തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അഞ്ച് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മലപ്പുറത്ത് മൂന്ന് പേർക്കും കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഒരോ ആളുകൾക്ക് വീതവും കൊവിഡ് സ്ഥിരീകരിച്ചത്. പുതിയ കൊവിഡ് രോഗികളിൽ നാല് പേരും വിദേശത്ത് നിന്നും വന്നവരാണ്. ഒരാൾ ചെന്നൈയിൽ നിന്നും വന്നതാണ്. കോട്ടയത്ത് രോഗം സ്ഥിരീകരിച്ചത് ഉഴവൂർ സ്വദേശിയായ രണ്ട് വയസുള്ള കുട്ടിക്കാണ്. 

മുഖ്യമന്ത്രിയുടെ വാക്കുകൾ -  (LIVE UPDATE)

സംസ്ഥാനത്ത് കൊവിഡ് രോഗവ്യാപനം തടയാനായിരുന്നു സർക്കാരിന്റെ ശ്രമം. അതിന് സാധിച്ചിട്ടുണ്ട്. കൊവിഡ് പ്രതിരോധത്തിന്റെ പുതിയ ഘട്ടത്തിലേക്ക് നാം കടന്നു. വിദേശത്ത് നിന്നും സംസ്ഥാനങ്ങളിൽ നിന്നും പ്രവാസി സഹോദങ്ങൾ തിരിച്ചെത്തുന്നു. ഈയാഴ്ച മുതൽ കൂടുതൽ പേരെത്തും. രോഗബാധിത മേഖലയിൽ നിന്ന് വരുന്നവരെയും കുടുംബത്തെയും സംരക്ഷിക്കുക, സമൂഹവ്യാപന ഭീതിയെ അകറ്റി നിർത്തുക എന്നിവയാണ് ലക്ഷ്യങ്ങൾ.

സംസ്ഥാനത്ത് 32 രോഗബാധിതരുണ്ട്. 23 പേർക്കും വൈറസ് ബാധിച്ചത് കേരളത്തിന് പുറത്ത് നിന്ന്. ചെന്നൈയിൽ നിന്ന് വന്ന ആറ് പേർ, മഹാരാഷ്ട്രയിൽ നിന്ന് വന്ന നാല് പേർ, വിദേശത്ത് നിന്ന് 11, നിസാമുദ്ദീനിൽ നിന്ന് വന്ന രണ്ട് പേരും രോഗികൾ. സമ്പർക്കത്തിലൂടെ വൈറസ് ബാധിച്ച ഒൻപത് പേരിൽ ആറ് പേർ വയനാട്ടിലാണ്.ചെന്നൈയിൽ പോയി വന്ന ട്രക്ക് ഡ്രൈവറുടെ മൂന്ന് കുടുംബാംഗങ്ങൾക്കും സഹഡ്രൈവറുടെ മകനും സമ്പർക്കത്തിലെത്തിയ മൂന്ന് പേർക്കും കൊവിഡ് ബാധിച്ചു. വയനാടിന് പുറത്ത് രോഗബാധയുണ്ടായ മൂന്ന് പേർ വിദേശത്ത് നിന്ന് വന്നവരുടെ ഉറ്റവർ. സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപന തോത് സങ്കൽപ്പിക്കാനാവില്ല.

കാസർകോട് ഒരാളിൽ നിന്ന് 22 പേർക്കാണ് വൈറസ് ബാധിച്ചത്.കണ്ണൂരിൽ ഒരാളിൽ നിന്നും ഒൻപത് പേരിലേക്കും. വയനാട്ടിൽ ഒരാളിൽ നിന്നും ആറ് പേരിലേക്കും രോഗം പകർന്നു.കാര്യങ്ങൾ എളുപ്പമല്ല. നിയന്ത്രണം പാളിയാൽ കൈവിട്ട് പോകും. പ്രതീക്ഷിക്കാനാവാത്ത വിപത്ത് നേരിടേണ്ടി വരും. അതിനാലാണ് ആവർത്തിച്ച് പറയുന്നത്. വരാനിടയുള്ള ആപത്തിൽ ജാഗ്രത പുലർത്തണം. ഇതുവരെ രോഗബാധ വേഗത്തിൽ കണ്ടെത്താനും സുരക്ഷയൊരുക്കാനും സാധിച്ചു. ഇപ്പോൾ കൂടുതൽ പേർ സംസ്ഥാനത്തേക്ക് വരുന്നു. അവർക്ക് സുരക്ഷയൊരുക്കാനാവണം.

ഇത് വലിയ വെല്ലുവിളിയാണ്. റോഡ്, റെയിൽ, വ്യോമ, നാവിക മാർഗങ്ങളിലൂടെ ആളുകൾ എത്തുന്നു. 33116 പേർ റോഡ് വഴിയും വിമാനം വഴി 1406 പേരും കപ്പലുകൾ വഴി 833 പേരും കേരളത്തിലെത്തി. നാളെ ട്രെയിൻ സർവീസും ആരംഭിക്കും. ഇതുവരെയുള്ള പോസിറ്റീവ് കേസിൽ 70 ശതമാനം പുറത്തുനിന്ന് വന്നതും 30 ശതമാനം സമ്പർക്കത്തിലൂടെയുമാണ്. രോഗവ്യാപന നിരക്ക് ഒന്നിൽ താഴെയാണ്. മരണനിരക്കും കുറയ്ക്കാനായി. ബ്രേക് ദി ചെയിനും ക്വാറന്റീനും റിവേഴ്സ് ക്വാറന്റീനും വിജയിപ്പിക്കാനായത് നേട്ടങ്ങൾക്ക് കാരണം.

ഇത് ആത്മവിശ്വാസവും ശുഭാപ്തി വിശ്വാസവും നൽകുന്നു. ഇനി മാറ്റങ്ങൾ പ്രതീക്ഷിക്കണം. വിദേശത്ത് നിന്നുള്ളവർ കേരളത്തിലേക്ക് വരുമ്പോൾ, വിദേശ രാജ്യങ്ങളിൽ രോഗവ്യാപനം കുറവായിരുന്നു. മറ്റ് സംസ്ഥാനങ്ങളിലും സ്ഥിതി ഇതായിരുന്നു. ഗൾഫിലും അമേരിക്കയിലും യൂറോപ്പിലും ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും രോഗവ്യാപനം ശക്തമാണ്. വിദേശത്ത് നിന്ന് വരുന്നവർക്ക് അതത് രാജ്യങ്ങളിൽ ആന്റിബോഡി ടെസ്റ്റിന് നിർദ്ദേശം നൽകാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

ഒരേ സമയം അനേകം പേരെ സ്വീകരിക്കേണ്ടി വരുന്നു. അവരെല്ലാവരും ഇങ്ങോട്ട് വരേണ്ടവരും സംരക്ഷിക്കപ്പെടേണ്ടവരുമാണ്. സുരക്ഷിത സ്ഥലത്തേക്ക് ഇവരെ എത്തിക്കണം. രോഗബാധയുള്ളവർക്ക് പ്രത്യേക പരിചരണവും ഉറപ്പാക്കുകയും വൈറസ് ബാധ തടയലും സംസ്ഥാനം ഏറ്റെടുക്കുന്നു. ഇതുവരെ ലഭിച്ച എല്ലാ ആളുകളുടെയും സഹായ സഹകരണങ്ങൾ ഇനിയും ഉണ്ടാകണം.

നിലവിലെ നിയന്ത്രണങ്ങൾ കർശനമായി തുടരണം. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് എത്തുന്നവരെ കുറിച്ചുള്ള വിവരങ്ങൾ നിർബന്ധമായും ശേഖരിക്കണം എന്ന തീരുമാനം എടുത്തു. അതിന്റെ ഭാഗമായി കൊവിഡ് ജാഗ്രതാ വെബ്പോർട്ടലിൽ രജിസ്ട്രേഷനും പാസും നിർബന്ധമാക്കിയത്. സഹോദരങ്ങൾ മറ്റിടങ്ങളിൽ അനുഭവിക്കുന്ന പ്രയാസത്തെ കുറിച്ച് ബോധ്യമുണ്ട്. സുരക്ഷിതമല്ലാതെയുള്ള യാത്രകൾ പ്രയാസം വർധിപ്പിക്കും. ഓരോരുത്തരുടെയും സുരക്ഷ നാടിൻ്റെ  സുരക്ഷയാണെന്ന് എല്ലാവരും ഓർക്കണം.

അന്യസംസ്ഥാനത്ത് നിന്ന് വരുന്നവർക്ക് ഹോം ക്വാറന്റീൻ അനുവദിക്കുന്നുണ്ട്. ഇത് ഫലത്തിൽ റൂം ക്വാറന്റീൻ ആകണം. വീട്ടിൽ മറ്റുള്ളവരുമായി ഇടപഴകരുത്. ആരോഗ്യപ്രവർത്തകരും സർക്കാരും നിർദ്ദേശിക്കുന്നതിന് അപ്പുറത്തേക്ക് ആരും പെരുമാറരുത്. കുട്ടികൾ, പ്രായമായർ, രോഗമുള്ളവർ എന്നിവരുമായി ഒറു ബന്ധവും പാടില്ല. ഇക്കാര്യത്തിൽ വിട്ടുവീഴ്ച പാടില്ല. ഇവിടെയുള്ളവരും അക്കാര്യത്തിൽ ജാഗ്രത കാട്ടണം.

എങ്ങിനെയാണോ ഇതുവരെ സംവിധാനങ്ങൾ പ്രവർത്തിച്ചത്, ആ സൂക്ഷ്മത ഇനിയും വേണം. ആരോഗ്യവകുപ്പും തദ്ദേശ സ്ഥാപനങ്ങളും ഇതിനുള്ള ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. ക്വാറന്റീനിൽ കഴിയുന്നവർ വീട്ടിലുണ്ടെന്ന് ഉറപ്പുവരുത്തൽ പൊലീസിന്റെ ബാധ്യതയായി നിർദ്ദേശിച്ചിട്ടുണ്ട്. അക്കാര്യത്തിൽ എല്ലാവരും സഹകരിക്കണം. സംസ്ഥാനത്തെ ജനജീവിതം സാധാരണ നിലയിലേക്ക് മാറുന്നുണ്ട്. പക്ഷെ നാം പൂർണ്ണമായി സുരക്ഷിതരയെന്ന ബോധ്യത്തോടെ മുൻപത്തേത് പോലെ പെരുമാറാൻ ആരും തുനിയരുത്.

സംസ്ഥാനത്ത് ഇന്ന് അഞ്ച് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മലപ്പുറത്ത് മൂന്ന് പേർക്കും കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഒരോരുത്തർക്കും കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച അഞ്ച് പേരിൽ നാല് പേർ വിദേശത്ത് നിന്നും ഒരാൾ ചെന്നൈയിൽ നിന്നും വന്നതാണ്. കേരളത്തിൽ ഇതുവരെ 524 പേർക്ക് രോഗം സ്ഥിരീകരിച്ചു. അതിൽ 32 പേർ ചികിത്സയിലാണ്. 

31616 പേരാണ് നിരീക്ഷണത്തിലുള്ളത്. 31143 പേർ വീടുകളിലും 473 പേർ ആശുപത്രികളിലുമാണ്. 95 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 38547 സാമ്പിളുകൾ പരിശോധനക്കയച്ചു. 37727 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. മുൻഗണനാ വിഭാഗത്തിലെ 3914 സാമ്പിളുകളിൽ 3894 എണ്ണം നെഗറ്റീവായി. സംസ്ഥാനത്ത് ഹോട്ട്സ്പോട്ടുകൾ 34 എണ്ണമാണുള്ളത്. തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം ജില്ലകളിൽ നിലവിൽ രോഗികളില്ല.മലപ്പുറം സ്വദേശി കോഴിക്കോടാണ് ചികിത്സയിലുള്ളത്. 

ഇന്നത്തെ ദിവസം അന്താരാഷ്ട്ര നഴ്സസ് ദിനമാണ്. സമൂഹത്തിന് നഴ്സുമാരുടെ സംഭാവനയെ ആദരിക്കേണ്ട ദിവസം. കേരളത്തിലെ നഴ്സുമാരുടെ മാതൃകാപരമായ സേവനങ്ങളുടെ നിരവധി ഉദാഹരണങ്ങളുണ്ട്. സ്വജീവൻ അർപ്പിച്ച ലിനിയുടെ ഓർമ്മ മനസിലുണ്ട്. വയോധികരെ പരിചരിച്ച് കൊവിഡ് ബാധിച്ച രേഷ്മയും ഒക്കെ നാടിന്റെ അഭിമാനമാണ്.

പൊതുജനാരോഗ്യ സംവിധാനത്തെ ലോകോത്തര നിരവാലത്തിലേക്ക് ഉയർത്തുന്നതിൽ നഴ്സുമാരുടെ സംഭാവന വലുത്. ലോകമാദരിക്കുന്ന കേരളത്തിന്റെ കീർത്തിയുടെ വലിയ പങ്ക് നഴ്സുമാർക്ക് അവകാശപ്പെട്ടത്. ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ പ്രാധാന്യം നൽകുന്നു. ലോകത്തെമ്പാടും മലയാളീ നഴ്സുമാരുടെ സേവനത്തെ പ്രശംസിക്കുന്നു.

ഈ മാഹാമാരിയെ ചെറുക്കുന്നതിൽ ലോകരാജ്യങ്ങളെ സഹായിക്കുന്നത് അവിടുത്തെ മലയാളി നഴ്സുമാരടക്കമുള്ള ആരോഗ്യപ്രവർത്തകർ. അതിൽ അഭിമാനമുണ്ട്. ഈ ദുരിതകാലത്തും കേരളത്തിന്റെ അംബാസഡർമാരായി അവർ ധീരമായി നിലപാട് കൈക്കൊള്ളുന്നു. ലോകത്തെ മുഴുവൻ നഴ്സുമാർക്കും അഭിവാദനം. നിങ്ങളുടെ നിസ്വാർത്ഥ സേവനത്തിന് നാടും ലോകവും കടപ്പെട്ടിരിക്കുന്നു.

ഇതര സംസ്ഥാനങ്ങളിൽ നിന്ന് റോഡ് വഴി 33000 - ത്തിലേറെ പേർ നാട്ടിലെത്തി. 19000 പേരും റെഡ് സോൺ ജില്ലകളിൽ നിന്നാണ്. ആകെ പാസിന് അപേക്ഷിച്ച 1.33 ലക്ഷം പേരുണ്ട്. അതിൽ 72800 പേർ റെഡ് സോൺ ജില്ലകളിൽ നിന്ന്. 89950 പാസുകൾ നൽകി. അതിൽ 45157 പേർ റെഡ് സോൺ ജില്ലകളിൽ നിന്ന്. ഇതെല്ലാം പകുതിയിലേറെ വരുന്നു. മെയ് ഏഴ് മുതൽ വിദേശത്ത് നിന്ന് വന്ന ഏഴ് പേർക്ക് രോഗം സ്ഥിരീകരിച്ചതിനാൽ ആ വിമാനങ്ങളിൽ യാത്ര ചെയ്ത മുഴുവൻ പേരെയും പ്രത്യേക നിരീക്ഷണത്തിലാക്കി

അവരുടെ കാര്യത്തിൽ വലിയ ജാഗ്രത ആരോഗ്യവിഭാഗം പുലർത്തുന്നു. ഇവരുടെ നിരീക്ഷണത്തിന്റെ ചുമതല തദ്ദേശ സ്ഥാപനങ്ങൾക്കാണ്. എല്ലാ വിവരങ്ങളും കൃത്യമായി തദ്ദേശ സ്ഥാപനങ്ങൾക്ക് കൈമാറിയെന്ന് ഉറപ്പാക്കണം. വാർഡ് തല സമിതികൾ എല്ലാ വാർഡിലും പ്രവർത്തിക്കുന്നു. അവർ മികച്ച സേേവനം ഇനിയും നടത്തണം. ക്വാറന്റീനിൽ കഴിയുന്നവരുടെ കാര്യത്തിൽ പൊലീസിന്റെ പ്രത്യേക ശ്രദ്ധയും വേണം. വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ, ചെക്പോസ്റ്റ് എന്നിവിടങ്ങളിൽ എത്തുന്നവർ വീടുകളിലോ ക്വാറന്റീൻ കേന്ദ്രത്തിലോ എത്തിയെന്ന് പൊലീസ് ഉറപ്പാക്കണം.

വീട്ടിലേക്ക് പോകുന്നവർ ഒരു കാരണവശാലും വഴിയിലെവിടെയും ഇറങ്ങരുത്. പ്രത്യേക ട്രെയിനിൽ എത്തുന്നവരുടെ സുരക്ഷാ പരിശോധന ഏകോപന ചുമതല ഡിഐജി എ അക്ബറിനായിരിക്കും. എസ്പി റാങ്കിലെ ഉദ്യോഗസ്ഥരെ സ്പെഷൽ ഓഫീസർമാരായി നിയോഗിച്ചിട്ടുണ്ട്. ട്രെയിൻ ടിക്കറ്റ് എടുക്കുന്നവർ കൊവിഡ് ജാഗ്രതാ പോർട്ടലിൽ നിന്ന് പാസ് വാങ്ങണം. ഒരു ടിക്കറ്റിൽ ഉൾപ്പെട്ട എല്ലാവരുടെയും വിശദാംശങ്ങൾ പാസിൽ ഒറ്റ ഗ്രൂപ്പായി രേഖപ്പെടുത്തണം. വൈദ്യപരിശോധനയിൽ രോഗലക്ഷണം ഇല്ലാത്തവർ 14 ദിവസം ഹോം ക്വാറന്റീനിൽ പ്രവേശിക്കണം. ഇത് പാലിക്കാത്ത നിലയുണ്ടായാൽ സർക്കാർ കേന്ദ്രത്തിലേക്ക് മാറ്റും.

റെയിൽവെ സ്റ്റേഷനിൽ നിന്ന് വീട്ടിലേക്ക് ആളുകളെ കൊണ്ടുപോകാൻ ഡ്രൈവർ മാത്രമുള്ള വാഹനം അനുവദിക്കും. കൊവിഡ് 19 ജാഗ്രതാ പോർട്ടലിൽ പാസ് അപേക്ഷിക്കാതെ വരുന്ന യാത്രക്കാർ 14 ദിവസം സർക്കാർ കേന്ദ്രത്തിൽ ക്വാറന്റീനിൽ പോകണം. റോഡ് മാർഗം ധാരാളം പേർ വരുന്ന അവസ്ഥയുണ്ട്. ചെക്ക്പോസ്റ്റുകളിൽ സൌകര്യങ്ങൾ വർധിപ്പിക്കും. ഒരു ദിവസം കടന്നു വരാവുന്നവരുടെ എണ്ണം കൃത്യമായി കണക്കാക്കി പരമാവധി പേരെ കടത്തിക്കൊണ്ടുവരാൻ ശ്രമിക്കും. വളരെ കൂടുതൽ പേർ വന്നാൽ പിറ്റേ ദിവസത്തേക്ക് പാസ് കിട്ടും.

ട്രെയിനിൽ ഓപ്പൺ ബുക്കിങാണ് ആരംഭിച്ചത്. ഇവിടെ ഇറങ്ങുന്ന മുഴുവൻ പേരെയും പരിശോധിക്കണം. അവർ അതിന് ശേഷം ക്വാറന്റീനിൽ പോകണം. വിമാനത്താവളങ്ങളിലേത് പോലെ റെയിൽവെ സ്റ്റേഷനിലും പരിശോധന സൗകര്യം ഒരുക്കും. തിരുവനന്തപുരത്തേക്കുള്ള വണ്ടിക്ക് കോഴിക്കോടും എറണാകുളത്തും മാത്രമാണ് സ്റ്റോപ്പ്. ഇത് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കും. കാസർകോടേക്കുള്ളവരും കണ്ണൂരിലേക്കുള്ളവരും മംഗലാപുരത്തിറങ്ങി റോഡ് മാർഗം വന്നേക്കും. ഈ ബുദ്ധിമുട്ട് ഒഴിവാക്കാനാണ് രാജധാനി നിർത്തുന്ന എല്ലാ സ്റ്റോപ്പുകളിളും ഈ ട്രെയിനും നിർത്തണമെന്ന് കേരളം റെയിൽവെയോട് ആവശ്യപ്പെടുന്നത്.

എസി ട്രെയിനുകളിൽ ദിവസങ്ങളെടുത്തുള്ള യാത്ര രോഗം പടരാൻ കൂടുതൽ സാധ്യത നൽകും. ഇത് വിവിധ രാജ്യങ്ങളിലെ അനുഭവത്തിൽ ബോധ്യപ്പെട്ടതാണ്. എസി വാഹനത്തിലെ സഞ്ചാരം അപകടം വരുത്തുമെന്ന് നേരത്തെ തന്നെ തെളിഞ്ഞതാണ്. നോൺ എസി ട്രെയിനുകളും വാഹനങ്ങളുമാണ് യാത്രക്ക് നല്ലത്. ഇത് കേന്ദ്രത്തിന്റെയും റെയിൽവെയുടെയും ശ്രദ്ധയിൽ പെടുത്തും. മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിയവരെ കൊണ്ടുവരാൻ പോകുന്ന വാഹനങ്ങളിലെ ഡ്രൈവർമാർ രോഗലക്ഷണമില്ലെങ്കിൽ ക്വാറന്റീനിൽ പോകേണ്ട.

വിദേശത്ത് നിന്ന് വരുന്നവരിൽ 20 ശതമാനമാണ് ഗർഭിണികൾ. ഇനിയുമേറെ ഗർഭിണികൾ പുറത്തു കുടുങ്ങി കിടക്കുന്നത് ആശങ്കപ്പെടുത്തുന്ന കാര്യമാണ്. അത് വേഗത്തിൽ പരിഹരിക്കണം. പ്രത്യേക വിമാനത്തിന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. പ്രസവതീയതി അടുത്ത  ഗർഭിണികൾക്ക് പരിഗണന നൽകി വേണം അവരെ തിരികെ കൊണ്ടു വരാൻ കേന്ദ്രത്തോട് ആവശ്യപ്പെടും. നിലവിലെ വിമാനങ്ങളിൽ കൂടുതൽ സീറ്റ് അവർക്ക് നൽകണം. 

സംസ്ഥാനത്ത് നിന്ന് അതിഥി തൊഴിലാളികളുമായി 26 ട്രെയിനുകൾ പോയിട്ടുണ്ട്. ഇത്രയും ട്രെയിനുകളിലുമായി 29366 പേർ തിരിച്ച് പോയി. ബിഹാറിലേക്കാണ് ഏറ്റവും കൂടുതൽ ട്രെയിനുകൾ പോയത്. ഒൻപത് ട്രെയിനുകൾ അവിടേക്ക് സർവ്വീസ് നടത്തി. പ്രധാനമന്ത്രിയുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ സംസ്ഥാനത്തിന്റെ അഭിപ്രായവും നിർദ്ദേശവും അറിയിച്ചു. 

കേരളത്തിന്റെ നിർദ്ദേശങ്ങൾ ഇന്ന് തന്നെ കേന്ദ്രത്തിന് സമർപ്പിക്കും. സംസ്ഥാനത്ത് ആഭ്യന്തര വിമാന യാത്ര ആരോഗ്യ സുരക്ഷാ മാനദണ്ഡം പാലിച്ച് അനുവദിക്കണം എന്നാണ് കേരളത്തിൻ്റെ നിലപാട്. സംസ്ഥാനത്തിനകത്ത് പാസഞ്ചർ ട്രെയിനുകൾ അനുവദിക്കണം, മെട്രോ സർവീസ് ആരംഭിക്കണം, അന്തർ സംസ്ഥാന ട്രെയിൻ സർവീസിന് സമയമായിട്ടില്ലെന്നും കേന്ദ്രത്തിന് നിർദ്ദേശം നൽകി. 

പ്രധാന നഗരങ്ങളിൽ നിന്ന് നോൺ സ്റ്റോപ് ട്രെയിൻ ആവശ്യപ്പെട്ടു. ജില്ലക്കകത്ത് കർശന നിബന്ധനകളോടെ ബസ് സർവീസ് അനുവദിക്കണം, ജില്ല വിട്ടുള്ള ബസ് സർവീസിന് സമയമായിട്ടില്ല. സുരക്ഷാ മാനദണ്ഡം കർശനമായി പാലിക്കണം. ഇത് ലംഘിച്ചാൽ പെർമിറ്റ് റദ്ദാക്കും. യാത്രക്കാരുടെ എണ്ണം കുറക്കുന്നത് കൊണ്ട് ടിക്കറ്റ് നിരക്കിൽ വർധന വേണ്ടി വരും.

ഹോസ്പിറ്റാലിറ്റി സേവനങ്ങൾ പുനരാരംഭിക്കണം. ശാരീരിക അകലം പാലിച്ച് റെസ്റ്റോറന്റുകൾ തുറക്കാൻ അനുവദിക്കാം. കർശന വ്യവസ്ഥയോടെ ഓട്ടോറിക്ഷ അനുവദിക്കണം. യാത്രക്കാരുടെ എണ്ണം ഒന്നാക്കി നിജയപ്പെടുത്തണം. നിർമ്മാണ പ്രവർത്തനം വേഗത്തിൽ നടക്കണം. ഇതിനാവശ്യമായ വസ്തുക്കൾ ലഭ്യമാക്കും. മഴക്ക് മുൻപ് പരമാവധി നിർമ്മാണം നടക്കണം. തൊഴിലുറപ്പ് പദ്ധതി കാർഷിക വൃത്തിക്ക് ബാധകമാക്കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ക്വാറന്റീൻ കേന്ദ്രത്തിലേക്ക് പോകുന്നവരെ അവിടെ പ്രവേശിപ്പിക്കാൻ തദ്ദേശ സ്ഥാപനത്തിന് ബാധ്യതയുണ്ട്. പഞ്ചായത്ത് മാറിയെന്ന കാരണം പറഞ്ഞ് ആരെയും മാറ്റിനിർത്തരുത്.

സംസ്ഥാനത്ത് പൊതുവിൽ എല്ലാവരും മാസ്ക് ധരിച്ചാണ് പുറത്തിറങ്ങുന്നത്. എന്നാൽ അപൂർവ്വം ചിലർ മാസ്കില്ലാതെ പുറത്തിറങ്ങുന്നു. അവർക്കെതിരെ കർശന നടപടി സ്വീകരിക്കും. റോഡരികിൽ ചിലയിടത്ത് മാസ്ക് വിൽക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. സുരക്ഷിതമല്ലാത്ത വിൽപ്പന അനുവദിക്കില്ല. മാസ്ക് മുഖത്ത് വച്ച് നോക്കി തിരിച്ച് കൊടുത്ത് പോകുന്നത് പോലുള്ള നടപടികൾ അനുവദിക്കില്ല. മാസ്ക് വിൽപ്പന സംബന്ധിച്ച് മാർഗനിർദ്ദേശം പുറത്തിറക്കും. അതേസമയം സംസ്ഥാനതലത്തിൽ മാസ്ക് ഉൽപ്പാദനം വർധിച്ചത് നല്ല കാര്യമാണ്. 

ജില്ല വിട്ട് യാത്ര ചെയ്യുന്നവർക്ക് ക്വാറന്റീൻ നിർബന്ധമല്ല. സംസ്ഥാനത്ത് ഇളവുകളുടെ ഭാഗമായി തുറന്ന ചില മാർക്കറ്റുകളിൽ സുരക്ഷാ നിബന്ധനകൾ പാലിക്കുന്നില്ലെന്ന് പരാതിയുണ്ട്. എല്ലാ പൊതുസ്ഥലങ്ങളിലും വ്യാപാരസ്ഥാപനങ്ങളിലും ശാരീരിക അകലം അടക്കം കർശനമായി പാലിക്കണം.

പ്രതിസന്ധി കാലമാണെങ്കിലും സംസ്ഥാനത്തിന്റെ പൊതുവികസനം തടസമില്ലാതെ മുന്നോട്ട് പോകണം. ദേശീയപാത വികസന പ്രവർത്തനത്തിന്റെ ആദ്യഘട്ടമായി തലപ്പാടി-ചെങ്കള റീച്ചിന്റെ പ്രവർത്തനത്തിന് അനുമതിയായി. പദ്ധതിക്ക് സ്റ്റാന്റിങ് ഫിനാൻസ് കമ്മിറ്റി അംഗീകാരം നൽകി. ഉപരിതല ഗതാഗത വകുപ്പ് അനുമതി കിട്ടിയാൽ ടെണ്ടർ ക്ഷണിക്കാം. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് നന്ദി രേഖപ്പെടുത്തുന്നു.

 39 കിലോമീറ്റർ ദൂരം 45 മീറ്റർ വീതിയിൽ ആറ് വരിയാക്കി വികസിപ്പിക്കും. 1968.84 കോടി ചിലവ്. രണ്ടര വർഷം കൊണ്ട് നിർമ്മാണം തീർക്കും. 35.66 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടി വരും. ഇതിന് 683.9 കോടി ചിലവ് പ്രതീക്ഷിക്കുന്നു. ഈ തുകയുടെ 25 ശതമാനം സംസ്ഥാനം വഹിക്കും. തലപ്പാടി മുതൽ കഴക്കൂട്ടം വരെ 521.81 കിലോമീറ്റർ ദേശീയപാതാ വികസനത്തിനാണ് ആവശ്യപ്പെട്ടത്. 226.22 കിമീ ദൂരം വികസിപ്പിക്കാനുള്ള എട്ട് പദ്ധതികൾ ഈ വർഷം ആരംഭിക്കുക ലക്ഷ്യം. 

തലശേരി-മാഹി ബൈപ്പാസ് പ്രവർത്തനം തുടങ്ങി. കോഴിക്കോട് ബൈപ്പാസ് ആറ് വരിയാക്കാൻ നടപടി തുടങ്ങി. ഭൂമിയേറ്റെടുക്കാൻ 20000 കോടി ചിലവാക്കപ്പെടും. സംസ്ഥാനത്തിന്റെ തൊഴിൽ സാധ്യത കൂടി വർധിപ്പിക്കും. അടിസ്ഥാന സൗകര്യ വികസനത്തിനും ദേശീയപാതാ വികസനം മുതൽക്കൂട്ടാവും. വ്യവസായ-വാണിജ്യ വികസനത്തിന് പദ്ധതി മുതൽക്കൂട്ടാവും.

ഉന്നത വിദ്യാഭ്യാസ വകുപ്പിലെ പ്രവേശന പരീക്ഷ നടത്താൻ തീരുമാനിച്ചു. പോളിടെക്നിക് കഴിഞ്ഞ് ലാറ്ററൽ എൻട്രി വഴി എഞ്ചിനീയറിങിന് പ്രത്യേക പരീക്ഷ ഉണ്ടാവില്ല. മാർക്ക് അടിസ്ഥാനത്തിൽ പ്രത്യേക പ്രവേശനം. സംസ്ഥാനത്തെ പോളിടെക്നിക് കോളേജ് വിദ്യാർത്ഥികൾക്ക് വീടിനടുത്തുള്ള പോളിടെക്നികിൽ പരീക്ഷയ്ക്ക് അവസരം. ജൂൺ ഒന്നിന് സ്കൂളുകളിൽ ഓൺലൈൻ ക്ലാസ് ആരംഭിക്കും. സാധാരണ പ്രവർത്തനം പിന്നീട് തീരുമാനിക്കും.ദുരിതാശ്വാസ നിധിയിലേക്ക് കുട്ടികൾ വലിയ താത്പര്യത്തോടെ സഹായിക്കുന്നു. അതിൽ നന്ദി അറിയിക്കുന്നു.