കേരളത്തിൽ ഭരണത്തുടർച്ചയോ ഭരണമാറ്റമോ എന്ന് ഉറ്റുനോക്കുമ്പോൾ, മുന്നണികളുടെ വിധി നിർണ്ണയിക്കാൻ സാധ്യതയുള്ള ഇരുപതോളം നിർണ്ണായക മണ്ഡലങ്ങളുണ്ട്. എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ മുന്നണികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ മണ്ഡലങ്ങളിലെ ശക്തമായ ത്രികോണ മത്സരങ്ങളും ജയപരാജയ സാധ്യതകളും വിശദമായി നോക്കാം
തിരുവനന്തപുരം: അടുത്ത 5 വർഷം ആര് ഭരിക്കും? വോട്ടെണ്ണൽ തുടങ്ങാൻ മണിക്കൂറുകൾ ബാക്കിയുള്ളപ്പോൾ കേരളം ഒന്നാകെ ചോദിക്കുകയാണ്. ഭരണത്തുടർച്ചയോ? ഭരണമാറ്റമോ? ഒരു മാസത്തോളം നീണ്ട ഉദ്വേഗം നിറഞ്ഞ കാത്തിരിപ്പിന് നാളെ വിരാമമാകുന്നു. എക്സിറ്റ് പോളുകൾ നൽകുന്ന പ്രവചനങ്ങളുടെ ആത്മവിശ്വാസത്തിൽ മികച്ച ഭൂരിപക്ഷത്തോടെ അധികാരം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് യു ഡി എഫ്. എന്നാൽ നേരിയ ഭൂരിപക്ഷത്തിലെങ്കിലും ഭരണം നിലനിർത്താമെന്ന് എൽ ഡി എഫും ഉറച്ച് വിശ്വസിക്കുന്നു. വീണ്ടും അക്കൗണ്ട് തുറക്കുമെന്നും ഒന്നിലേറെ സീറ്റിൽ വിജയക്കൊടി പാറിക്കുമെന്നുമാണ് ബി ജെ പി അവകാശവാദം. മനക്കണക്കുകൾ എന്തൊക്കെ ആയാലും എങ്ങോട്ടേക്കും തിരിയാവുന്ന ഇരുപതോളം വരുന്ന മണ്ഡലങ്ങളാകും മുന്നണികളുടെ പ്രതീക്ഷകളുടെ വിധി നിർണയിക്കുക. ഈ മണ്ഡലങ്ങളിലെ ജയപരാജയ സാധ്യതകളാകും കേരളത്തിന്‍റെ ഭാവി തീരുമാനിക്കുക എന്ന് ഉറപ്പാണ്.
1 നേമം
കേരളത്തിലാദ്യമായി ബി ജെ പി അക്കൗണ്ട് തുറന്ന മണ്ഡലമായ നേമത്തി ഇക്കുറിയും ശക്തമായ തൃകോണ മത്സരം തന്നെയാണ്. ബി ജെ പി അക്കൗണ്ട് കഴിഞ്ഞ തവണ പൂട്ടിക്കെട്ടിയ വി ശിവൻ കുട്ടി തന്നെയാണ് ഒരിക്കൽ കൂടി ചെങ്കൊടി പാറിക്കാൻ ഇറങ്ങിയിട്ടുള്ളത്. ആദ്യം തന്നെ സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിച്ച സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് നേമത്ത് വീണ്ടും താമര വിരിയിക്കാൻ ഇറങ്ങിട്ടുള്ളത്. അരുവിക്കര മുൻ എം എൽ എയായിരുന്ന കെ എസ് ശബരിനാഥനാണ് കോൺഗ്രസ് സ്വപ്നങ്ങൾ പൂവണിയിക്കാനെത്തിയിരിക്കുന്നത്. 2021 ൽ കുമ്മനം രാജശേഖരനെ ശിവൻ കുട്ടി തോൽപ്പിച്ചത് 3949 വോട്ടിനായിരുന്നു. 2021 ൽ 1,46,017 വോട്ടുകൾ പോൾ ചെയ്ത മണ്ഡലത്തിൽ ഇക്കുറി 1,38,004 പേരാണ് ജനവിധി കുറിച്ചത്. പോളിങ് ശതമാനം 80.62.
2 കഴക്കൂട്ടം
സംസ്ഥാനത്ത് ഏറ്റവും ശക്തമായ തൃകോണ പോരാട്ടം നടന്ന മറ്റൊരു മണ്ഡലമാണ് കഴക്കൂട്ടം. സിറ്റിംഗ് എം എൽ എയും മുൻ മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രൻ എൽ ഡി എഫിനായും ശരത്ചന്ദ്ര പ്രസാദ് യു ഡി എഫിനായും മുൻ കേന്ദ്ര മന്ത്രി വി മുരളീധരൻ എൻ ഡി എക്കായും അരയും തലയും മുറുക്കി രംഗത്തെത്തിയതോടെ മണ്ഡലത്തിലെ പോരാട്ടം അത്രത്തോളം ശക്തമായിരുന്നു. 2021 ൽ ശോഭ സുരേന്ദ്രനെ 23,497 വോട്ടിനാണ് കടകംപള്ളി സുരേന്ദ്രൻ തോൽപ്പിച്ചത്. 2021 ൽ പോൾചെയ്ത വോട്ട് 1,38,325 ആയിരുന്നെങ്കിൽ 2026 ൽ പോൾചെയ്ത വോട്ട് 1,29,378 ആണ്. പോളിങ് ശതമാനം 78.62.
3 ഏറ്റുമാനൂർ
ഏറ്റുമാനൂരിനെ കോട്ടയത്തെ ചെങ്കൊട്ടയാക്കിയ വി എൻ വാസവനാണ് ഇക്കുറിയും എൽ ഡി എഫിനായി പോരിനിറങ്ങിയിട്ടുള്ളത്. നാട്ടകം സുരേഷിലൂടെ യു ഡി എഫും ആതിര ഡി നായരിലൂടെ എൻ ഡി എയും മണ്ഡലത്തിൽ വിജയിച്ചുകയറാം എന്ന് സ്വപ്നം കാണുന്നു. 2021 ൽ വി എൻ വാസവൻ ജയിച്ചത് 14,303 വോട്ടിനായിരുന്നു. 2021 ൽ 126167 വോട്ടുകളാണ് പോൾ ചെയ്തതെങ്കിൽ ഇക്കുറി 120723 പേരാണ് വിധി എഴുതിയത്. പോളിങ് ശതമാനം 76.09.
3 പയ്യന്നൂർ
എല്ലാക്കാലത്തും സി പി എമ്മിന്‍റെ ഉരുക്കുകോട്ടയായ പയ്യന്നൂർ ഇക്കുറി ഇളകുമോ എന്നതാണ് കേരളം ഉറ്റുനോക്കുന്നത്. സിറ്റിംഗ് എം എൽ എയായ ടി ഐ മധുസൂദനൻ ഒരിക്കൽ കൂടി ചെങ്കൊടി പാറിക്കാൻ ഇറങ്ങിയ പയ്യന്നൂരിൽ, രക്തസാക്ഷി ഫണ്ട് വിവാദം ഉയർത്തി പാർട്ടിയോട് കലഹിച്ച് പുറത്തിറങ്ങിയ വി കുഞ്ഞികൃഷ്ണനാണ് എതിരാളി. കുഞ്ഞികൃഷ്ണനിലൂടെ മണ്ഡലം പിടിച്ചെടുക്കാമെന്നാണ് പിന്തുണ പ്രഖ്യാപിച്ച യു ഡി എഫ് നേതൃത്വത്തിന്‍റെ പ്രതീക്ഷ. എ പി ഗംഗാധരനാണ് എൻ ഡി എ സ്ഥാനാർഥി. 2021 ൽ ടി ഐ മധുസൂദനൻ ജയിച്ചത് 49780 വോട്ടുകൾക്കായിരുന്നു. 2021 ൽ പോൾചെയ്ത വോട്ടുകൾ 149945 ആയിരുന്നെങ്കിൽ ഇക്കുറി 152049 ആയി ഉയർന്നു. പോളിങ് ശതമാനം 80.48.
4 ഇടുക്കി
ഇടുക്കിയിലാണ് ഇക്കുറി വലിയൊരു പോരാട്ടം നടക്കുന്നത്. കാൽനൂറ്റാണ്ട് പിന്നിട്ട റോഷി അഗസ്റ്റിന്‍റെ പടയോട്ടത്തിന് ഇക്കുറി റോയ് കെ പൗലോസ് കടിഞ്ഞാൺ ഇടുമോ എന്നതാണ് കണ്ടറിയേണ്ടത്. കൈപ്പത്തി ചിഹ്നത്തിൽ ഒരു സ്ഥാനാർഥി വർഷങ്ങൾക്ക് ശേഷം എത്തിയെന്നതാണ് കോൺഗ്രസിന്‍റെ വിജയ പ്രതീക്ഷയുടെ കാരണം. പ്രദീഷ് പ്രഭയാണ് എൻ ഡി എ സ്ഥാനാർഥി. 2021 ൽ ഫ്രാൻസിസ് ജോർജിനെ 5,573 വോട്ടുകൾക്കാണ് റോഷി പരാജയപ്പെടുത്തിയത്. 2021 ൽ പോൾചെയ്ത വോട്ട് 1,31,351 ആയിരുന്നെങ്കിൽ 2026 ൽ പോൾചെയ്ത വോട്ട് 1,26,541 ആണ്. പോളിങ് ശതമാനം 75.4.
5 ബേപ്പൂർ
ബേപ്പൂരിനെ ഇടതുകോട്ടയാക്കി നിലനിർത്താൻ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസാണ് വീണ്ടും ഇറങ്ങിയിട്ടുള്ളത്. സി പി എമ്മിനോട് കലഹിച്ച് പുറത്തിറങ്ങിയ പി വി അൻവർ എതിരാളിയായി എത്തിയതോടെയാണ് മണ്ഡലത്തിൽ പോര് കനത്തത്. ജയിച്ചില്ലെങ്കിൽ മൊട്ടയടിക്കുമെന്ന അൻവറിന്‍റെ വെല്ലുവിളിയടക്കം ബേപ്പൂരിന്‍റെ അന്തരീക്ഷത്തിലുണ്ട്. കെ പി പ്രകാശ് ബാബുവാണ് എൻ ഡി എ സ്ഥാനാർഥി. 2021 ൽ മുഹമ്മദ് റിയാസ് വിജയിച്ചത് 28,747 വോട്ടിനായിരുന്നു. 2021 ൽ പോൾചെയ്ത വോട്ട് 1,65,210 ആയിരുന്നെങ്കിൽ 2026 ൽ പോൾചെയ്ത വോട്ട് 1,83,094 ആണ്. പോളിങ് ശതമാനം 83.77.
6 തൃശ്ശൂർ
തൃശൂരിൽ ആര് തിടമ്പേറ്റുമെന്നതാണ് പ്രധാന ചോദ്യം. ആലങ്കോട് ലീലാകൃഷ്ണനും രാജൻ ജെ പല്ലനും പത്മജ വേണുഗോപാലും തമ്മിലാണ് പോരാട്ടം. 2021 ൽ പി ബാലചന്ദ്രൻ, യു ഡി എഫ് സ്ഥാനാർഥിയായിരുന്ന പത്മജയെ തോൽപ്പിച്ചത് കേവലം 946 വോട്ടിനായിരുന്നു. അതേ പത്മജയാണ് ഇക്കുറി എൻ ഡി എ സ്ഥാനാർഥിയായി എത്തിയിരിക്കുന്നത്. 2021 പോൾചെയ്ത വോട്ട് 1,29,237 ആയിരുന്നെങ്കിൽ 2026 ൽ പോൾചെയ്ത വോട്ട് 1,22,048 ആണ്. പോളിങ് ശതമാനം 75.7.
7 പത്തനാപുരം
പത്തനാപുരമാണ് ഇക്കുറി ശ്രദ്ധേയമായ പോരാട്ടം നടന്ന മണ്ഡലം. കെ ബി ഗണേഷ് കുമാറിനെ ജ്യോതികുമാർ ചാമക്കാല അട്ടിമറിക്കുമെന്ന യു ഡി എഫ് അവകാശവാദം ഫലം കാണുമോ എന്നത് കണ്ടറിയണം. എസ് അനിൽ കുമാറാണ് എൻ ഡി എ സ്ഥാനാർഥി. 2021 ൽ ഗണേഷ് കുമാറിന്റെ വിജയം 14,336 വോട്ടിനായിരുന്നു. 2021 ൽ പോൾചെയ്ത വോട്ട് 1,37,036 ആയിരുന്നെങ്കിൽ 2026 ൽ പോൾചെയ്ത വോട്ട് 1,35,143 ആണ്. പോളിങ് ശതമാനം 75.17.
8 കളമശ്ശേരി
കളമശ്ശേരിയിൽ കേമൻ ആരാകും എന്നതാണ് കേരളത്തിന്‍റെ മറ്റൊരു ചോദ്യം. മന്ത്രി പി രാജീവ് എൽ ഡി എഫിന് വേണ്ടി ഒരിക്കൽ കൂടി പോരിനിറങ്ങിയപ്പോൾ, അഡ്വ. വി ഇ അബ്ദുൾ ഗഫൂറാണ് യു ഡി എഫ് സ്ഥാനാർഥി. എം പി ബിനുവാണ് എൻ ഡി എ സ്ഥാനാർഥി. 2021 ൽ പി രാജീവ് ജയിച്ചത് 15,336 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു. 2021 ൽ പോൾ ചെയ്ത വോട്ട് 1,55,863 ആയിരുന്നെങ്കിൽ 2026 ൽ പോൾചെയ്ത വോട്ട് 1,61,327 ആണ്. പോളിങ് ശതമാനം 81.59.
9 തൃത്താല
മന്ത്രി എം ബി രാജേഷും മുൻ എം എൽ എ വി ടി ബൽറാമും തമ്മിലുള്ള പോരാട്ടം സംസ്ഥാന ശ്രദ്ധയാകർഷിക്കുന്നതാണ്. വി ഉണ്ണിക്കൃഷ്ണനാണ് എൻ ഡി എ സ്ഥാനാർഥി. 2021 ൽ എം ബി രാജേഷിന്റെ വിജയം 3016 വോട്ടിനായിരുന്നു. 2021 പോൾചെയ്ത വോട്ട് 1,52311 ആയിരുന്നെങ്കിൽ 2026 ൽ പോൾചെയ്ത വോട്ട് 1,60373 ആണ്. പോളിങ് ശതമാനം 78.73.
11 തവനൂർ
കെ ടി ജലീലും വി എസ് ജോയിയും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടത്തിൽ ആര് ജയിച്ചുകയറും എന്നത് സംസ്ഥാനം ഉറ്റുനോക്കുകയാണ്. രവി തേലത്താണ് എൻ ഡി എ സ്ഥാനാർഥി. 2021 ൽ ജലീൽ ജയിച്ചത് 2564 വോട്ടിനായിരുന്നു. 2021 പോൾചെയ്ത വോട്ട് 151428 ആയിരുന്നെങ്കിൽ 2026 ൽ പോൾചെയ്ത വോട്ട് 163390 ആണ്. പോളിങ് ശതമാനം 78.26.
12 പേരാവൂർ
പേരാവൂർ പോരിൽ ആര് വിജയിക്കും എന്നതും കേരള ജനത ഉറ്റുനോക്കുകയാണ്. മുൻ മന്ത്രി കെ കെ ശൈലജയെ മണ്ഡലം പിടിക്കാനായി എൽ ഡി എഫ് നിയോഗിച്ചപ്പോൾ കെ പി സി സി അധ്യക്ഷൻ കൂടിയായ സണ്ണി ജോസഫ് വിജയ പരമ്പരയാണ് ലക്ഷ്യമിടുന്നത്. പൈലി വാതിയാട്ടാണ് എൻ ഡി എ സ്ഥാനാർഥി. 2021ൽ സണ്ണി ജോസഫിന്റെ വിജയം 3172 വോട്ടിനായിരുന്നു. 2021 പോൾ ചെയ്ത വോട്ട് 1,42138 ആയിരുന്നെങ്കിൽ 2026 ൽ പോൾചെയ്ത വോട്ട് 1,44271 ആണ്. പോളിങ് ശതമാനം 79.10.
13 മഞ്ചേശ്വരം
സംസ്ഥാനത്ത് ഏറ്റവും ശക്തമായ തൃകോണ പോരാട്ടം നടന്ന മറ്റൊരു മണ്ഡലമാണ് മഞ്ചേശ്വരം. കെ ആർ ജയാനന്ദ എൽ ഡി എഫിനായും എ കെ എം അഷ്റഫ് യു ഡി എഫിനായും കെ സുരേന്ദ്രൻ എൻ ഡി എക്കായും പോരാട്ടത്തിനിറങ്ങിയപ്പോൾ അക്ഷരാർത്ഥത്തിൽ മണ്ഡലം തിളച്ചുമറിഞ്ഞു. 2021 ൽ എ കെ എം അഷ്റഫ് 745 വോട്ടിനാണ് കെ സുരേന്ദ്രനെ തോൽപ്പിച്ചത്. 2021 പോൾ ചെയ്ത വോട്ട് 1,72,426 ആയിരുന്നെങ്കിൽ 2026 ൽ പോൾചെയ്ത വോട്ട് 1,86476 ആണ്. പോളിങ് ശതമാനം 81.04.
14 ആറന്മുള
വീണ ജോർജ് എൽ ഡി എഫിനായും അബിൻ വർക്കി യു ഡി എഫിനായും കുമ്മനം രാജശേഖരൻ എൻ ഡി എക്കായും പോരാട്ടത്തിനിറങ്ങിയ ആറന്മുളയിൽ ആര് ജയിക്കും എന്നത് കണ്ടറിയണം. 2021 ൽ ശിവദാസൻ നായരെ വീണ ജോർജ് തോൽപ്പിച്ചത് 19,003 വോട്ടിനായിരുന്നു. 2021 പോൾചെയ്ത വോട്ട് 1,61,866 ആയിരുന്നെങ്കിൽ 2026 ൽ പോൾചെയ്ത വോട്ട് 153840 ആണ്. പോളിങ് ശതമാനം 71.50.
15 കുന്നത്തുനാട്
കുന്നത്തുനാട്ടിലാണ് മറ്റൊരു ശ്രദ്ധേയ പോരാട്ടം നടക്കുന്നത്. പി വി ശ്രീനിജിനും വി പി സജീന്ദ്രനും ബാബു ദിവാകരനും തമ്മിലുള്ള പോരാട്ടം കനത്തതായിരുന്നു. 2021 ൽ വി പി സജീന്ദ്രൻ, പി വി ശ്രീനിജനോട് തോറ്റത് കേവലം 2,715 വോട്ടിനായിരുന്നു.
16 പാലാ
ഇത്തവണ കനത്ത പോരാട്ടം നടന്ന മറ്റൊരു മണ്ഡലമാണ് പാല. ജോസ് കെ മാണി എൽ ഡി എഫിനായും മാണി സി കാപ്പൻ യു ഡി എഫിനായും ഷോണ്‍ ജോർജ് എൻ ഡി എക്കായും പോരാട്ടത്തിനിറങ്ങി. 2021 ൽ മാണി സി കാപ്പൻ, ജോസ് കെ മാണിയെ പരാജയപ്പെടുത്തിയത് 15,378 വോട്ടിനായിരുന്നു. 2021 പോൾചെയ്ത വോട്ട് 1,38,431 ആയിരുന്നെങ്കിൽ 2026 ൽ പോൾചെയ്ത വോട്ട് 1,32,561 ആണ്. പോളിങ് ശതമാനം 75.07.
17 തളിപ്പറമ്പ്
സി പി എമ്മിന്‍റെ ഉരുക്കുകോട്ടയായ തളിപ്പറമ്പാണ് ഇക്കുറി കനത്ത മത്സരം നടന്ന മറ്റൊരു മണ്ഡലം. മണ്ഡലം നിലനിർത്താൻ പി കെ ശ്യാമളയെ എൽ ഡി എഫ് ഇറക്കിയപ്പോൾ, സി പി എമ്മുമായി കലഹിച്ച് പുറത്തുവന്ന ടി കെ ഗോവിന്ദനാണ് യു ഡി എഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥി. എൻ ഹരിദാസാണ് എൻ ഡി എ സ്ഥാനാർഥി.
18 പാലക്കാട്
പാലക്കാട് ആര് വിജയിച്ച് കയറുമെന്നതാണ് കേരളത്തിനറിയേണ്ട മറ്റൊരു കാര്യം. എൻ എം ആർ റസാഖ് എൽ ഡി എഫിനായും രമേശ് പിഷാരടി യു ഡി എഫിനായും ശോഭാ സുരേന്ദ്രൻ എൻ ഡി എ സ്ഥാനാർഥിയായും വലിയ പോരാട്ടമാണ് കാഴ്ചവെച്ചത്. 2021 ൽ ഷാഫി പറമ്പിൽ ജയിച്ചത് 3859 വോട്ടിനായിരുന്നു. ഇ ശ്രീധരനായിരുന്നു രണ്ടാം സ്ഥാനം. 2024 ൽ നടന്ന ഉപ തെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിൽ ജയിച്ചത് 18,840 വോട്ടിനായിരുന്നു.
19 അമ്പലപ്പുഴ
സംസ്ഥാന രാഷ്ട്രീയം ഉറ്റുനോക്കുന്ന അമ്പലപ്പുഴ ആരെടുക്കും എന്നതാണ് ഈ തിരഞ്ഞെടുപ്പിലെ മറ്റൊരു പ്രധാന ചോദ്യം. സി പി എമ്മിന്‍റെ മുതിർന്ന നേതാവായിരുന്ന ജി സുധാകരൻ പാർട്ടി ബന്ധം ഉപേക്ഷിച്ച് യു ഡി എഫ് സ്വതന്ത്ര സ്ഥാനാർഥിയായതാണ് പോരാട്ടം കടുപ്പിച്ചത്. സിറ്റിംഗ് എം എൽ എ എച്ച് സലാമിനെ തന്നെയാണ് എൽ ഡി എഫ് നിയോഗിച്ചിട്ടുള്ളത്. അരുണ്‍ അനിരുദ്ധനാണ് എൻ ഡി എ സ്ഥാനാർഥി. 2021 ൽ എം ലിജുവിനെ എച്ച് സലാം പരാജയപ്പെടുത്തിയത് 11,125 വോട്ടിനായിരുന്നു.
20 പേരാമ്പ്ര
പതിവില്ലാതെ ആവേശം അലയടിച്ചുയർന്ന തെരഞ്ഞെടുപ്പായിരുന്നു പേരാമ്പയിൽ ഇത്തവണത്തേത്. എൽ ഡി എഫ് കൺവീനർ ടി പി രാമകൃഷ്ണൻ പതിവില്ലാത്ത വെല്ലുവിളിയാണ് നേരിട്ടത്. ഫാത്തിമ തഹ്‍ലിയ മണ്ഡലത്തിൽ വിജയക്കൊടി പാറിക്കുമെന്നാണ് യു ഡി എഫ് നേതൃത്വം ഒന്നടങ്കം പറയുന്നത്. എം മോഹനൻ മാസ്റ്ററാണ് എൻ ഡി എ സ്ഥാനാർഥി. 2021 ൽ ടി പി രാമകൃഷ്ണൻ ജയിച്ചത് 22,592 വോട്ടിനായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

