്‍ക്ക് ന്യായമായ വില ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്തുന്നതുവരെ ആവശ്യമെങ്കിൽ ഈ സംവിധാനം തുടരുമെന്ന് മന്ത്രി വ്യക്തമാക്കി. ചൂഷണം അനുഭവിക്കുന്ന കര്‍ഷകര്‍ക്ക് കൈത്താങ്ങാകുമെന്നും കർഷകരെ ചേര്‍ത്തു പിടിക്കാന്‍ സഹകരണമേഖല കൂടെ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. സഹകരണ വാരാഘോഷത്തില്‍ സഹകരണ വകുപ്പ് പ്രഖ്യാപിച്ച മൂന്ന് വര്‍ഷക്കാലത്തേക്കുള്ള  പ്രത്യേക കര്‍മ്മ പദ്ധതിയില്‍ ഏറ്റവും മുന്‍ഗണന നല്‍കിയത് കാര്‍ഷികമേഖലയിലെ ഇടപെടലുകള്‍ തന്നെയാണെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് തക്കാളി കൃഷിക്കാര്‍ക്ക് വേണ്ടി ഈ നടപടി സ്വീകരിച്ചതെന്നും മന്ത്രി വിശദീകരിച്ചു.

Follow Us:
Download App:
  • android
  • ios