തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വൈറസ് വ്യാപനം തടയാനുള്ള ശക്തമായ മുന്നൊരുക്കങ്ങൾ നടത്തുന്ന സാഹചര്യത്തിൽ സർക്കാർ ഭക്ഷ്യധാന്യങ്ങൾ സ്റ്റോക് ചെയ്തിട്ടുണ്ടെന്ന് മന്ത്രി. സംസ്ഥാന ഭക്ഷ്യ വകുപ്പ് മന്ത്രി പി തിലോത്തമനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സംസ്ഥാനത്ത് ഭക്ഷ്യക്ഷാമം ഉണ്ടാകില്ലെന്നും മന്ത്രി വിശദീകരിച്ചു. ഭക്ഷ്യ വിതരണത്തിൽ തടസമുണ്ടാകില്ല. ചരക്കു ഗതാഗതം സുഗമമായി നടക്കും. മൂന്ന് മാസത്തേക്കുള്ള ഭക്ഷ്യ സാധനങ്ങൾ സ്റ്റോക്കുണ്ട്. റേഷൻകടകൾ വഴി കൃത്യമായി  ഭക്ഷ്യസാധനങ്ങൾ വിതരണംചെയ്യും. ആവശ്യമെങ്കിൽ സമയനിയന്ത്രണം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.

അടിയന്തിര സാഹചര്യം പരിഗണിച്ച് സപ്ലൈകോയുടെ കൂടുതൽ മൊബൈൽ വിതരണ യൂണിറ്റുകൾ തുടങ്ങും. സംസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങളുടെ സമയക്രമീകരണം ആലോചിക്കുന്നുണ്ട്. മുഖ്യമന്ത്രിയുമായുള്ള ഉന്നതതല യോഗത്തിനു ശേഷം ഇക്കാര്യം തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക