ബംഗാള്‍ ഉള്‍ക്കടലില്‍ അടുപ്പിച്ചുണ്ടാകുന്ന ന്യൂന മര്‍ദ്ദത്തിന് പിന്നാലെ അറബികടലിലും ന്യൂന മര്‍ദ്ദം രൂപപ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് പരക്കെ മഴയ്ക്ക് (Rain) സാധ്യത. ഇടുക്കി പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് (0range Alert) പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം ആലപ്പുഴ ഒഴിയെയുള്ള ജില്ലകളില്‍ ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. ഇവിടങ്ങളില്‍ യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്.
നാളെ മലപ്പുറം ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് നിലവിലുണ്ടാകും. ഇടിയും മിന്നലും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശമുണ്ട്. നാളെ വരെ കേരള കര്‍ണാടക തീരങ്ങളില്‍ മത്സ്യ ബന്ധനത്തിന് പോകരുത് എന്നാണ് മുന്നറിയിപ്പ്.
ബംഗാള്‍ ഉള്‍ക്കടലില്‍ അടുപ്പിച്ചുണ്ടാകുന്ന ന്യൂന മര്‍ദ്ദത്തിന് പിന്നാലെ അറബികടലിലും ന്യൂന മര്‍ദ്ദം രൂപപ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. തെക്കുകിഴക്കന്‍ അറബിക്കടലില്‍ കേരളത്തിന് സമീപം രൂപപ്പെട്ട ചക്രവാത ചുഴി നാളെക്കുള്ളില്‍ ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ട്.
ഷഹീന്‍ ചുഴലിക്കാറ്റ് യുഎഇയില്‍ ജാഗ്രത നിര്‍ദേശം
ഷഹീന്‍ ചുഴലിക്കാറ്റിന്റെ(Cyclone Shaheen) പശ്ചാത്തലത്തില്‍ യുഎഇയില്‍(UAE) ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. മോശമായ കാലാവസ്ഥയില്‍ വീടിന് പുറത്തേക്ക് പോകുന്നത് ഒഴിവാക്കണമെന്നും സുരക്ഷ കണക്കിലെടുത്ത് വളരെ അടിയന്തര സാഹചര്യങ്ങളില്‍ മാത്രമേ ജനങ്ങള്‍ പുറത്തേക്കിറങ്ങാവൂ എന്നും നാഷണല്‍ എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് അതോറിറ്റിയും ആഭ്യന്തര മന്ത്രാലയവും ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
നിലവിലെ കാലാവസ്ഥ പരിഗണിച്ച് അല്‍ ഐനില്‍ അധികൃതര്‍ ചില മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതനുസരിച്ച് അല്‍ ഐനില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും കമ്പനികളിലെയും ജീവനക്കാര്‍ ഒക്ടോബര്‍ നാല്, തിങ്കളാഴ്ച വീട്ടിലിരുന്ന് ജോലി ചെയ്താല്‍ മതിയാകും. കൊവിഡ് പരിശോധന, വാക്‌സിനേഷന്‍ ടെന്റുകള്‍ അടച്ചു. സ്വകാര്യ കമ്പനികളില്‍ പരമാവധി ജീവനക്കാരെ കുറയ്ക്കണമെന്നും വിദൂര സംവിധാനത്തിലൂടെ പ്രവര്‍ത്തിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
ജബല്‍ ഹഫീതിലേക്കുള്ള പ്രവേശനം നിര്‍ത്തിവെച്ചു. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ജനങ്ങള്‍ വീടുവിട്ട് പുറത്തുപോകരുത്. ചുഴലിക്കാറ്റ് വീശാനിടയുള്ള റെസിഡന്‍ഷ്യല്‍ ഏരിയകള്‍ അധികൃതര്‍ വിലയിരുത്തി ആവശ്യമെങ്കില്‍ താമസക്കാരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റും. അടിയന്തര സാഹചര്യങ്ങളുണ്ടായാല്‍ 999 എന്ന നമ്പരില്‍ ബന്ധപ്പെടണമെന്ന് അധികൃതര്‍ വ്യക്തമാക്കി.
