തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച മൂന്ന് പേരും കാസർകോട് ജില്ലക്കാരാണ്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് കേസുകളുടെ എണ്ണം 450 ആയി. 116 പേരാണ് ചികിത്സയിലുള്ളത്. രോഗം സ്ഥിരീകരിച്ച മൂന്ന് പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായെന്ന് മുഖ്യമന്ത്രി പറഞ്ഞു. മൂന്നു ദിവസത്തെ ഇടവേളക്കു ശേഷം രോഗ മുക്തി നേടിയവരുടെ എണ്ണം പുതിയ കേസുകളെക്കാൾ കൂടി എന്നതാണ് ഇന്നത്തെ സവിശേഷത.15 കൊവിഡ് രോഗികൾക്ക് ഇന്ന് പരിശോധന ഫലം നെഗറ്റീവായി.

കൊവിഡ് ബാധിച്ച പ്രായമായവരെ മാത്രമല്ല കുഞ്ഞുങ്ങളേയും രോഗമുക്തരാകാൻ സാധിച്ചു എന്നതായിരുന്നു കേരളത്തിൻ്റെ നേട്ടം. ഒരു വയസും രണ്ട് വയസുമുള്ള കുട്ടികളുടെ അസുഖം ഇവിടെ ഭേദമാക്കിയിരുന്നു. എന്നാൽ ഇന്ന് ഒരു കുഞ്ഞ് മരണപ്പെടുന്ന അവസ്ഥയുണ്ടായി. മലപ്പുറം സ്വദേശികളായ ദമ്പതികളുടെ നാല് മാസം പ്രായമുള്ള കുട്ടിയാണ് ഇന്ന് മരിച്ചത്. ജന്മന ഹൃദയവൈകല്യമുള്ള ഈ കുഞ്ഞിനെ രക്ഷിക്കാൻ എല്ലാ ശ്രമവും നടത്തിയിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. റംസാൻ പ്രമാണിച്ച് വാർത്താസമ്മേളനത്തിൻ്റെ ആകെ ദൈർഘ്യം കുറയ്ക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. 

 മുഖ്യമന്ത്രിയുടെ വാക്കുകൾ - 

റമദാൻ മാസം തുടങ്ങുന്നത് കൊണ്ടാണ് വാർത്താ സമ്മേളനം നേരത്തെയാക്കുന്നത്. സ്ത്രീകളുടെ ധാരാളം വിളികളും ഇക്കൂട്ടത്തിൽ വരുന്നു. റമദാൻ അവസാന ഒരുക്കം അവസാന മണിക്കൂറിലാണ് എന്നാണ് അവർ പറയുന്നത്. പക്ഷേ നേരത്തെയാക്കുന്നതിൽ പ്രയാസമെന്ന് നിങ്ങൾ പറഞ്ഞതായി അറിഞ്ഞു. വാർത്താസമ്മേളനത്തിന് ഒരു മണിക്കൂർ എടുക്കുന്നത് ഇനി കുറയ്ക്കാം. അങ്ങിനെ ഒരു നിലപാടെടുക്കാം എന്ന് തോന്നുന്നു

കൊവിഡ് പോസിറ്റീവായ പ്രായം ചെന്നവരെ മാത്രമല്ല കുഞ്ഞുങ്ങളെ വരെ ഭേദമാക്കാൻ കഴിഞ്ഞുവെന്നാണ് സംസ്ഥാനത്തിന്റെ അനുഭവം. ഒരുവയസും പത്ത് മാസവും പ്രായമായ കുഞ്ഞിന്റെയും രണ്ട് വയസുള്ള കുഞ്ഞിന്റെയും അസുഖം ഭേദമാക്കി. എന്നാൽ ഇന്നൊരു കുഞ്ഞ് മരണപ്പെട്ടു. 

കോഴിക്കോട് ചികിത്സയിൽ കഴിഞ്ഞ മലപ്പുറത്ത് നിന്നുള്ള നാല് മാസം മാത്രം പ്രായമുള്ള കുട്ടിയാണിത്. ഹൃദയ സംബന്ധമായ അസുഖത്തിന് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. ജന്മനാ ഹൃദയത്തിന് തകരാറുള്ള കുഞ്ഞിനെ രക്ഷിക്കാൻ കഠിന ശ്രമം നടത്തി. ഈ വേർപാട് വേദനാജനകമാണ്

സംസ്ഥാനത്ത് ഇന്ന് മൂന്ന് പേർക്ക് കൊവിഡ് പോസിറ്റീവായി. 15 രോഗികളുടെ ഫലം നെഗറ്റീവായി. രോഗം സ്ഥിരീകരിച്ച മൂന്ന് പേരും കാസർകോട് ജില്ലക്കാരാണ്. മൂന്ന് പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ 450 പേർക്ക് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അതിൽ 116 പേർ ഇപ്പോൾ ചികിത്സയിലാണ്. 

21725 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുല്ളത്. 21241 പേർ വീടുകളിലും 452 പേർ ആശുപത്രിയിലുമാണ്. 144 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 21941 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. 21830 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. കണ്ണൂരിലാണ് ഏറ്റവും കൂടുതൽ പേർ ചികിത്സയിൽ 56. കാസർകോട് 18 പേരുമുണ്ട്. തൃശൂരും ആലപ്പുഴയിലും രോഗികളില്ല.

കുടകിൽ നിന്ന് കാട്ടിലൂടെ അതിർത്തി കടന്ന എട്ട് പേരെ കൊറോണ കെയർ സെന്ററിലാക്കി. കുടകിൽ നിന്ന് നടന്ന് അതിർത്തി കടന്ന 57 പേരെ പിടികൂടിയിട്ടുണ്ട്.  ഇത് സംസ്ഥാന അതിർത്തികളിൽ എല്ലാം നടക്കാൻ സാധ്യതയുണ്ട്. അതിനാലാണ് ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ടത്. അതിർത്തി പങ്കിടുന്ന ജില്ലകളിൽ ഇത് തുടരും.

കൊവിഡ് ഇതര രോഗം ബാധിച്ചവർക്ക് ജീവൻ രക്ഷാ മരുന്നുകൾ ലഭിക്കാത്ത സാഹചര്യം ഉണ്ടാകുന്നുണ്ട്. തദ്ദേശ സ്ഥാപനങ്ങളിലൂടെ അത് എത്തിക്കാൻ നടപടിയെടുക്കും. ലോക്ക് ഡൗണിലൂടെ ബുദ്ധിമുട്ടിലായ അർബുദ, ഡയാലിസിസ് രോഗികൾ തുടങ്ങിയവർക്ക് ഗുണം ലഭിക്കും.

തിരുവനന്തപുരം ആർസിസിയിൽ കന്യാകുമാരിയിൽ നിന്നും സമീപ ജില്ലകളിൽ നിന്നും സ്ഥിരമായി ആളുകൾ ചികിത്സയ്ക്ക് എത്താറുണ്ട്. ഇവർക്കായി കന്യാകുമാരി ജില്ലാ ആശുപത്രിയെ ആർസിസി യുടെ നേതൃത്വത്തിൽ തമിഴ്നാട് സഹകരണത്തോടെ കാൻസർ ചികിത്സാ കേന്ദ്രമാക്കി. 560 പേരാണ് ഇവിടെ നിന്ന് സ്ഥിരമായി ആർസിസിയിൽ എത്തുന്നത്.

അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിക്ക് 41 കോടി അനുവദിച്ചു. 82 നഗരസഭകൾക്ക് തുക പ്രയോജനപ്പെടുത്താം. അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്ക് പ്രത്യോക സാമ്പത്തിക സഹായം വിതരണം ചെയ്യാൻ 15 കോടി അനുവദിച്ചു. 27.5 കോടി യാണ് ഇതുവരെ അനുവദിച്ചത്. തയ്യൽ ക്ഷേമനിധി ബോർഡിന് 9.70 കോടി അനുവദിച്ചു. 53.6 കോടി നേരത്തെ അനുവദിച്ചിരുന്നു.

ഗൾഫ് രാജ്യങ്ങളിൽ കൊവിഡ് രോഗമല്ലാതെ മരിക്കുന്ന മലയാളികളുടെ മൃതദേഹം വേഗത്തിൽ നാട്ടിലെത്തിക്കാൻ എംബസികൾക്ക് നിഡർദ്ദേശം നൽകണമെന്ന് കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചു. മൃതദേഹം നാട്ടിലെത്തിക്കാൻ തടസം നേരിടുന്നതായി ജിസിസി രാജ്യങ്ങളിൽ നിന്ന് ധാരാളം പരാതി ലഭിച്ചു. അന്ത്രാഷ്ട്ര വിമാനങ്ങൾ ഇല്ലാത്തത് ഗൾഫ് മലയാളികളെ മാനസിക പ്രയാസത്തിലാക്കിയിട്ടുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള അപേക്ഷ പരിഗണിക്കാൻ ഇന്ത്യൻ എംബസികളുടെ ക്ലിയറൻസ് വേണം. ഇവർ ദില്ലിയിലെ ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് എൻഒസി ആവശ്യപ്പെടുന്നു.

അന്താരാഷ്ട്ര വിമാനങ്ങളില്ലാത്തതിനാൽ ചരക്ക് വിമാനത്തിലാണ് മൃതദേഹം അയച്ചത്. ആഭ്യന്തര മന്ത്രാലയത്തിന്റെ എൻഒസി ഇല്ലാതെ ക്ലിയറൻസ് നൽകാൻ എംബസികൾക്ക് നിർദ്ദേശം നൽകണം. നൂലാമാലകൾ ഒഴിവാക്കി അന്ത്യകർമ്മങ്ങൾ നടത്താൻ സൗകര്യമൊരുക്കണമെന്ന് അഭ്യർത്ഥിച്ചു.

കൊവിഡിനെതിരായ പ്രതിരോധത്തിൽ കുടുംബശ്രീ അംഗങ്ങൾ മികച്ച പ്രവർത്തനം കാഴ്ചവച്ചു. സഹായഹസ്ത പദ്ധതി പ്രകാരം 2000 കോടി വായ്പ കുടുംബശ്രീയിലൂടെ നടപ്പാക്കും. 32 ലക്ഷം കുടുംബങ്ങളിലേക്ക് ഈ വായ്പ എത്തും. 75 ശതമാനം കമ്യൂണിറ്റി കിച്ചണുകൾ കുടുംബശ്രീയാണ് നടത്തുന്നത്. ഇവ ജനകീയ ഹോട്ടലുകളായി മാറുകയാണ്. 350 ജനകീയ ഹോട്ടലുകൾ തുടങ്ങിയിരുന്നു. അരലക്ഷം കുടുംബശ്രീ അംഗങ്ങൾ സന്നദ്ധ സേനയിലേക്ക് രജിസ്റ്റർ ചെയ്തു. മാസ്ക് നിർമ്മാണത്തിൽ കുടുംബശ്രീ ഏർപ്പെട്ടു. 22 ലക്ഷം മാസ്കുകളും സാനിറ്റൈസറും നിർമ്മിച്ചു.

കുടുംബശ്രീയുടെ 14 ജില്ലകളിലെയും സ്നേഹിതയിലൂടെയും 360 കമ്യൂണിറ്റി കൗൺസിലർമാരിലൂടെയും ജനങ്ങൾക്കും കുടുംബങ്ങൾക്കും വേണ്ട മാനസിക പിന്തുണ നൽകുന്നുണ്ട്. ഭാവിയിൽ കാർഷിക സംസ്കാരം വീണ്ടെടുക്കുകയെന്ന ലക്ഷ്യം നേടാൻ കുടുംബശ്രീയുടെ വനിതാ സംഘകൃഷിക്ക് സാധിക്കണം. കൊവിഡിന് ശേഷം ഏറ്റവും മികച്ച പ്രവർത്തനം ഏറ്റെടുത്ത് സമൂഹത്തിന് താങ്ങാകണം. ലോക്ക് ഡൗൺ കാലത്ത് സഞ്ചരിക്കുന്ന തപാൽ ഓഫീസുകൾ സജ്ജമാക്കിയടക്കം തപാൽ വകുപ്പ് മികച്ച പ്രവർത്തനം കാഴ്ചവച്ചു.


ക്ഷേമ പെൻഷനുകൾ വീടുകളിൽ എത്തിച്ചു. 48 കോടി പേരുടെ പെൻഷനുകൾ ഗുണഭോക്താക്കളുെടെ വീട്ടിൽ എത്തിച്ചു. ഇടമലക്കുടിയിൽ 76 പേരുടെ ക്ഷേമപെൻഷൻ വിതരണം ചെയ്തു. 21577 സർവീസ് പെൻഷനും വിതരണം ചെയ്തു. ബാങ്കിൽ പോകാതെ ഉപഭോക്താക്കൾക്ക് പണം വീട്ടിലെത്തിക്കാനുള്ള സൗകര്യവും ലഭ്യമാക്കി. കൊവിഡ് 19 ന്  എതിരെയുള്ള പോരാട്ടത്തിൽ ഏർപ്പെടുന്നവർക്കുള്ള ആദരമായി പ്രത്യേക തപാൽ കവർ കേരള തപാൽ വകുപ്പ് പുറത്തിറക്കി. ലോക്ക് ഡൗൺ കാലത്ത് വീട്ടിലിരിക്കുന്ന 12 വയസിൽ താഴെയുള്ള കുട്ടികൾക്കായി ഇപോസ്റ്റ് പദ്ധതിയും നടത്തി.

വ്യവസായ വകുപ്പിന് കീഴിലെ 307 ഏക്കർ ഭൂമിയിൽ പച്ചക്കറി, വാഴ കൃഷി നടത്തും. കോഴിക്കോട് റോട്ടറി ക്ലബ് മെഡിക്കൽ കോളേജിന് ഒരു കോടിയുടെ മെഡിക്കൽ ഉപകരണങ്ങൾ നൽകി. ബിഎസ്എൻഎൽ ഓഫീസർമാരുടെ സംഘടന വിവിധ മെഡിക്കൽ കോളേജുകളിലേക്ക് പിപിഇ കിറ്റുകൾക്കായി എട്ട് ലക്ഷം രൂപ നൽകി. തമിഴ് നടൻ വിജയ് പത്ത് ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി.