കശ്മീ‍ർ സന്ദർശിച്ചതിന് ശേഷം ഫേസ്ബുക്കിൽ കെ.ടി.ജലീല്‍ പ്രസിദ്ധീകരിച്ച പോസ്റ്റിലെ പരമാർശങ്ങള്‍ നേരത്തെ വന്‍ വിവാദമായിരുന്നു.

തിരുവല്ല : വിവാദമായ കാശ്മീർ പരാമർശത്തിൽ കെടി ജലീൽ എംഎൽഎക്കെതിരെ കേസ് എടുക്കാൻ നിർദേശം. ആ‌‌ർഎസ്എസ് ജില്ലാ പ്രചാർ പ്രമുഖ് അരുൺ മോഹന്‍റെ ഹർജിയില്‍ തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌റ്ററേറ്റ് കോടതിയാണ് കേസ് എടുക്കാന്‍ വിധിച്ചത്. കീഴ്‌വയ്പ്പൂർ എസ് എച്ച് ഒയ്ക്കാണ് കേസ് എടുക്കാന്‍ നിർദേശം നൽകിയത്. സ്റ്റേഷനിൽ പരാതി നൽകിയിട്ടും നടപടിഎടുക്കാത്ത സാഹചര്യത്തിലാണ് അരുൺ കോടതിയെ സമീപിച്ചത്. ഈ ഹര്‍ജിയിലാണ് കോടതി നടപടി എടുത്തത്. 

കശ്മീ‍ർ സന്ദർശിച്ചതിന് ശേഷം ഫേസ്ബുക്കിൽ കെ.ടി.ജലീല്‍ പ്രസിദ്ധീകരിച്ച പോസ്റ്റിലെ പരമാർശങ്ങള്‍ നേരത്തെ വന്‍ വിവാദമായിരുന്നു. 'പാക്ക് അധീന കശ്മീർ' എന്ന് ഇന്ത്യ വിശേഷിപ്പിക്കുന്ന പ്രദേശത്തെ 'ആസാദ് കശ്മീർ' എന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ ജലീല്‍ വിശേഷിപ്പിച്ചതാണ് വിവാദമായത്. ഇത് പൊതുവെ പാകിസ്ഥാനും അനുകൂലികളും നടത്തുന്ന പ്രയോഗമാണ്. വിഭജന കാലത്ത് കശ്മീർ രണ്ടായി വിഭജിച്ചിരുന്നു എന്നായിരുന്നു ജലീലിന്‍റെ മറ്റൊരു പരാമർശം. 

ആദ്യം ന്യായീകരിച്ചെങ്കിലും വിവാദങ്ങള്‍ കടുത്തതോടെ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിക്കുകയാണെന്ന് ജലീൽ വ്യക്തമാക്കി. താൻ ഉദ്ദേശിച്ചതിന് വിരുദ്ധമായി പ്രസ്തുത കുറിപ്പിലെ വരികൾ ദുർവ്യാഖ്യാനം ചെയ്യപ്പെട്ടു. ഈ സാഹചര്യത്തിൽ നാടിന്‍റെ നന്മയ്ക്കും ജനങ്ങൾക്കിടയിലെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചതായി അറിയിക്കുന്നുവെന്നായിരുന്നു കെ.ടി.ജലീലിന്‍റെ വിശദീകരണം. 

എന്നാല്‍ സിപിഎം നിര്‍ദ്ദേശത്തെ തുടർന്നാണ് ജലീല്‍ പോസ്റ്റ് പിന്‍വലിച്ചത്. എം.വി.ഗോവിന്ദനടക്കമുള്ള മന്ത്രിമാർ ജലീലിന്‍റെ പരാമ‍ർശത്തോട് പാർട്ടിക്ക് യോജിപ്പില്ലെന്ന് വ്യക്തമാക്കിയിരുന്നു.

അതേ സമയം 'ആസാദ് കശ്മീർ' പരാമർശത്തിൽ മുൻ മന്ത്രി കെ.ടി.ജലീലിനെതിരെ കുരുക്ക് മുറുക്കി ദില്ലി പൊലീസ്. ജലീലിനെതിരായ പരാതി അന്വേഷണത്തിനായി സൈബർ ക്രൈം വിഭാഗമായ ഇഫ്സോ (IFS0)ക്ക് ദില്ലി പൊലീസ് കൈമാറി. മുഹമ്മദ് സുബൈറിനെതിരെ ഉൾപ്പെടെ കേസ് എടുത്തത് ഇഫ്സോ ആണ്. 

ജലീലിനെതിരെ കേസെടുക്കുന്നതിൽ പൊലീസ് നിയമോപദേശവും തേടിയിട്ടുണ്ട്. സുപ്രീം കോടതി അഭിഭാഷകനായ ജി.എസ്.മണി നൽകിയ പരാതിയിലാണ് ദില്ലി പൊലീസിന്റെ നടപടി. ജലീലിന്റെ 'ആസാദ് കശ്മീർ' പരാമർശത്തിൽ നടപടി ആവശ്യപ്പെട്ട് ദില്ലി തിലക‍്‍മാർഗ് പൊലീസ് സ്റ്റേഷനിൽ അഡ്വ. ജി.എസ്.മണി പരാതി നൽകിയിരുന്നു. 

ഓഗസ്റ്റ് 13ന് നൽകിയ ഈ പരാതിയിൽ നടപടി ഉണ്ടാകുന്നില്ലെന്ന് കാണിച്ച് കഴിഞ്ഞ ദിവസം ദില്ലി ഡിസിപിയെ അഭിഭാഷകൻ സമീപിച്ചു. ഇതിനു പിന്നാലെയാണ് ദില്ലി പൊലീസ് അന്വേഷണം ഇഫ്സോക്ക് കൈമാറിയതും കേസെടുക്കുന്നതിൽ നിയമോപദേശം തേടിയതും. 

ഗാന്ധിവധ പരാമര്‍ശത്തെച്ചൊല്ലി സമൂഹമാധ്യമത്തില്‍ കെടി ജലീല്‍ സന്ദീപ് വാര്യര്‍ പോര്, അടിയും തടയുമായി നേതാക്കള്‍

'ആസാദ് കശ്മീര്‍' പരാമര്‍ശം: 'കെ ടി ജലീലിനെതിരെ കേന്ദ്രമന്ത്രി അമിത് ഷായ്ക്ക് പരാതി കൊടുക്കും, പി കെ കൃഷ്ണദാസ്