ചേര്‍ത്തല: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിനെ ഒളിവില്‍ പോകാന്‍ സഹായിച്ചു എന്നാരോപിച്ച യുഡിഎഫ് കൺവീനർ ബെന്നി ബെഹന്നാൻ എംപി‌ക്കെതിരെ മാനനഷ്ടത്തിന് നോട്ടീസ് അയച്ച് ചേര്‍ത്തല പള്ളിത്തോട് സ്വദേശി കിരണ്‍ മാര്‍ഷല്‍. സ്വപ്നയെ ഒളിവിൽ പോകാൻ സഹായിച്ചെന്നും കിരണിന്‍റെ വീട്ടില്‍ വച്ചാണ് മാധ്യമങ്ങള്‍ക്ക് ശബ്‌ദസന്ദേശം തയ്യാറാക്കി നല്‍കിയത് എന്നുമായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ ബെന്നി ബെഹന്നാന്‍റെ ആരോപണം. 

ബെന്നി ബെഹന്നാന്‍റെ പ്രസ്‌താവന തന്നെ മനപ്പൂർവ്വം അപകീർത്തിപ്പെടുത്തുന്നതിന് വേണ്ടിയാണെന്ന് കിരണ്‍ മാര്‍ഷല്‍ പറയുന്നു. തികച്ചും കളവും അവാസ്തവുമായ പ്രസ്താവന ബെന്നി ബെഹന്നാൻ പരസ്യമായി പിൻവലിച്ച് മാപ്പുപറയണമെന്നും അഞ്ച് കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും അല്ലാത്തപക്ഷം തനിക്കുണ്ടായ മാനഹാനിക്ക് ക്രിമിനൽ കേസ് ഉൾപ്പടെയുള്ള നിയമനടപടികളുമായി മുന്നോട്ടുപോകും എന്നും വക്കീല്‍ നോട്ടീസില്‍ കിരൺ മാർഷൽ വ്യക്തമാക്കി. 

വ്യവസായിയും ചേർത്തല പള്ളിത്തോട് സ്വദേശിയുമായ പി.എസ്സ് മാർഷലിന്‍റെ മകനാണ് കിരൺ മാർഷൽ. ക്രിമിനൽ അഭിഭാഷകനായ ജി പ്രദർശൻ തമ്പി മുഖാന്തിരമാണ് ബെന്നി ബെഹന്നാന് കിരണ്‍ വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.