തിരുവനന്തപുരം: കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ജനതാ കർഫ്യുവിനോട് അനുബന്ധിച്ച് മദ്യശാലകളും തുറക്കില്ല. നാളെ സംസ്ഥാനത്തെ മദ്യശാലകൾ അടച്ചിടും. ബാറുകൾ - ബിയർ പാർലറുകൾ , ബെവ് കോ ഔട്ട് ലെറ്റുകൾ എന്നിവ അടച്ചിടാൻ എക്സൈസ് കമ്മീഷണറാണ് ഉത്തരവിട്ടത്. 

നാളെ മാത്രമാണ് ഉത്തരവ് ബാധകം. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും എക്സൈസ് കമ്മിഷണർ അറിയിച്ചു.

നാളെ മുതൽ സംസ്ഥാനത്ത് ലോട്ടറി നറുക്കെടുപ്പില്ല. മാർച്ച് 31 വരെയുള്ള നറുക്കെടുപ്പ് നിർത്തിവച്ച് സർക്കാർ ഉത്തരവിട്ടു. കൊവിഡ് 19 വൈറസ് ബാധ വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ഏതാനും ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് മാറ്റിവച്ചിട്ടുണ്ട്. ഇന്ന് മുതൽ ഈ മാസം 31 വരെ ഭാഗ്യക്കുറികളുടെ വിൽപ്പന പൂർണ്ണമായും നിർത്തിവച്ചു.

മാർച്ച് 22 മുതൽ 31 വരെ നറുക്കെടുക്കേണ്ട പൗർണമി ആർഎൻ 435, വിൻവിൻ ഡബ്ല്യു 557, സ്ത്രീശക്തി എസ്എസ് 202, അക്ഷയ എകെ 438, കാരുണ്യ പ്ലസ് കെഎൻ 309, നിർമൽ എൻആർ 166, കാരുണ്യ കെആർ 441, പൗർണമി ആർഎൻ 436, വിൻവിൻ ഡബ്ല്യു 558, സ്ത്രീശക്തി എസ്എസ് 203, സമ്മർ ബമ്പർ ബിആർ 72 എന്നിവയുടെ നറുക്കെടുപ്പ് ഏപ്രിൽ അഞ്ച് മുതൽ 14 വരെയുള്ള ദിവസങ്ങളിൽ നടത്തും. ഏപ്രിൽ ഒന്ന് മുതൽ 14 വരെയുള്ള എല്ലാ ഭാഗ്യക്കുറികളും റദ്ദാക്കിയിട്ടുണ്ട്.