Asianet News MalayalamAsianet News Malayalam

ഒരു തുള്ളി പോലും പാഴാക്കാതെ ഒരു കോടി ഡോസ് വാക്‌സിനേഷന്‍ വിതരണം ചെയ്ത് കേരളം

 ഇത്ര വേഗത്തില്‍ ഈയൊരു ദൗത്യത്തിലെത്താന്‍ സഹായിച്ചത് സര്‍ക്കാരിന്റെ ഇടപെടലും ആരോഗ്യ പ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥ പരിശ്രമവും കൊണ്ടാണെന്ന് മന്ത്രി പറഞ്ഞു

Kerala cross one crore margin in Covid 19 vaccination
Author
Thiruvananthapuram, First Published Jun 5, 2021, 3:29 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കോടിയിലധികം ഡോസ് വാക്‌സീന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഇന്നലെ വരെ 1,00,13186 ഡോസ് വാക്സീനാണ് വിതരണം ചെയ്തത്. 7875797 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സീനും 2137389 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സീനുമാണ് നല്‍കിയത്. ഇത്ര വേഗത്തില്‍ ഈയൊരു ദൗത്യത്തിലെത്താന്‍ സഹായിച്ചത് സര്‍ക്കാരിന്റെ ഇടപെടലും ആരോഗ്യ പ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥ പരിശ്രമവും കൊണ്ടാണെന്ന് മന്ത്രി പറഞ്ഞു. നമ്മുടെ നഴ്‌സുമാര്‍ ഒരു തുള്ളി പോലും വാക്‌സിന്‍ പാഴാക്കിയില്ലെന്നും വാക്‌സീനേഷന്‍ ടീം അംഗങ്ങളെ അഭിനന്ദിക്കുന്നതായും മന്ത്രി വ്യക്തമാക്കി.

18 വയസിനും 44 വയസിനും ഇടയ്ക്ക് പ്രായമുള്ള 474676 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സീനും 50 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സീനും നല്‍കി. 45 വയസിനും 60 വയസിനും ഇടയ്ക്ക് പ്രായമുള്ള 2796267 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സീനും 197052 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സീനും 60 വയസിന് മുകളിലുള്ള 3548887 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സീനും 1138062 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സീനും നല്‍കി. 520788 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഒന്നും 403698 പേര്‍ക്ക് രണ്ടും ഡോസ് വാക്‌സീനും 535179 കോവിഡ് മുന്നണി പോരാളികള്‍ക്ക് ഒന്നും 398527 പേര്‍ക്ക് രണ്ടും ഡോസ് വാക്‌സീനും നല്‍കി.

സംസ്ഥാനത്ത് ആകെ 10413620 ഡോസ് വാക്‌സീനാണ് ലഭ്യമായത്. അതില്‍ 746710 ഡോസ് കോവിഷീല്‍ഡ് വാക്‌സീനും 137580 ഡോസ് കോവാക്‌സിനും ഉള്‍പ്പെടെ ആകെ 884290 ഡോസ് വാക്‌സീനാണ് സംസ്ഥാനം വാങ്ങിയത്. 8684680 ഡോസ് കോവിഷീല്‍ഡ് വാക്‌സീനും 844650 ഡോസ് കോവാക്‌സിനും ഉള്‍പ്പെടെ ആകെ 9529330 ഡോസ് വാക്‌സീനും കേന്ദ്രം നല്‍കിയതാണ്. ഇന്ന് 50000 ഡോസ് കോവാക്‌സിന്‍ എത്തിക്കുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്.

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ റീജിയണല്‍ വാക്‌സീൻ സ്‌റ്റോറിലാണ് വാക്‌സീന്‍ ആദ്യം എത്തിക്കുന്നത്. റീജിയണല്‍ വാക്സീന്‍ സ്‌റ്റോറില്‍ നിന്നും ജില്ലകളിലെ വാക്സീന്‍ സ്‌റ്റോറേജിലേക്ക് നല്‍കുന്നു. ജില്ലകളിലെ ജനസംഖ്യ, വാക്സീന്റെ ജില്ലകളിലെ ഉപയോഗം, ജില്ലകളില്‍ ഉള്ള വാക്സീന്‍ സ്‌റ്റോക്ക് എന്നിവയെ അടിസ്ഥാനമാക്കിയാണ് വാക്‌സിന്‍ വിതരണം ചെയ്യുന്നത്.

സംസ്ഥാനത്ത് ജനുവരി 16 നാണ് കോവിഡ് വാക്സീനേഷന്‍ ആരംഭിച്ചത്. ആദ്യം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വാക്സീ നല്‍കിയത്. കോവിഡ് മുന്നണി പോരാളികളുടെ വാക്സീനേഷന്‍ ഫെബ്രുവരി ഒന്നിന് ആരംഭിച്ചു. 60 വയസിന് മുകളിലുള്ളവരുടേയും 45 നും 60 നും ഇടയ്ക്കുള്ള അനുബന്ധ രോഗമുള്ളവരുടേയും വാക്സീനേഷന്‍ മാര്‍ച്ച് ഒന്നിന് ആരംഭിച്ചു. 45 വയസിന് മുകളിലുള്ളവരുടെ വാക്സീനേഷന്‍ ഏപ്രില്‍ ഒന്നിന് ആരംഭിച്ചു. 18 നും 45 നും ഇടയ്ക്ക് പ്രായമായവരുടെ വാക്സീനേഷന്‍ മേയ് മാസത്തില്‍ ആരംഭിച്ചു. വാക്സീന്റെ ലഭ്യത കുറവ് കാരണം അനുബന്ധ രോഗമുള്ളവര്‍ക്കാണ് ആദ്യ മുന്‍ഗണന നല്‍കിയത്. 56 വിഭാഗങ്ങളിലുള്ളവരെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തി വാക്സീന്‍ നല്‍കി വരുന്നു.

വിദേശ രാജ്യങ്ങളില്‍ പോകുന്നവര്‍ക്ക് കോവിഷീല്‍ഡ് രണ്ടാം ഡോസ് വാക്സീന്‍ 4 മുതല്‍ 6 ആഴ്ചയ്ക്കുള്ളില്‍ നല്‍കാനും പ്രത്യേക വാക്സീനേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനും തീരുമാനിച്ചു. 40 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും വാക്സീന്‍ നല്‍കാന്‍ കഴിഞ്ഞ ദിവസം തിരുമാനിച്ചു. കൂടുതല്‍ വാക്സീന്‍ ലഭ്യമാകുന്ന മുറയ്ക്ക് മറ്റ് പ്രായക്കാരെയും പരിഗണിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
 

Follow Us:
Download App:
  • android
  • ios