Asianet News MalayalamAsianet News Malayalam

പിടിമുറുക്കി കൊറോണ; സംസ്ഥാനത്ത് വീണ്ടും മരണം, 91 വൈറസ് ബാധിതർ കൂടി; 11 പേർക്ക് നെഗറ്റീവ്

സംസ്ഥാനത്ത് മൂന്ന് ദിവസം തുടർച്ചയായി രോഗബാധിതരുടെ എണ്ണം നൂറ് കടന്ന ശേഷം ഇന്ന് 91 ലേക്ക് എത്തിയത് ആശ്വാസമായി. 

Kerala covid daily updates Pinarayi vijayan KK Shailaja teacher
Author
Thiruvananthapuram, First Published Jun 8, 2020, 5:52 PM IST

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 91 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 27 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും, വയനാട് ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നും ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 73 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (യു.എ.ഇ.-42, കുവൈറ്റ്-15, ഒമാന്‍-5, റഷ്യ-4, നൈജീരിയ-3, സൗദി അറേബ്യ-2, ഇറ്റലി-1, ജോര്‍ദാന്‍-1) 15 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-6, തമിഴ്‌നാട്-6, ഡല്‍ഹി-2, കര്‍ണാടക-1) വന്നതാണ്. തൃശൂര്‍ ജില്ലയിലെ ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. തൃശൂര്‍ ജില്ലയിലെ 2 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.

രോഗം സ്ഥിരികരിച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഡിനി ചാക്കോ (41) ഇന്ന് മരണമടഞ്ഞു. മേയ് 16ന് മാലിദ്വീപില്‍ നിന്നുമെത്തിയ ഇദ്ദേഹത്തിന് ഗുരുതര വൃക്കരോഗവും ശ്വാസതടസവുമുണ്ടായിരുന്നു. വൃക്ക സ്തംഭനത്തെ തുടര്‍ന്ന് ഹീമോ ഡയാലിസിസിലും ശ്വാസ തടസത്തെ തുടര്‍ന്ന് വെന്റിലേറ്ററിലുമായിരുന്ന ഇദ്ദേഹം ഇന്നുച്ചയ്ക്ക് 1 മണിക്ക് ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് മരണമടഞ്ഞത്. ഇതോടെ 16 പേരാണ് കോവിഡ് ബാധിച്ച് ഇതുവരെ മരണമടഞ്ഞത്.

അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 11 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 5 പേരുടെയും, പാലക്കാട്, വയനാട്, കണ്ണൂര്‍ (കാസര്‍ഗോഡ് സ്വദേശികള്‍) ജില്ലകളില്‍ നിന്നുള്ള 2 പേരുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 1174 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 814 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

എയര്‍പോര്‍ട്ട് വഴി 49,065 പേരും സീപോര്‍ട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 1,23,029 പേരും റെയില്‍വേ വഴി 19,648 പേരും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 1,93,363 പേരാണ് എത്തിയത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,97,078 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,95,307 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1771 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 211 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 3827 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതുവരെ 85,676 വ്യക്തികളുടെ (ഓഗ്‌മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 82,362 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 22,357 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 21,110 സാമ്പിളുകള്‍ നെഗറ്റീവ് ആയി. 5,923 റിപ്പീറ്റ് സാമ്പിള്‍ ഉള്‍പ്പെടെ ആകെ 1,13,956 സാമ്പിളുകളാണ് പരിശോധിച്ചത്.

ഇന്ന് പുതുതായി 6 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ ഷൊര്‍ണൂര്‍, മലപ്പുറം ജില്ലയിലെ മൂര്‍ക്കനാട്, കുറുവ, കല്‍പ്പകഞ്ചേരി, എടപ്പാള്‍, വട്ടംകുളം എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇതോടെ നിലവില്‍ ആകെ 150 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

Follow Us:
Download App:
  • android
  • ios