ഉമ്മൻചാണ്ടി സർക്കാരിൻ്റെ കാലത്ത് പി സി ജോർജിന് 30 പേഴ്സണൽ സ്റ്റാഫിനെ അനുവദിച്ചതിനെ എൽഡിഫ് രൂക്ഷമായി വിമർശിച്ചിരുന്നു.

തിരുവനന്തപുരം: ചീഫ് വിപ്പ് (Chief Whip) ഡോ. എൻ ജയരാജിൻ്റെ പേഴ്സണൽ സ്റ്റാഫിൽ (Personal Staff) 18 പേരെ കൂടി ഉൾപ്പെടുത്തി സർക്കാർ ഉത്തരവ്. 23,000 മുതൽ ഒരു ലക്ഷം വരെയാണ് പേഴ്സണ്‍ സ്റ്റാഫുകളുടെ ശമ്പളം. ഇതോടെ ചീഫ് വിപ്പിൻ്റെ പേഴ്സണൽ സ്റ്റാഫുകളുടെ എണ്ണം 25 ആയി. ഉമ്മൻചാണ്ടി സർക്കാരിൻ്റെ കാലത്ത് പി സി ജോർജിന് 30 പേഴ്സണൽ സ്റ്റാഫിനെ അനുവദിച്ചതിനെ എൽഡിഫ് രൂക്ഷമായി വിമർശിച്ചിരുന്നു.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുമ്പോഴാണ് വീണ്ടും പേഴ്സണൽ സ്റ്റാഫ് നിയമനം. ചീഫ് വിപ്പ് ഡോ. എൻ ജയരാജിൻ്റെ പേഴ്സണൽ സ്റ്റാഫിൽ ഏഴ് പേരെ സർക്കാർ അനുവദിച്ചിരുന്നു. ഡ്രൈവറും പേഴ്സണൽ അസിസ്റ്റൻ്റും അടക്കമാണ് അനുവദിച്ചത്. ഇതുകൂടാതെയാണ് 18 പേരെ കൂടി ഉൾപ്പെടുത്തി പുതിയ ഉത്തരവിറക്കിയത്. പ്രൈവറ്റ് സെക്രട്ടറി ഉള്‍പ്പെടെയാണ് പുതിയ പട്ടികയിലുള്ളത്. ഇതിൽ നാല് പേർ സർക്കാർ സർവ്വീസിൽ നിന്നും ഡെപ്യൂട്ടേഷനിൽ എത്തിവരാണ്.

നിയമസഭയിലാണ് ചീപ് വിപ്പിന്‍റെ ഓഫീസ്. സഭ സമ്മേളിക്കുന്ന സമയത്ത് നിർണായ വോട്ടെടുപ്പുകള്‍ വരുമ്പോള്‍ അംഗങ്ങള്‍ക്ക് വിപ്പ് നൽകുക മാത്രമാണ് ചീഫ് വിപ്പിനുള്ള ജോലി. 99 അംഗങ്ങള്ള ഭരണപക്ഷത്തിന് നിയമസഭയില്‍ ബില്ലുകളുടെ വോട്ടെടുപ്പിൽ നിർണായ ഭൂരിപക്ഷമുള്ളതിനാൽ വിപ്പിന്‍റെ ആവശ്യവുമില്ല. ദൈനംദിനമുള്ള പ്രത്യേക ചുമതലളൊന്നും ചീഫ് വിപ്പിനില്ലെന്നിരിക്കെയാണ് ഇത്രയും സ്റ്റാഫുകളെ ഉള്‍പ്പെടുത്തുന്നത്. ഇപ്പോഴുള്ള സ്റ്റാഫിൽ അഞ്ച് പേർ ഡോ. എൻ ജയരാജിന്‍റെ കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ ഓഫീസിലാണ് ജോലി ചെയ്യുന്നത്. ഇതുകൂടാതെ വെള്ളയമ്പലത്ത് ഔദ്യോഗിക വസതി വാടക്കെടുന്നുമുണ്ട്. പേഴ്സണൽ സ്റ്റാഫ് കൂടാതെ അഞ്ച് പൊലീസുകാരെയും ഡോ. എൻ ജയരാജന് അനുവദിച്ചിട്ടുണ്ട്.

YouTube video player

പ്രത്യേക സുരക്ഷ ഭീഷണിയൊന്നും ചീഫ് വിപ്പിനില്ലാത്തതിനാൽ ഈ പൊലീസുകാരെ തിരിച്ചെടുക്കാൻ ഡിജിപി നിർദ്ദേശം നൽകിയിട്ടുണ്ട്. ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്ത് ചീഫ് വിപ്പായിരുന്ന കെ രാജന് 11 സ്റ്റാഫ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഔദ്യോഗിക വസതിയും ഗണ്‍മാനും ഒന്നും ഉണ്ടായിരുന്നില്ല. ഉമ്മൻചാണ്ടി സർക്കാരിന്‍റെ കാലത്ത് ചീഫ് വിപ്പായിരുന്ന പി സി ജോർജാണ് പേഴ്സണ്‍ സ്റ്റാഫ് നിയമനത്തിൽ ധൂർത്ത് നടന്നത്. 30 പേരെയാണ് ഉൾപ്പെടുത്തിയത്. അന്നത്തെ പ്രതിപക്ഷം ഏറെ വിവാദമുണ്ടാക്കിയപ്പോള്‍ അത് 20 ആക്കി കുറച്ചു. അന്ന് പേഴ്സണ്‍ സ്റ്റാഫ് നിയമത്തിൽ ധൂർത്ത് ആരോപിച്ച എൽഡിഎഫാണ് ഇന്ന് ചീഫ് വിപ്പിൻ്റെ പേഴ്സണൽ സ്റ്റാഫ് നിയമത്തിൽ ഉദാര സമീപമെടുക്കുന്നത്.