വിദേശ ബിരുദമുള്ളവര്‍ക്ക് രജിസ്ട്രേഷന് സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നുളള ഒരു വര്‍ഷത്തെ പരിശീലനം നിര്‍ബന്ധമാണെന്നതിനാല്‍ പുതിയ തീരുമാനം തിരിച്ചടിയാകും.

തിരുവനന്തപുരം: വിദേശ സര്‍വകലാശാലകളിൽ മെഡിക്കല്‍ പഠനം നടത്തിയവര്‍ക്ക് കേരളത്തില്‍ സര്‍ക്കാര്‍ മേഖലയിലെ പരിശീലനത്തിന് ഒരു ലക്ഷം രൂപക്ക് മേൽ ഫീസ് ഈടാക്കാൻ തീരുമാനം. സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജില്‍ നിന്ന് പഠിച്ചിറങ്ങിയവരാണെങ്കില്‍ പരിശീലനത്തിന് അരലക്ഷം രൂപ നല്‍കണം. വിദേശ ബിരുദമുള്ളവര്‍ക്ക് രജിസ്ട്രേഷന് സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നുളള ഒരു വര്‍ഷത്തെ പരിശീലനം നിര്‍ബന്ധമാണെന്നതിനാല്‍ പുതിയ തീരുമാനം തിരിച്ചടിയാകും.

വിദേശ സര്‍വകലാശാലകളിൽ നിന്ന് മെഡിസിൻ പഠനം പൂര്‍ത്തിയാക്കി വരുന്നവര്‍ ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യണമെങ്കില്‍ ആദ്യം നാഷണൽ ബോര്‍ഡ് പരീക്ഷ പാസാകണം. ശേഷം മെഡിക്കല്‍ കൗണ്‍സില്‍ താൽകാലിക രജിസ്ട്രേഷനെടുക്കണം. സ്ഥിര രജിസ്ട്രേഷൻ കിട്ടാൻ ഇവര്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ പരിശീലനം തേടണം. ഈ പരിശീലനത്തിനാണിപ്പോൾ ഒരു ലക്ഷത്തിപന്ത്രണ്ടായിരം രൂപ ഫീസ് തീരുമാനിച്ച് ഉത്തരവിറക്കിയത്.

സ്വാശ്രയ മെഡിക്കല്‍ കോളജിൽ നിന്നിറങ്ങിയവരാണെങ്കില്‍ 60,000 രൂപയും അടയ്ക്കണം. തീര്‍ന്നില്ല, ഡിഎൻബി വിദ്യാര്‍ഥികള്‍ക്ക് പോസ്റ്റ്മോര്‍ട്ടം കണ്ട് പഠിക്കാൻ ഒരു വര്‍ഷത്തേക്ക് 25000 രൂപ ഫീസ് അടക്കണം. വിദേശ മെഡിക്കല്‍ സര്‍വകലാശാലകളിലെ വിദ്യാര്‍ഥികള്‍ സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സാ രീതികള്‍ കണ്ട് പഠിക്കാൻ ഓരോ ചികിത്സ വിഭാഗത്തിലേക്കും പതിനായിരം രൂപ എന്ന നിലയില്‍ മാസംതോറും പണം അടയ്ക്കണം. 

വിദേശത്തുനിന്ന് പഠിച്ചുവന്നവര്‍ക്കും സ്വാശ്രയ മേഖലയിലെ വിദ്യാര്‍ഥികൾക്കും പൊതുജനാരോഗ്യ വിഷയത്തില്‍ പരിശീലനം നേടാൻ ഒരു വര്‍ഷത്തേക്ക് 60,000 രൂപ അടയ്ക്കണം. കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ അസിസ്റ്റന്‍റ് പ്രഫസറാകാൻ ആഗ്രഹിക്കുന്നവരാണെങ്കില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സീനിയര്‍ റസിഡന്‍റ് ആയി ഒരു വര്‍ഷമെങ്കിലും ജോലി ചെയ്തിരിക്കണമെന്ന നിബന്ധന ഉണ്ട്.