ഹരിപ്പാട്, വീയപുരം തുടങ്ങിയ പ്രദേശങ്ങളിൽ നടത്തിയ ഉൾനാടൻ പട്രോളിംഗിൽ നിയമലംഘകർക്ക് നോട്ടീസ് നൽകുകയും അനധികൃത മത്സ്യക്കൂടുകൾ നശിപ്പിക്കുകയും ചെയ്തു. മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ കർശന നടപടികൾ.
ഹരിപ്പാട്: തെക്കുപടിഞ്ഞാറൻ കാലവർഷത്തിന്റെ തുടക്കത്തോടെ പ്രജനനത്തിനായി പുഴകളിൽനിന്നും തോടുകളിലേക്കും പാടശേഖരങ്ങളിലേക്കും ഒഴുക്കിനെതിരെ സഞ്ചരിക്കുന്ന നാടൻ മത്സ്യങ്ങളെ ലക്ഷ്യമിട്ട് നടക്കുന്ന അനധികൃത മത്സ്യബന്ധനത്തിനെതിരെ ഫിഷറീസ് വകുപ്പ് ശക്തമായ നടപടികൾ ആരംഭിച്ചു. 'ഊത്തകയറ്റം' എന്നറിയപ്പെടുന്ന ഈ സമയത്ത് വയർ നിറയെ മുട്ടകളുമായി എത്തുന്ന മത്സ്യങ്ങളെയും ചെറുമത്സ്യങ്ങളെയും പിടിക്കുന്നത് മത്സ്യസമ്പത്തിന്റെ നിലനില്പിന് കടുത്ത ഭീഷണിയാണെന്ന് അധികൃതർ വ്യക്തമാക്കി.
സ്വാഭാവിക സഞ്ചാരം തടസ്സപ്പെടുത്തി തൂമ്പിൽ വലകളും കൂടുകളും സ്ഥാപിച്ച് മീൻപിടിക്കുന്നതും, 20 മില്ലിമീറ്ററിൽ താഴെ കണ്ണിവലുപ്പമുള്ള വലകൾ ഉപയോഗിക്കുന്നതും, വിഷം, വൈദ്യുതി, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കുന്നതും നിയമവിരുദ്ധമാണ്. ഇത്തരം പ്രവൃത്തികൾ പ്രോത്സാഹിപ്പിക്കുന്ന വീഡിയോകൾ പ്രചരിപ്പിക്കുന്നതും കുറ്റകരമാണെന്നും നിയമലംഘകർക്ക് പിഴയും തടവും ലഭിക്കുമെന്നും ഫിഷറീസ് വകുപ്പ് അറിയിച്ചു. അനധികൃത മത്സ്യബന്ധനം തടയുന്നതിന്റെ ഭാഗമായി ആലപ്പുഴ ഫിഷറീസ് വകുപ്പിന്റെയും തൃക്കുന്നപ്പുഴ മത്സ്യഭവന്റെയും നേതൃത്വത്തിൽ പള്ളിപ്പാട് നാലുകെട്ടുംചിറ, 28-ൽ കടവ്, വീയപുരം വള്ളക്കാലുകൾ എന്നിവിടങ്ങളിൽ പ്രത്യേക ഉൾനാടൻ പട്രോളിങ് നടത്തി.
പള്ളിപ്പാട് നാലുകെട്ടുംചിറയിലും 28-ൽ കടവിലും നടത്തിയ പരിശോധനയിൽ തൂമ്പിൽ വല സ്ഥാപിച്ച് ചെറുമത്സ്യങ്ങളെയും പ്രജനനക്ഷമതയുള്ള മത്സ്യങ്ങളെയും പിടിച്ച അഞ്ചു പേർക്ക് നോട്ടീസ് നൽകി. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഇവർക്കെതിരെ തുടർനടപടികൾ സ്വീകരിക്കും. വീയപുരം വള്ളക്കാലുകൾ പ്രദേശത്ത് അനധികൃതമായി സ്ഥാപിച്ചിരുന്ന നിരവധി മത്സ്യക്കൂടുകളും സംഘം നശിപ്പിച്ചു. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസര്‍ ശ്രുതി ജോ, അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസര്‍ സീതാലക്ഷ്മി, ഫിഷറീസ് ഓഫിസര്‍മാരായ അമൽ, വിസ്മയ, ഓഫിസ് അറ്റൻഡന്റ് ചന്ദുരാജ്, സാഗർമിത്ര ഹിലാൽ, മോട്ടിവേറ്റർ ബിന്റോ, സീ റെസ്ക്യൂ സ്ക്വാഡ് അംഗങ്ങളായ രാഹുൽ, ബാസ്റ്റിൻ, ഹരിപ്പാട് സി പി ഒ വൈശാഖ് നാഥ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.


