Asianet News MalayalamAsianet News Malayalam

'കരുണ' സംഗീത പരിപാടി: പ്രളയ ദുരിതാശ്വാസത്തിന് പണം സ്വരൂപിക്കാനല്ലെന്ന വാദം പൊളിയുന്നു

മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ ഫണ്ടിലേക്ക് പണം സ്വരൂപിക്കാനല്ല സംഗീത പരിപാടി നടത്തിയതെന്നായിരുന്നു ആഷിഖ് അബു ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞിരുന്നത്. 

Kerala floods Karuna was a hit music show scam
Author
Kochi, First Published Feb 17, 2020, 7:36 AM IST

കൊച്ചി: സംഗീത പരിപാടി നടത്തിയത് പ്രളയ ദുരിതാശ്വാസത്തിന് പണം സ്വരൂപിക്കാനല്ലെന്ന ആഷിഖ് അബുവിന്‍റെ വാദം പൊളിയുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്തുന്നതിനുള്ള പരിപാടി നടത്തുന്നതിനായി, രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം സൗജന്യമായി അനുവദിക്കണമെന്നാവശ്യപ്പെട്ട് ബിജിപാല്‍ നല്‍കിയ കത്താണ് പുറത്തു വന്നത്. താൻ മ്യൂസിക് ഫൗണ്ടേഷന്‍റെ രക്ഷാധികാരിയല്ലെന്നും തന്‍റെ പേര് ദുരുപയോഗം ചെയ്താല്‍ നിയമനടപടി സ്വീകരിക്കുമെന്നും ചൂണ്ടിക്കാട്ടി കളക്ടർ എസ്.സുഹാസ്, ബിജിപാലിന് കത്തയച്ചു.

മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ ഫണ്ടിലേക്ക് പണം സ്വരൂപിക്കാനല്ല സംഗീത പരിപാടി നടത്തിയതെന്നായിരുന്നു ആഷിഖ് അബു ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞിരുന്നത്. ദുരിതാശ്വാസ നിധിയിലേക്ക് വെള്ളിയാഴ്ച പണം കൈമാറിയ ചെക്കിന്‍റെ ചിത്രവും പോസ്റ്റ് ചെയ്തിരുന്നു. ടിക്കറ്റിലൂടെ കിട്ടിയ വരുമാനം സംഭാവന നല്‍കാൻ സംഘാടകർ തീരുമാനിച്ചതാണെന്നും സ്റ്റേഡിയം സൗജന്യമായി കിട്ടിയതില്‍ തട്ടിപ്പില്ലെന്നുമാണ് ആഷിക് അബു അവകാശപ്പെട്ടത്. 

അങ്ങനെയെങ്കില്‍ സ്റ്റേഡിയത്തിന് അനുമതി വാങ്ങാൻ റീജിയണല്‍ സ്പോർട്സ് സെന്‍ററിനെ സംഘാടകർ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ഹൈബി ഈഡൻ എംപിയും രംഗത്തെത്തി. തെളിവായി സ്പോർട്സ് സെന്‍ററിന് ബിജിപാല്‍ നല്‍കിയ കത്തും പുറത്തുവിട്ടു. സ്പോർട്സ് സെന്‍ററിന്‍റെ എക്സിക്യൂട്ടീവ് സമിതി പലതവണ തള്ളിയ അപേക്ഷ, മുഖ്യമന്ത്രിയുടെ സമ്മർദ്ദം മൂലം അംഗീകരിക്കുകയായിരുന്നുവെന്നും ഹൈബി ഈഡൻ ആരോപിക്കുന്നു.

അതേസമയം, താൻ കൊച്ചി മ്യൂസിക്ക് ഫൗണ്ടേഷന്‍റെ രക്ഷാധികാരി അല്ലെന്ന് വ്യക്തമാക്കി കളക്ടർ എസ്.സുഹാസ് ബിജിപാലിന് കത്തയച്ചു. അനുമതിയില്ലാതെ തന്‍റെ പേര് ദുരുപയോഗം ചെയ്യരുതെന്ന് മുന്നറിയിപ്പും നല്‍കി. യുഡിഎഫും ബിജെപിയും വിഷയം ശക്തമായി ഏറ്റെടുക്കാനൊരുങ്ങവേ, കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍റെ സംഘാടകർ കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ്.

Follow Us:
Download App:
  • android
  • ios