പ്രസവാനന്തരം ശരീരത്തില്‍ തുണി കണ്ടെത്തിയ സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി ഒആർ കേളു

വയനാട്: പ്രസവാനന്തരം ശരീരത്തില്‍ തുണി കണ്ടെത്തിയ സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി ഒആർ കേളു. വയനാട് മെഡിക്കൽ കോളേജില്‍ തന്നെയാണ് യുവതയുടെ ചികിത്സ നടന്നതെന്നും പ്രസവാനന്തരം യുവതിയുടെ ശരീരത്തില്‍ നിന്നും കണ്ടെത്തിയ തുണി മെഡിക്കല്‍ കോളേജിലേത് തന്നെയെന്നും അദ്ദേഹം പറഞ്ഞു. സൂപ്രണ്ട് മന്ത്രിക്ക് നല്‍കിയ പ്രാഥമിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. യുവതിയെ പരിശോധിച്ച ഡോക്ടർ ആരാണെന്ന് മനസിലാക്കി വിദഗ്ധ സമിതി റിപ്പോർട്ട് ആരോഗ്യമന്ത്രിക്ക് റിപ്പോർട്ട് നൽകും. പ്രസവത്തിന് എത്തിയ 21 കാരിയുടെ ശരീരത്തില്‍ 75 ദിവസമാണ് തുണിയിരുന്നത്. രക്തസ്രാവം തടയാൻ ശരീരത്തിനകത്ത് വച്ച കോട്ടൺ തുണി ഡോക്ടർമാർ നീക്കം ചെയ്തില്ലെന്നാണ് പരാതി.

അസഹ്യമായ വേദനയും ദുർഗന്ധവും വന്ന സാഹചര്യത്തിൽ രണ്ടുതവണ ചികിത്സ തേടി യുവതി മെഡിക്കൽ കോളജിൽ എത്തി. എന്നാൽ കൂടുതൽ വെള്ളം കുടിക്കണമെന്ന ഉപദേശം നൽകി ഡോക്ടർമാർ മടക്കി അയക്കുകയായിരുന്നു എന്നാണ് യുവതി പറയുന്നത്. 75 ദിവസത്തിന് ശേഷം ശരീരത്തിന് അകത്തുനിന്ന് തുണി തനിയെ പുറത്തു വരുമ്പോഴാണ് ചികിത്സ പിഴവ് വെളിപ്പെട്ടത്.