Asianet News MalayalamAsianet News Malayalam

വിലയോ തുച്ഛം, ​ഗുണമോ മെച്ചം; കുടിവെള്ളവും ഇനി സർക്കാർമയം, റേഷൻ കടകളിലൂടെ വിതരണം ചെയ്യും 

ജലവിഭവ വകുപ്പിന്റെ കീഴിലുള്ള കേരള ഇറിഗേഷന്‍ ഇന്‍ഫ്ര സ്ട്രക്ടര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ അധീനതയില്‍ ഉത്പാദിപ്പിക്കുന്ന ഹില്ലി അക്വായുടെ കുടിവെള്ളമാണ് ഈ പദ്ധതിയിലൂടെ റേഷന്‍കടകള്‍ വഴി വില്‍പന നടത്തുന്നത്.

Kerala government distribute water bottle with cheap rate prm
Author
First Published Dec 24, 2023, 11:04 AM IST

തിരുവനന്തപുരം: കുപ്പിവെള്ള വിപണിയിൽ ഇടപെട്ട് സംസ്ഥാന സർക്കാർ. പൊതുവിപണിയിയേക്കാൾ കുറഞ്ഞ നിരക്കിൽ റേഷന്‍കടകളിലൂടെ കുടിവെള്ളം ലഭ്യമാക്കുന്ന സുജലം പദ്ധതിക്ക് ഇന്ന് തുടക്കമാകും. 500 മില്ലി, ഒരുലിറ്റർ, അഞ്ച് ലിറ്റർ കുപ്പിവെള്ളമാണ് സർക്കാർ റേഷൻ കടകളിലൂ‌ടെ ലഭ്യമാക്കുക. യഥാക്രമം എട്ട്, 10, 50 രൂപയാണ് വില.  ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജലവിഭവ വകുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

ഇന്ന് ഉച്ചക്ക് രണ്ട് മണിയ്ക്ക് തിരുവനന്തപുരം തൈക്കാട് ഗവ. റസ്റ്റ് ഹൗസ് ഹാളിലെ ചടങ്ങില്‍ ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍ ഉദ്ഘാടനം നിര്‍വഹിക്കും. ചടങ്ങില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു എന്നിവര്‍ പങ്കെടുക്കും. 

സുജലമെന്നാണ് പദ്ധതിയുടെ പേര്. സംസ്ഥാനത്തെ എല്ലാവര്‍ക്കും ഗുണ നിലവാരമുള്ള കുടിവെള്ളം കുറഞ്ഞ വിലക്ക് റേഷന്‍കടകളിലൂടെ ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സംസ്ഥാന ജലവിഭവ വകുപ്പിന്റെ കീഴിലുള്ള കേരള ഇറിഗേഷന്‍ ഇന്‍ഫ്ര സ്ട്രക്ടര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ അധീനതയില്‍ ഉത്പാദിപ്പിക്കുന്ന ഹില്ലി അക്വായുടെ കുടിവെള്ളമാണ് ഈ പദ്ധതിയിലൂടെ റേഷന്‍കടകള്‍ വഴി വില്‍പന നടത്തുന്നത്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ റേഷന്‍ കടകളിലാണ് ആദ്യ ഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്. പൊതുവിപണിയിൽ കുടിവെള്ളത്തിന് ലിറ്ററിന് 15 മുതൽ 20 രൂപ വരെയാണ് ഈടാക്കുന്നത്. 
 

Latest Videos
Follow Us:
Download App:
  • android
  • ios