കൊല്ലം: കൊല്ലത്ത് റാൻഡം പരിശോധനയില്‍ രോഗം കണ്ടെത്തിയ ആളില്‍ നിന്ന് നാല് പേര്‍ക്കാണ് രോഗം പടര്‍ന്നത്. റാന്‍ഡം പരിശോധനയില്‍ ഇന്നലെ ഒരാള്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചപ്പോൾ രോഗികളുമായി സമ്പര്‍ക്കത്തില്‍ വരാത്ത രണ്ടുപേര്‍ക്കും രോഗം കണ്ടെത്തി. ഇതോടെ കടുത്ത ആശങ്കയിലാണ് കൊല്ലം ജില്ല.

റാന്‍ഡം പരിശോധനയില്‍ ആദ്യം രോഗം കണ്ടെത്തിയത് ചാത്തന്നൂരിലെ ആശ പ്രവര്‍ത്തകയ്ക്കാണ്. ഇവരുമായി സമ്പര്‍ക്കത്തില്‍ വന്ന മറ്റൊരു ആശ പ്രവര്‍ത്തക, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ്, ഗ്രേഡ് ടു അറ്റന്‍ഡര്‍, രാഷ്ട്രീയ പ്രവര്‍ത്തകൻ എന്നിവര്‍ക്കും രോഗം പിടിപെട്ടു. 

റാന്‍ഡം പരിശോധന നടന്നില്ലായിരുന്നുവെങ്കില്‍ ഒരുപാട് പേരിലേക്ക് രോഗം പടര്‍ന്നേനെ. എന്നാല്‍ ആശ പ്രവര്‍ത്തകയ്ക്ക് എവിടെ നിന്ന് രോഗം കിട്ടി എന്നത് കണ്ടെത്തിയിട്ടില്ല. ഇതിനിടെ രോഗികളുമായി സമ്പര്‍ക്കത്തില്‍ വരാത്ത രണ്ടുപേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 

ഇവര്‍ക്കുണ്ടായ രോഗങ്ങള്‍ ഭേദമാകാത്തതിനെത്തുടര്‍ന്ന് സ്രവ പരിശോധന നടത്തിയപ്പോഴാണ് രോഗം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം നടത്തിയ റാൻഡം പരിശോധനയിൽ ആന്ധ്ര സ്വദേശിയായ ഒരാള്‍ക്ക് കൂടി രോഗം കണ്ടെത്തി. ഈ കണക്കുകള്‍ നോക്കുമ്പോൾ ജില്ലയില്‍ ചില സ്ഥലങ്ങളിലെങ്കിലും രോഗ ബാധ കൂടിയേക്കാം. റാന്‍ഡം പരിശോധനകളില്‍ കൂടുതൽപേര്‍ക്ക് രോഗം കണ്ടെത്തിയാൽ സമൂഹ വ്യാപന സാധ്യത തള്ളിക്കളയാനാകില്ല

കൂടുതല്‍പേര്‍ക്ക് രോഗം കണ്ടെത്തിയ ചാത്തന്നൂരില്‍ ട്രിപ്പിൾ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കുളത്തൂപ്പുഴ , തെന്മല , ആര്യങ്കാവ് , തൃക്കോവില്‍വട്ടം എന്നിവിടങ്ങളില്‍ നിരോധനാജ്ഞയുമുണ്ട്. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയ ഇടങ്ങളില്‍ അവശ്യസാധനങ്ങള്‍ വാങ്ങാൻ ജില്ല ഭരണകൂടം തയാറാക്കിയ ഡോര്‍ ടു ഡോര്‍ ആപ് ഉപയോഗിക്കാൻ നിര്‍ദേശം നല്‍കിയിട്ടുണ്ട്.