കൊല്ലം കുന്നിക്കോട് ദേശീയപാതയിൽ ഹൈഡ്രോക്ലോറിക് ആസിഡ് കയറ്റിവന്ന ടാങ്കർ ലോറിയിൽ നിന്ന് ചോർച്ചയുണ്ടായി. അഗ്നിരക്ഷാസേനയുടെയും പോലീസിന്റെയും സമയോചിതമായ ഇടപെടൽ വലിയ ദുരന്തം ഒഴിവാക്കി. സംഭവത്തിൽ വിവിധ സർക്കാർ വകുപ്പുകൾ സംയുക്ത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കൊല്ലം: കുന്നിക്കോട് ദേശീയപാതയിൽ ആസിഡ് കയറ്റിവന്ന ടാങ്കർ ലോറിയിൽ നിന്ന് ചോർച്ചയുണ്ടായ സംഭവത്തിൽ വിവിധ വകുപ്പുകൾ സംയുക്ത അന്വേഷണം ആരംഭിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, കലക്ടറേറ്റിൽ നിന്നുള്ള പ്രത്യേക സംഘം, ഫാക്ടറീസ് ആൻഡ് ബോയ്‌ലേഴ്സ് വിഭാഗം, മലിനീകരണ നിയന്ത്രണ ബോർഡ്, മോട്ടോർ വാഹന വകുപ്പ് എന്നിവരടങ്ങിയ സംഘം സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. ചോർച്ചയുടെ കൃത്യമായ കാരണവും ടാങ്കറിന്റെ സുരക്ഷാ മാനദണ്ഡങ്ങളും സംഘം വിലയിരുത്തുന്നുണ്ട്. ചവറ കെ.എം.എം.എല്ലിൽ നിന്നുള്ള വിദഗ്ധരും അന്വേഷണ സംഘത്തോടൊപ്പമുണ്ട്.

തിങ്കളാഴ്ച പുലർച്ചെ മൂന്നരയോടെയാണ് കുന്നിക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം അപകടമുണ്ടായത്. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ നിന്നും കൊച്ചി ഏലൂരിലേക്ക് 25 ടൺ ഹൈഡ്രോക്ലോറിക് ആസിഡുമായി പോയ ടാങ്കറിലാണ് ചോർച്ച കണ്ടത്. ഡ്രൈവർ ടാങ്കർ റോഡരികിൽ നിർത്തി ഉറങ്ങുന്നതിനിടെ പുകപടലം പോലെ ആസിഡ് പുറത്തേക്ക് ഒഴുകുന്നത് സമീപത്തെ കടയിലെ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇവരാണ് ഡ്രൈവറെ വിവരമറിയിച്ചത്. തുടർന്ന് പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി യുദ്ധകാലാടിസ്ഥാനത്തിൽ പ്രതിരോധ നടപടികൾ സ്വീകരിച്ചു.
മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ചോർച്ച പൂർണ്ണമായും അടയ്ക്കാനായത്. റോഡിലേക്ക് ഒഴുകിയ ആസിഡ് അഗ്നിരക്ഷാസേന രാസവസ്തുക്കൾ ഉപയോഗിച്ച് നിർവീര്യമാക്കി. ആസിഡ് സമീപത്തെ ജലാശയങ്ങളിലേക്ക് പടരാതിരിക്കാൻ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തടയണകൾ നിർമ്മിച്ച് മണ്ണിട്ടു മൂടി. ടാങ്കറിലുണ്ടായിരുന്ന ആസിഡ് ഭാഗികമായി മറ്റൊരു ടാങ്കറിലേക്ക് മാറ്റുകയും സുരക്ഷിതമായ ഇടത്തേക്ക് വാഹനം മാറ്റുകയും ചെയ്തതോടെയാണ് പ്രദേശത്തെ വലിയൊരു ദുരന്ത ഭീഷണി ഒഴിവായത്.


