കലോത്സവത്തിന്റെ 25 വേദികൾക്കും വിവിധയിനം സുഗന്ധ പുഷ്പങ്ങളുടെ പേരുകളാണ് നൽകിയിരിക്കുന്നത്. താമര പൂവുമായി എത്തി മന്ത്രിക്ക് നൽകാനായിരുന്നു യുവമോര്‍ച്ച പ്രവര്‍ത്തകരെത്തിയത്.

തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവ വേദികൾക്ക് പേരിട്ടതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദം പുകയുന്നു. കലോത്സവ വേദികളുടെ പട്ടികയിൽ നിന്ന് 'താമര'യെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് യുവമോർച്ച പ്രവർത്തകർ രംഗത്തെത്തി. തൃശൂർ ടൗൺഹാളിൽ കലോത്സവ അവലോകന യോഗം നടക്കുന്നതിനിടെയാണ് നാടകീയമായ പ്രതിഷേധ സംഭവങ്ങൾ അരങ്ങേറിയത്. കലോത്സവത്തിന്റെ 25 വേദികൾക്കും വിവിധയിനം സുഗന്ധ പുഷ്പങ്ങളുടെ പേരുകളാണ് നൽകിയിരിക്കുന്നത്. താമര പൂവുമായി എത്തി മന്ത്രിക്ക് നൽകാനായിരുന്നു യുവമോര്‍ച്ച പ്രവര്‍ത്തകരെത്തിയത്. ദേശീയ പുഷ്പം എന്തിനാണ് ഒഴിവാക്കുന്നത്.

എന്നാൽ ഇതിൽ താമര ഉൾപ്പെടാത്തതാണ് യുവമോർച്ചയെ ചൊടിപ്പിച്ചത്. താമരപ്പൂക്കളുമായി ടൗൺഹാളിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് തടഞ്ഞു. ഇതോടെ പ്രവർത്തകർ ടൗൺഹാളിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. വിവാദങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വിഷയത്തിൽ വ്യക്തത വരുത്തി. ഇതിൽ യാതൊരുവിധ നിക്ഷിപ്ത താൽപ്പര്യവുമില്ലെന്ന് മന്ത്രി പറഞ്ഞു.ഇതിനുമുമ്പ് തൃശൂരിൽ കലോത്സവം നടന്നപ്പോഴും വേദികൾക്ക് പൂക്കളുടെ പേരാണ് നൽകിയിരുന്നത്. അന്നും പട്ടികയിൽ താമര ഉണ്ടായിരുന്നില്ല. താമര ഒരു ദേശീയ രാഷ്ട്രീയ പാർട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായതിനാൽ, അനാവശ്യ വിവാദങ്ങൾ ഒഴിവാക്കാനാണ് ഇത്തവണയും പേര് നൽകാതിരുന്നത്. 'ഉത്തരവാദിത്വ കലോത്സവം' എന്നതാണ് ഇത്തവണത്തെ മേളയുടെ മുഖമുദ്രയെന്നും മന്ത്രി കൂട്ടിചേർത്തു. തൃശൂരിൽ കലോത്സവ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതിനിടെ ഉണ്ടായ ഈ രാഷ്ട്രീയ പ്രതിഷേധം വരും ദിവസങ്ങളിലും ചർച്ചയാകാൻ സാധ്യതയുണ്ട്.

സംസ്ഥാന സ്കൂൾ കലോത്സവം 14 മുതൽ

64 -മത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ആതിഥേയത്വം വഹിക്കുന്ന തൃശ്ശൂർ ജില്ലയിലെ ഒരുക്കങ്ങൾ പൂർത്തിയായെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തൃശ്ശൂർ രാമനിലയം ഗസ്റ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. 2026 ജനുവരി 14 മുതൽ 18 വരെ ജില്ലയിൽ 25 വേദികളിലായി 249 മത്സരയിനങ്ങളിൽ വിദ്യാർത്ഥികൾ മത്സരിക്കും. തേക്കിൻകാട് മൈതാനത്തെ എക്സിബിഷൻ ഗ്രൗണ്ടാണ് പ്രധാനവേദി. 14ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവത്തിൻ്റെ ഉദ്ഘാടനം നിർവഹിക്കും.

ജനുവരി 9ന് വൈകിട്ട് ലഹരിക്കെതിരെ വിദ്യാർത്ഥികളുടെ പ്രതിരോധ ശൃംഖല സൃഷ്ടിക്കുന്നതോടെ 64 മത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തുടക്കമാകും. ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്ന് 10000 ത്തോളം വിദ്യാർത്ഥികൾ ലഹരിക്കെതിരെയുള്ള പ്രതിരോധശൃംഖലയിൽ പങ്കുചേരും. സ്വർണക്കപ്പ് 12,13 തീയതികളിൽ ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളിൽ സ്വീകരിച്ച് 13 ന് വൈകീട്ട് മൂന്നരയോടുകൂടി ടൗൺഹാളിൽ സ്വർണ കപ്പിന് സ്വീകരണം നൽകും. ആയിരത്തോളം വിദ്യാർത്ഥികൾ, എൻസിസി, എൻഎസ്എസ്, എസ് പി സി കേഡറ്റുകൾ എന്നിവരുടെ അകമ്പടിയോടുകൂടിയാണ് ടൗൺഹാളിൽ സ്വർണക്കപ്പ് സ്വീകരിക്കുക. കലോത്സവത്തിന്റെ 25 വേദികൾക്കും പല ശ്രേണിയിൽപെടുന്ന ഗന്ധമുള്ള പൂക്കളുടെ പേരാണ് നൽകിയിട്ടുള്ളത്. ഉത്തരവാദിത്വ കലോത്സവം എന്നതാണ് ഇത്തവണത്തെ കലോത്സവത്തിന്റെ ആപ്തവാക്യം.

25 വേദികളിലും ആംബുലൻസ്, കുടിവെള്ളം എന്നിവ സജ്ജമാക്കും. നഗരത്തിനു ചുറ്റുമുള്ള 20 സ്കൂളുകളിലാണ് താമസസൗകര്യം ഒരുക്കിയിട്ടുള്ളത്. എല്ലാ വേദികളിലും താമസസൗകര്യം ഒരുക്കിയ സ്കൂളുകളിലും പോലീസ് നിരീക്ഷണം ഉണ്ടാകും. ശുചിമുറി, ടോയ്ലറ്റ് എന്നിവ ഒരുക്കും. ജലലഭ്യത ഉറപ്പു വരുത്തും. ഓരോ മത്സര ഇനത്തിൻ്റെയും ഫലം ഉടനെ തന്നെ സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ഇത്തവണത്തെ സ്വാഗത ഗാനം ബി.കെ ഹരിനാരായണനാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്. കലാമണ്ഡലത്തിന്റെ നേതൃത്വത്തിൽ അവതരണം ഉണ്ടാകും. കലോത്സവത്തിന്റെ തീം സോങ് പാലക്കാട് പൊറ്റശ്ശേരി സ്കൂളിലെ വിദ്യാർഥികളാണ് ഒരുക്കിയത്. പൂർണ്ണമായും ഹരിതചട്ടം പാലിച്ചുകൊണ്ടുള്ള 'ഹരിത കലോത്സവം' ആയിരിക്കും ഉണ്ടാവുക. വിദ്യാർത്ഥി സൗഹൃദമാക്കി സംസ്ഥാന സ്കൂൾ കലോത്സവത്തെ മാറ്റുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും സജ്ജമായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

ജനുവരി 14 ന് രാവിലെ 9 മണിക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടർ പതാക ഉയർത്തുന്നതോടെ കലോത്സവത്തിന് ഔദ്യോഗിക തുടക്കമാകും. തൃശൂരിന്റെ പൂരപ്രൗഢി വിളിച്ചോതുന്ന രീതിയിൽ ഇലഞ്ഞിത്തറ മേളവും, 64-ാം കലോത്സവത്തെ സൂചിപ്പിച്ചുകൊണ്ട് 64 കുട്ടികൾ അണിനിരക്കുന്ന വർണ്ണാഭമായ കുടമാറ്റവും നടക്കും.

പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ചടങ്ങിൽ അധ്യക്ഷത വഹിക്കും. സ്വാഗത സംഘം ചെയർമാൻ കൂടിയായ റവന്യൂ മന്ത്രി കെ രാജൻ സ്വാഗതം ആശംസിക്കും. ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു, കേന്ദ്ര സഹമന്ത്രി സുരേഷ്‌ഗോപി, മറ്റ് മന്ത്രിമാർ, എം.എൽ.എമാർ, മേയർ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്, ജില്ലാ കളക്ടർ, സിറ്റി പോലിസ് കമ്മീഷണർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും. ചടങ്ങിൽ 'ഉത്തരവാദിത്വ കലോത്സവം' സംബന്ധിച്ച വിശദീകരണം പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. കെ വാസുകി ഐ.എ.എസ് നൽകും. ഉദ്ഘാടന വേദിയിൽ പതിനായിരത്തോളം കുട്ടികളെയാണ് പ്രതീക്ഷിക്കുന്നത്.