ഇടതുപക്ഷം  ഉയർത്തിപ്പിടിച്ച നിലപാടുകളെ സാധൂകരിക്കുന്ന വിധി.രാജ്യത്തെ നികുതി ഘടനയിലും കേന്ദ്ര സംസ്ഥാന ബന്ധങ്ങളിലും ദൂരവ്യാപകമായ സ്വാധീനം ചെലുത്തുമെന്നും സംസ്ഥാന ധനമന്ത്രി

തിരുവനന്തപുരം:ജി എസ്ടി കൗണ്‍സിലിന്‍റെ ശുപാർശകള്‍ നടപ്പാക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനും ബാധ്യതയില്ലെന്ന സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് സംസ്ഥാന ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. ജി.എസ്. ടി കൗൺസിലിന്റെ നികുതി സംബന്ധിച്ചുള്ള ശുപാർശകൾ അടിച്ചേൽപ്പിക്കാൻ കഴിയുന്നവയല്ലെന്നും മറിച്ച് ഉപദേശരൂപത്തിലുള്ളതാണെന്നുമുള്ള ഈ വിധിയിലൂടെ സംസ്ഥാനത്തിന്റെ ഫെഡറൽ അവകാശങ്ങൾ സംരക്ഷിക്കാൻ കഴിയും. വിധി കോപ്പറേറ്റീവ് ഫെഡറലിസത്തിന്റെ പ്രസക്തി ഉയർത്തിപ്പിടിക്കുന്നു. ജി എസ് ടി നടപ്പിലാക്കാൻ നടപടികൾ തുടങ്ങിയ കാലം മുതൽ പാർലമെന്റിനകത്തും പുറത്തും ഇടതുപക്ഷം ഉയർത്തിപ്പിടിച്ച നിലപാടുകളെ സാധൂകരിക്കുന്ന വിധിയാണ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബഞ്ച് പുറപ്പെടുവിച്ചിരിക്കുന്നത്.

Also Read:GST council:നിര്‍ണായക വിധിയുമായി സുപ്രീംകോടതി

ജി എസ് ടി നടപ്പിലാക്കുകയും തുടർന്ന് ഏകപക്ഷീയമായി തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുകയും ചെയ്തത് സംസ്ഥാനങ്ങളുടെ വരുമാനത്തെയും ഖജനാവിനെയും ബാധിച്ചിരുന്നു. സംസ്ഥാനങ്ങൾക്ക് അവരുടെ സാമ്പത്തിക അസ്തിത്വത്തെയും അധികാരത്തെയും ഒരു പരിധിവരെ സംരക്ഷിക്കാൻ ഇതിലൂടെ കഴിയും എന്നാണ് പ്രത്യാശിക്കുന്നത്. പാർലമെന്റ് അംഗമെന്ന നിലയിൽ ജി എസ് ടി സെലക്ട്‌ കമ്മിറ്റിയിൽ അംഗമായിരുന്ന ഘട്ടത്തിൽ തന്നെ ജി എസ് ടി ബില്ലിലെ സംസ്ഥാന താല്പര്യങ്ങൾക്ക് എതിരായ വ്യവസ്ഥകൾ ചൂണ്ടിക്കാട്ടിയിരുന്നു. ഈ വിധിയിലൂടെ കുറേക്കൂടി സുതാര്യമായി സംസ്ഥാനത്തിന്റെ താൽപര്യങ്ങൾ സംരക്ഷിച്ചുകൊണ്ടുള്ള തീരുമാനങ്ങൾ രാജ്യത്ത് ഉണ്ടാകും എന്ന് പ്രതീക്ഷിക്കാമെന്നും ധനമന്ത്രി പ്രസ്താവനയില്‍ അറിയിച്ചു.

YouTube video player