Asianet News MalayalamAsianet News Malayalam

'കേരളത്തിന്‍റെ ടെസ്റ്റിംഗ് രീതി ശാസ്ത്രീയമെന്ന് ഐസിഎംആർ പറഞ്ഞു', തുടരുമെന്ന് മന്ത്രി

സ്രവ പരിശോധന നടത്തി ഫലം ലഭിക്കാൻ ഒരു ദിവസം വരെ സമയമെടുക്കും. അതുവരെ അവരെ അതിർത്തിയിൽ നിർത്തുന്നത് പ്രായോഗികമല്ല

Kerala covid testing model scientific will continue says Minister KK shailaja
Author
Thiruvananthapuram, First Published May 4, 2020, 1:22 PM IST

തിരുവനന്തപുരം: കേരളത്തിന്റെ ടെസ്റ്റിങ് രീതി ശാസ്ത്രീയമാണെന്ന് ഐസിഎംആർ പറഞ്ഞതാണെന്നും അത് തന്നെയാണ് തുടരുകയെന്നും മന്ത്രി കെകെ ശൈലജ. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. വിവിധ സംസ്ഥാനഹ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർക്ക് ഇപ്പോൾ സ്രവ പരിശോധന സാധ്യമല്ലെന്നും പ്രാഥമിക ടെസ്റ്റ് മാത്രമാണ് നടത്തുന്നതെന്നും മന്ത്രി വിശദീകരിച്ചു.

സ്രവ പരിശോധന നടത്തി ഫലം ലഭിക്കാൻ ഒരു ദിവസം വരെ സമയമെടുക്കും. അതുവരെ അവരെ അതിർത്തിയിൽ നിർത്തുന്നത് പ്രായോഗികമല്ല. അതിനാൽ തന്നെ പ്രാഥമിക പരിശോധന നടത്തി ഇവരെ വീടുകളിലേക്ക് വിടും. അവിടെ ക്വാറന്റൈനിൽ കഴിയണം. 14 ദിവസമാണ് നിരീക്ഷണത്തിൽ കഴിയേണ്ടത്. ഹൈ റിസ്ക് കേസുകളിലാണ് 28 ദിവസം നിർബന്ധിത ക്വാറന്റൈൻ പറയുന്നതെന്നും മന്ത്രി പറഞ്ഞു.

സാധാരണ കൊവിഡ് ബാധിച്ച ഒരാളുടെ ശരീരത്തിൽ മൂന്ന് നാല് ദിവസത്തിനുള്ളിൽ തന്നെ വൈറസ് പ്രവർത്തനം തുടങ്ങും. 14 ദിവസത്തിനുള്ളിൽ രോഗലക്ഷണം കാണും. 30 ദിവസത്തിലേറെ കഴിഞ്ഞ് രോഗം സ്ഥിരീകരിക്കുന്നവർക്ക് സാധാരണ രോഗലക്ഷണം ഇല്ലാത്തതാണെന്നും അതിനാൽ തന്നെ ഇവരുടേത് ആശങ്കപ്പെടേണ്ട സാഹചര്യമല്ല.

അതിർത്തി വിട്ട് വരുന്നവർക്ക് വീട്ടിൽ പ്രത്യേകം മുറിയുണ്ടെങ്കിൽ മാത്രമേ പോകാൻ അനുവദിക്കൂ. അല്ലെങ്കിൽ സർക്കാർ ഒരുക്കിയ കേന്ദ്രങ്ങളിൽ ഇവർ കഴിയണം. സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ല. നല്ല ജാഗ്രതയോടെ പോകുന്നത് കൊണ്ടാണ് കേരളത്തിൽ കാര്യങ്ങൾ ഇപ്പോഴത്തെ നിലയിലേക്ക് എത്തിയത്.

എച്ച്എൽഎല്ലിൽ നിന്ന് കിറ്റുകൾ വാങ്ങാൻ നടപടികൾ പുരോഗമിക്കുകയാണ്. കിറ്റുകൾ ആലപ്പുഴയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ പരിശോധിക്കുകയാണ്. ഇതിന്റെ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് മറ്റ് കാര്യങ്ങളിലേക്ക് കടക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കൂടുതൽ കിറ്റുകൾ ആവശ്യമാണ്. അതിനാൽ തന്നെ കിറ്റുകൾ വാങ്ങിക്കൊണ്ടിരിക്കുകയാണ്. ആന്റിബോഡ് ടെസ്റ്റ് കിറ്റ് മാത്രമല്ല. ആന്റിബോഡി ടെസ്റ്റ് നടത്തിയാലും പോസിറ്റീവ് സ്ഥിരീകരിക്കണമെങ്കിൽ പിസിആർ ടെസ്റ്റ് നടത്തണം. ആർഎൻഎ എക്സ്ട്രാക്ഷൻ കിട്ടാൻ ക്ഷാമം ഉണ്ടായിരുന്നു. അതിപ്പോൾ മാറിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Follow Us:
Download App:
  • android
  • ios