Asianet News MalayalamAsianet News Malayalam

എലിപ്പനി രോഗ നിര്‍ണയം; കാലതാമസം ഒഴിവാക്കാന്‍ 9 ലാബുകളില്‍ ലെപ്‌റ്റോ ആര്‍ടിപിസിആര്‍ പരിശോധനാ സൗകര്യം

ലിപ്പനി ബാധിച്ചവര്‍ക്ക് വളരെ വേഗം രോഗനിര്‍ണയം നടത്തി ചികിത്സ ഉറപ്പാക്കാനാണ് ലെപ്‌റ്റോസ്‌പൈറോസിസ് ആര്‍ടിപിസിആര്‍ പരിശോധന നടത്തുന്നത്.

kerala government opened 9 leptospirosis diagnosis test labs across Kerala
Author
First Published Oct 7, 2022, 4:46 PM IST

തിരുവനന്തപുരം: എലിപ്പനി രോഗനിര്‍ണയം വേഗത്തില്‍ നടത്താന്‍ സംസ്ഥാനത്ത് 9 സര്‍ക്കാര്‍ ലാബുകളില്‍ ലെപ്‌റ്റോസ്‌പൈറോസിസ് ആര്‍ടിപിസിആര്‍ പരിശോധന നടത്താനുള്ള സംവിധാനമൊരുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എലിപ്പനി ബാധിച്ചവര്‍ക്ക് വളരെ വേഗം രോഗനിര്‍ണയം നടത്തി ചികിത്സ ഉറപ്പാക്കാനാണ് ലെപ്‌റ്റോസ്‌പൈറോസിസ് ആര്‍ടിപിസിആര്‍ പരിശോധന നടത്തുന്നത്. രോഗം ബാധിച്ച് മൂന്നുനാല് ദിവസത്തിനകം തന്നെ പരിശോധിച്ചാലും എലിപ്പനിയാണെങ്കില്‍ കണ്ടെത്താനാകുമെന്നതാണ് ഈ പരിശോധനയുടെ പ്രത്യേകത. 

എല്ലാ ജില്ലകള്‍ക്കും ഈ സേവനം ലഭ്യമാകും വിധം എസ്.ഒ.പി. (സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയര്‍) പുറത്തിറക്കി. സാമ്പിള്‍ കളക്ഷന്‍ മുതല്‍ പരിശോധനാ ഫലം ലഭ്യമാക്കും വരെ പുലര്‍ത്തേണ്ട മാനദണ്ഡങ്ങള്‍ എസ്.ഒ.പി.യില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. നിലവില്‍ എല്ലാ മെഡിക്കല്‍ കോളേജുകളിലും പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലും പബ്ലിക് ഹെല്‍ത്ത് ലാബുകളിലും എലിപ്പനി രോഗനിര്‍ണയത്തിനുള്ള ഐജിഎം എലൈസ പരിശോധന നടത്തുന്നുണ്ട്. 

ഒരാളുടെ ശരീരത്തില്‍ ബാക്ടീരിയ കടന്ന ശേഷം ഏഴ് ദിവസം കഴിഞ്ഞാല്‍ മാത്രമേ ഈ പരിശോധനയിലൂടെ എലിപ്പനിയാണെന്ന് കണ്ടെത്താന്‍ സാധിക്കൂ. അതേസമയം ലെപ്‌റ്റോസ്‌പൈറോസിസ് ആര്‍ടിപിസിആര്‍ പരിശോധനയിലൂടെ അസുഖം ബാധിച്ച് മൂന്നുനാല് ദിവസത്തിനകം തന്നെ പരിശോധിച്ചാലും എലിപ്പനിയാണെങ്കില്‍ കണ്ടെത്താനാകും. ഇതിലൂടെ വളരെ വേഗത്തില്‍ എലിപ്പനിയ്ക്കുള്ള ചികിത്സ ആരംഭിക്കാന്‍ കഴിയുന്നതാണ്.

തിരുവനന്തപുരം ജില്ലയില്‍ നിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബ്, കൊല്ലം ജില്ലയില്‍ നിന്നും തിരുവനന്തപുരം സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബ്, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ നിന്നും പത്തനംതിട്ട റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലാബ്, ആലപ്പുഴ ജില്ലയില്‍ നിന്നും ഐസിഎംആര്‍-എന്‍ഐവി ആലപ്പുഴ, എറണാകുളം ജില്ലയില്‍ നിന്നും എറണാകുളം റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലാബ്, തൃശൂര്‍ ജില്ലയില്‍ നിന്നും തൃശൂര്‍ മെഡിക്കല്‍ കോളേജ്, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നും കോഴിക്കോട് റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലാബ്, കോഴിക്കോട് ജില്ലയില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജ്, കോഴിക്കോട് റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലാബ്, വയനാട് ജില്ലയില്‍ നിന്നും വയനാട് ജില്ലാ പബ്ലിക് ഹെല്‍ത്ത് ലാബ്, കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളില്‍ നിന്നും കണ്ണൂര്‍ റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലാബ് എന്നിവിടങ്ങളിലേക്ക് സാമ്പിളുകള്‍ പരിശോധനയ്ക്കായി അയ്ക്കാവുന്നതാണ്.

Read More : 'മിഠായി കഴിച്ച് കവര്‍ എന്ത് ചെയ്യും'; നോര്‍വെയിലെത്തിയ മുഖ്യമന്ത്രിയോട് കുഞ്ഞു സാറയുടെ ചോദ്യം, മറുപടി ഇങ്ങനെ
 

Follow Us:
Download App:
  • android
  • ios