ഇന്നലത്തെ പീക്ക് സമയ ഡിമാൻഡ് 5066 മെഗാവാട്ടായിരുന്നു.
തിരുവനന്തപുരം: കൊടും ചൂടിൽ വലയുന്ന കേരളം ഓരോ ദിവസവും വൈദ്യുതി ഉപയോഗത്തിലും ഞെട്ടിക്കുന്നു. ഇന്നലെ സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന തോതിലുള്ള വൈദ്യുതി ഉപയോഗമാണ് രേഖപ്പെടുത്തിയത്. ഇന്നലത്തെ പീക്ക് സമയ ഡിമാൻഡ് 5066 മെഗാവാട്ടായിരുന്നു. കേരളത്തിലെ വൈദ്യുതി ഉപയോഗത്തിലെ സർവകാല റെക്കോർഡായിരുന്നു ഇത്. ഈ മാസം 11 ന് രേഖപ്പെടുത്തിയ 5024 മെഗാവാട്ടെന്ന സർവകാല റെക്കോഡാണ് ഇന്നലത്തെ 5066 മെഗാവാട്ട് ഉപയോഗത്തിലൂടെ മറികടന്നത്. തുടർച്ചയായ മൂന്നാം ദിവസവും കേരളത്തിലെ മൊത്ത വൈദ്യുതി ഉപയോഗം 100 ദശലക്ഷം യൂണിറ്റ് കടക്കുകയും ചെയ്തു. ഇന്നലത്തെ മൊത്തം ഉപയോഗം 101.84 ദശലക്ഷം യൂണിറ്റാണ് രേഖപ്പെടുത്തിയത്.
സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം തുടർച്ചയായ ദിവസങ്ങളിൽ 100 ദശലക്ഷം യൂണിറ്റ് കടന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ സ്ഥിതി ഗുരുതരമാകുമെന്ന മുന്നറിയിപ്പുകൾക്കിടയിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം ചേരുന്നുണ്ട്. സംസ്ഥാനത്തെ വൈദ്യുതി സാഹചര്യം രൂക്ഷമാകുന്നുവെന്ന് കാട്ടി വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി മുഖ്യമന്ത്രിക്ക് കത്ത് നൽകിയതിന്‍റെ അടിസ്ഥാനത്തിലാണ് യോഗം ചേരുന്നത്. ഈ യോഗത്തിൽ വൈദ്യുതി ഉപയോഗത്തിൽ നിയന്ത്രണങ്ങളുണ്ടാകുമോ എന്നതാണ് കണ്ടറിയേണ്ടത്.
