Asianet News MalayalamAsianet News Malayalam

പ്രളയ ഫണ്ട് തട്ടിപ്പ് കേസിൽ എറണാകുളം കളക്ട്രേറ്റ് ജീവനക്കാരൻ വിഷ്ണുപ്രസാദ് അറസ്റ്റിൽ

വഞ്ചന, ഫണ്ട് ദുർവിനിയോഗം, ഗുഢാലോചന, അഴിമതി എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. 10.54 ലക്ഷം രൂപ പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് തട്ടിയെടുത്തുവെന്നാണ് കേസ്. പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് വിഷ്ണുപ്രസാദിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്

Kerala Floods 2018 fraud accused section officer Vishnuprasad Arrested
Author
Ernakulam, First Published Mar 2, 2020, 4:14 PM IST

കൊച്ചി: പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്നും പത്തര ലക്ഷം തട്ടിപ്പ് നടത്തിയ കേസിൽ ജില്ലാ കളക്ട്രേറ്റിലെ ജീവനക്കാരൻ വിഷ്ണുപ്രസാദിനെ അറസ്റ്റ് ചെയ്തു. എറണാകുളം സിവിൽ സ്റ്റേഷനിലെ സെക്ഷൻ ഓഫീസറായിരുന്ന വിഷ്ണുപ്രസാദിനെ സസ്പെന്റ് ചെയ്തിരുന്നു. കേസിൽ സി പി എം തൃക്കാക്കരലോക്കൽ കമ്മിറ്റി അംഗമായിരുന്ന അൻവറും സഹായി മഹേഷും ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.

വഞ്ചന, ഫണ്ട് ദുർവിനിയോഗം, ഗുഢാലോചന, അഴിമതി എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. 10.54 ലക്ഷം രൂപ പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് തട്ടിയെടുത്തുവെന്നാണ് കേസ്. പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് വിഷ്ണുപ്രസാദിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

എറണാകുളം കാക്കനാട് നിലംപതിഞ്ഞ മുകളിൽ താമസിക്കുന്ന സിപിഎം തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റിയം​ഗം എം എം അൻവറിനാണ് ജില്ലാ ഭരണകൂടം പത്തര ലക്ഷം രൂപ പ്രളയ ദുരിതാശ്വാസമായി അനുവദിച്ചത്. ജനുവരി 24 നാണ് അയ്യനാട് സർവ്വീസ് സഹകരണ ബാങ്കിലേക്ക് ഒന്നേ മുക്കാൽ ലക്ഷം രൂപയുടെ അവസാന ​ഗഡു എത്തിയത്. ആകെ കിട്ടിയത് 10,54,000 രൂപയിൽ നിന്ന് അൻവർ അഞ്ച് ലക്ഷം രൂപ പിൻവലിക്കുകയും ചെയ്തു. സംഭവം വിവാദമായതോടെ ജില്ലാ കളക്ട‌ർ പണം തിരിച്ചുപിടിച്ചിരുന്നു.

പ്രളയം പോയിട്ട് നല്ല മഴപോലും കൃത്യമായി കിട്ടാത്ത നിലംപതിഞ്ഞ മുകളിൽ എങ്ങനെയാണ് അൻവറിന് പ്രളയ ധനസാഹയം കിട്ടുന്നതെന്ന് സംശയം തോന്നിയ സഹകരണ ബാങ്ക് അധികൃതർ, ജില്ലാ കളക്ടടറെ കണ്ട് കാര്യം തിരക്കി. തുക അനധികൃതമായി അനുവദിച്ചതാണെന്ന് അന്വേഷണത്തിൽ ബോധ്യമായി. ഇതോടെയാണ് പണം അടിയന്തരമായി തിരിച്ചുപിടിക്കാൻ ബാങ്കിന് കളക്ടർ നിർ‍ദ്ദേശം നൽകിയത്. തൃക്കാക്കര ഈസ്റ്റ് സിപിഎം ലോക്കൽ കമ്മിറ്റി അംഗമായിരുന്നു അൻവർ. ഇയാളെ പാർട്ടി പിന്നീട് സസ്പെന്റ് ചെയ്തു.

പ്രളയ സഹായത്തിന് താൻ അപേക്ഷിച്ചിട്ടില്ലെന്നും എങ്ങനെയാണ് പണം എത്തിയതെന്ന് അറിയില്ലെന്നുമാണ് അൻവർ പാർട്ടിക്ക് നൽകിയ വിശദീകരണം. എന്നാൽ ഒന്നുമറിയാത്ത അൻവ‍ർ എങ്ങനെ അഞ്ച് ലക്ഷം രൂപ പിൻവലിച്ചെന്നത് ദുരൂഹമാണ്. പ്രളയത്തിൽ വീട് പൂർണ്ണമായും തക‌ർന്നവ‌ർക്ക് പോലും നാല് ലക്ഷം രൂപ പരമാവധി അനുവദിക്കാൻ മാത്രം നിർദ്ദേശമുള്ളപ്പോഴാണ് പത്തര ലക്ഷം രൂപ സിപിഎം നേതാവിന്‍റെ അക്കൗണ്ടിൽ എത്തിയത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു വിജിലൻസിനെയും മുഖ്യമന്ത്രിയെയും സമീപിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios