കേരളത്തിൽ ഈ തെരഞ്ഞെടുപ്പോടെ മൂന്നാം ബദൽ ഉണ്ടാകുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്. എൻഡിഎ കേരളത്തിൽ നിർണായക ശക്തിയാകുമെന്ന് പ്രതികരണം

കോഴിക്കോട്: കേരളത്തിൽ ഈ തെരഞ്ഞെടുപ്പോടെ മൂന്നാം ബദൽ ഉണ്ടാകുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്. എൻഡിഎ കേരളത്തിൽ നിർണായക ശക്തിയാകുമെന്നും മതസാമുദായിക വർഗീയ ശക്തികൾക്ക് ഈ തെരഞ്ഞെടുപ്പിൽ തിരിച്ചടി കിട്ടുമെന്നും എംടി രമേശ് പറഞ്ഞു. വോട്ടിന് നോട്ട് ആരോപണത്തിനുമേല്‍ മാധ്യമപ്രവർത്തകർ ചോദിച്ച ചോദ്യങ്ങൾക്കും അദ്ദേഹം പ്രതികരിച്ചു. ബിജെപി അങ്ങനെ ആളുകളെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും ആരോപണം ഉന്നയിക്കുന്നവർ തെളിവ് കൈമാറണം, അന്വേഷണം നടക്കട്ടെ, അന്വേഷണത്തിൽ സത്യം പുറത്തുവരട്ടെ. ദൃശ്യങ്ങൾ ഇന്നത്തെ കാലത്ത് എങ്ങനെയും ചിത്രീകരിക്കപ്പെടാം. പണം കൊടുത്ത് സ്വാധീനിക്കാൻ ബിജെപി ശ്രമിച്ചിട്ടില്ല. ശോഭ സുരേന്ദ്രൻ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. ശോഭയുടെയും കോൺഗ്രസിന്‍റെയും പരാതി അന്വേഷിക്കട്ടെ. പാലക്കാട് ബിജെപി ജയിക്കാൻ പോകുന്നതിന്‍റെ വേവലാതിയാണ്. യുഡിഎഫിനും എൽഡിഎഫിനും സമനിലതെറ്റി. ശോഭ സുരേന്ദ്രൻ വൻ ഭൂരിപക്ഷത്തിന് ജയിക്കും എന്നും എംടി രമേശ് പറഞ്ഞു.

പാലക്കാട് സ്ഥാനാർഥി ശോഭ സുരേന്ദ്രൻ ഏപ്രിൽ 8 ന് പാലക്കാട് കണ്ണാടി പഞ്ചായത്തിലെ തെരുവക്കുറിശ്ശി ഭാഗത്ത് വോട്ടർമാരെ സ്വാധീനിക്കാൻ പണം വിതരണം ചെയ്തു എന്നാണ് കോൺഗ്രസ് വീഡിയോ പുറത്ത് വിട്ട് ആരോപിച്ചത്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം ഉടൻ തന്നെ ഫ്ലൈയിംഗ് സ്ക്വാഡിനെ സ്ഥലത്തേക്ക് അയച്ചിരുന്നു. ​മാധ്യമങ്ങളിൽ പരാമർശിക്കപ്പെട്ട കണ്ണാടി സ്വദേശിനി ദേവുവിന്റെ (65) മൊഴി ഫ്ലൈയിംഗ് സ്ക്വാഡ് രേഖപ്പെടുത്തി. എന്നാൽ തനിക്ക് പണം ലഭിച്ചിട്ടില്ലെന്ന് അവർ മൊഴി നൽകിയിട്ടുണ്ട്. പ്രധാന സാക്ഷി പണം ലഭിച്ചെന്ന ആരോപണം നിഷേധിച്ചെങ്കിലും, സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കൂടുതൽ വിശദമായ അന്വേഷണം ആവശ്യമാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർ ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ജനപ്രാതിനിധ്യ നിയമത്തിന്റെയും പെരുമാറ്റച്ചട്ടത്തിന്റെയും ലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. ​തിരഞ്ഞെടുപ്പ് നിരീക്ഷകർക്കും പൊലീസ് വിഭാഗത്തിനും റിപ്പോർട്ടിന്റെ പകർപ്പ് ജില്ലാ കളക്ടർ നൽകിയിട്ടുണ്ട്. റിപ്പോർട്ട് പരിശോധിച്ച് ശേഷം കൂടുതൽ നടപടികൾ സ്വീകരിക്കുന്നതാണെന്ന് അദ്ദേഹം അറിയിച്ചു.

YouTube video player