തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സൗകര്യം ഏര്‍പ്പെടുത്തിയതിന് പിന്നാലെ സംസ്ഥാന സര്‍ക്കാരും ജീവനക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. തിങ്കളാഴ്ച മുതല്‍ മാര്‍ച്ച് 31 വരെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും പകുതി ജീവനക്കാര്‍ മാത്രം ഒരു ദിവസം ജോലിക്ക് എത്തിയാല്‍ മതി.

തിങ്കളാഴ്ച ജോലിക്ക് ഹാജരാവുന്ന ജീവനക്കാര്‍ക്ക് ചൊവ്വാഴ്ച അവധി ലഭിക്കുന്ന രീതിയിലാവും കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിയന്ത്രണം കൊണ്ടു വരിക. ഇതിന് ആനുപാതികമായി തിങ്കളാഴ്ച അവധി കിട്ടിയ ജീവനക്കാര്‍ അടുത്ത ദിവസം ജോലിക്കെത്തണം. ഇതിനനുസരിച്ച് സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം ക്രമീകരിക്കാന്‍ ഉത്തരവില്‍ മുഖ്യമന്ത്രി ഉത്തരവിട്ടു. ജീവനക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത് കൂടാതെ അടുത്ത രണ്ട് ശനിയാഴ്ചയും സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

കൊവിഡ് 19 പടരുന്ന പശ്ചാത്തലത്തില്‍ മുഴുവന്‍ ജീവനക്കാര്‍ക്കും സര്‍ക്കാര്‍ നേരത്തെ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ഓഫീസുകളില്‍ സന്ദര്‍ശകരെ പരമാവധി ഒഴിവാക്കണമെന്നും ഗര്‍ഭിണികള്‍, പ്രായമായ ജീവനക്കാര്‍ എന്നിവരെ ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നും നേരത്തെ സംസ്ഥാന പൊതുഭരണവകുപ്പ് ഉത്തരവിലൂടെ നിര്‍ദേശിച്ചിരുന്നു.