Asianet News MalayalamAsianet News Malayalam

പാത ഇരട്ടിപ്പിക്കൽ പൂർത്തിയാകാത്തതിന് ഉത്തരവാദി സംസ്ഥാന സർക്കാരെന്ന് ഇന്ത്യൻ റെയിൽവേ

പുതിയ ട്രെയിന്‍ സര്‍വ്വീസുകള്‍ ഉടനുണ്ടാകില്ലെന്നും റെയില്‍വേ വ്യക്തമാക്കി. വയനാട് എംപി രാഹുല്‍ഗാന്ധി ദക്ഷിണ റെയില്‍വേ വിളിച്ചു ചേർത്ത എംപിമാരുടെ യോഗത്തിനെത്തിയില്ല.

kerala government is responsible for delay in track doubling alleges railway
Author
Thiruvananthapuram, First Published Sep 19, 2019, 6:28 AM IST


തിരുവനന്തപുരം: പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാകാത്തതിന് സംസ്ഥാന സര്‍ക്കാരാണ് ഉത്തരവാദിയെന്ന് റെയില്‍വെ. നിലവിലെ സാഹചര്യത്തില്‍ ട്രെയിനുകളുടെ വൈകിയോട്ടം ഒഴിവാക്കലും, പുതിയ സര്‍വ്വീസുകളും പ്രായോഗികമല്ലെന്നും എംപിമാരുടെ യോഗത്തില്‍ ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ അറിയിച്ചു.

തിരുവനന്തപുരത്തിനും എറണാകുളത്തിനുമിടയില്‍ കോട്ടയം വഴിയുള്ള പാതയില്‍ 18.54 കിലോമീറ്ററാണ് ഇനിയും ഇരിട്ടിപ്പിക്കാനുള്ളത് 4.3 ഹെക്ടര്‍ ഭൂമി ഇനിയും സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കിയിട്ടില്ല. ഗതാഗത സെക്രട്ടറി, റവന്യൂ സെക്രട്ടറി തലത്തില്‍ നിരവധി തവണ ചര്‍ച്ച നടത്തിയെങ്കിലും പുരോഗതിയുണ്ടായില്ല. കഴിഞ്ഞ വര്‍ഷം മെയില്‍ സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയാക്കാമെന്ന് കേരളം ഉറപ്പു നല്‍കിയെങ്കിലും ഇതുവരെ നടപ്പായില്ല. 

ഈ രീതിയിൽ മുന്നോട്ട് പോയാല്‍ പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാകാന്‍ 2021ല്‍ വരെ കാത്തിരിക്കണം. ആലപ്പുഴ വഴിയുള്ള പാതയില്‍ അമ്പലപ്പുഴക്കും എറണാകുളത്തിനുമിടയിൽ പാത ഇരട്ടിപ്പിക്കല്‍ അനിശ്ചിതത്വത്തിലാണ്. ചെലവിന്‍റെ പകുതി വഹിക്കാന്‍ സമ്മതമല്ലെന്ന് കേരളം അറിയിച്ചതുകൊണ്ടാണിതെന്നും എംപിമാരുടെ യോഗത്തില്‍ ദക്ഷിണറെയില്‍വേ ജനറൽ മാനേജര്‍ അറിയച്ചു. ഗുരുവായൂര്‍ തിരുനാവായ പാതക്ക് പൊതുജനങ്ങളുടെ എതിര്‍പ്പ് മൂലം സര്‍വ്വേ നടത്താന്‍ പോലും കഴിയുന്നില്ല.

വയനാട് എംപി രാഹുല്‍ഗാന്ധി യോഗത്തിനെത്തിയില്ല. നിലമ്പൂരില്‍ നിന്ന് നഞ്ചന്‍കോട് വഴി വയനാട്ടിലേക്ക് റെയില്‍വേ ലൈന്‍ വൈണമെന്ന് രാഹുല്‍ രേഖാമൂലം ആവശ്യപ്പെട്ടരുന്നു. ഇതിന് റെയില്‍വേ ബോര്‍ഡിന്‍റെ അനുമതിയല്ലെന്ന് യോഗത്തില്‍ മറുപടി നൽകി. പുതിയ ട്രെയിന്‍ സര്‍വ്വീസുകള്‍ ഉടനുണ്ടാകില്ലെന്നും റെയില്‍വേ വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios