തിരുവനന്തപുരം: മഹാ പ്രളയത്തില്‍ മുങ്ങിയ കേരളത്തിന്‍റെ അതീജീവനത്തിനുള്ള പണം കണ്ടെത്തുന്നതില്‍ വലിയ പ്രതീക്ഷയായാണ് സെസ് ഏര്‍പ്പെടുത്തിയത്. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങി നടപ്പിലാക്കിയ പ്രളയ സെസിന്‍റെ ആദ്യ മാസത്തെ കണക്കുകള്‍ അത്ര ശുഭകരമല്ലെന്നാണ് വ്യക്തമാകുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് കേരള സര്‍ക്കാര്‍ പ്രളയ സെസ് ഏര്‍പ്പെടുത്തിയത്. 83 കോടി രൂപ മാത്രമാണ് ഈ ഇനത്തില്‍ ഓഗസ്റ്റ് മാസത്തില്‍ പിരിഞ്ഞുകിട്ടിയത്. കേരളത്തിന്‍റെ പുന:നിര്‍മ്മാണത്തിനായി 2000 കോടി പ്രളയ സെസിലൂടെ പിരിക്കാനാണ് ജി എസ് ടി കൗണ്‍സില്‍ അനുമതി നല്‍കിയിട്ടുള്ളത്.

പ്രളയ സെസില്‍ ആദ്യ മാസത്തിലുണ്ടായ മങ്ങല്‍ വരും മാസങ്ങളില്‍ മാറുമെന്ന പ്രതീക്ഷയാണ് ധനമന്ത്രി തോമസ് ഐസക്ക് പങ്കുവയ്ക്കുന്നത്. രാജ്യത്തെ സാന്പത്തികമാന്ദ്യം പ്രളയ സെസിലും പ്രകടമായെന്ന് അദ്ദേഹം വ്യക്തമാക്കിയെന്ന് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആദ്യ മാസത്തെ പ്രളയ സെസ് പ്രതീക്ഷിച്ച നിലവാരത്തിലേക്കെത്തുന്നുണ്ടെന്നും ഐസക്ക് പറയുന്നു. രണ്ട് വര്‍ഷം കൊണ്ട് പ്രളയ സെസിലൂടെ 2000 കോടി പിരിച്ചെടുക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

സാമ്പത്തിക മാന്ദ്യം കേരളത്തിലെ നികുതി പിരിവിനെയും ബാധിച്ചിട്ടുണ്ട്. പ്രതീക്ഷിച്ചിരുന്ന വളര്‍ച്ച നികുതി പിരിവിന്‍റെ കാര്യത്തില്‍ ഉണ്ടായിട്ടില്ല. 20 ശതമാനം വളര്‍ച്ചയാണ് കേരളം പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ചെറിയൊരു വളര്‍ച്ച മാത്രമാണ് നികുതി പിരിവില്‍ ഉണ്ടായിട്ടുള്ളത്. പ്രളയ സെസിന്‍റെ കാര്യത്തിലും നികുതിയുടെ കാര്യത്തിലും വലിയ തിരിച്ചടിയാകുന്നത് മദ്യത്തിന്‍റെയും ഇന്ധന ഉപഭോഗത്തിന്‍റെയും കാര്യത്തിലുണ്ടായ ഇടിവാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം ഇക്കുറി 7834.75 കോടി രൂപയാണ് മദ്യ-ത്തിലൂടെയും ഇന്ധനത്തിലൂടെയും കേരളത്തിന് ലഭിച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഇക്കാലയളവിലെ വരുമാനം 8395.64 കോടി രൂപ ലഭിച്ചിരുന്നിടത്താണ് ഈ ഇടിവുണ്ടായത്. മാന്ദ്യകാലത്ത് ജനങ്ങള്‍ പണം ചിലവഴിക്കുന്നതിന് മടികാട്ടുകയാണെന്ന് തോമസ് ഐസക്ക് ചൂണ്ടികാട്ടി. കേന്ദ്ര സര്‍ക്കാരിന്‍റെ തെറ്റായ നയങ്ങളും നികുതി പിരിവിനെ ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.