തിരുവനന്തപുരം: കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ജൂനിയർ ഡോക്ടർമാരുടെ പ്രശ്നങ്ങളിൽ ഒടുവിൽ സംസ്ഥാന സർക്കാരിന്‍റെ ഇടപെടൽ. ജൂനിയർ ഡോക്ടർമാരുടെ തസ്തിക നിർണയിച്ച് ഉത്തരവായി. എൻഎച്ച് എം ഡോക്ടർമാരുടെ അതേ സേവന വ്യവസ്ഥകൾ ലഭിക്കും. ശമ്പളം നാളെ മുതൽ വിതരണം ചെയ്യാനും സര്‍ക്കാര്‍ ഉത്തരവായി. ഇതോടെ ആയിരത്തോളം വരുന്ന ജൂനിയർ ഡോക്ടർമാർക്ക് നാളെ മുടങ്ങിയ ശമ്പളം ലഭിക്കും. 

കൊവിഡ്  പ്രതിരോധത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ജൂനിയർ ഡോക്ടർമാരോടുള്ള വിവേചനം സംബന്ധിച്ച കാര്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തു കൊണ്ടുവന്നത്. ഇതിന് പിന്നാലെ പ്രഖ്യാപിച്ച ശമ്പളം പോലും ഇതുവരെ നൽകാത്തതിൽ സർക്കാരിനെതിരെ ജൂനിയർ ഡോക്ടർമാർ ഹൈക്കോടതിയെയും സമീപിച്ചു. കൊവിഡ് പ്രതിരോധത്തിന്റെ പേരിൽ ചൂഷണം നേരിടുകയാണെന്നും തസ്തികയും സേവന വ്യവസ്ഥകളും നിർണയിക്കാൻ കോടതി ഇടപെടണമെന്നും ആവശ്യപ്പെട്ടായിരുന്നു കോടതിയെ സമീപിച്ചത്. പിന്നാലെയാണ് സര്‍ക്കാര്‍ നടപടി.

കൊവിഡ് കാലത്ത് ശമ്പളമില്ല; സർക്കാരിനെതിരെ ജൂനിയർ ഡോക്ടർമാർ ഹൈക്കോടതിയിൽ.

40 ദിവസം ജോലി ചെയ്തിട്ടും ശമ്പളം ലഭിക്കാതെ പിപിഇ കിറ്റിനുള്ളിൽ നിന്ന് പ്രതിഷേധിച്ചുള്ള വീഡിയോക്കൊടുവിലാണ് വേതനം 42,000 രൂപയായി സർക്കാർ പ്രഖ്യാപിച്ചത്. എന്നാൽ ദിവസങ്ങൾ പിന്നിട്ടിട്ടും സാലറി ലഭിച്ചില്ല. രജിസ്ട്രേഷൻ പൂർത്തിയാക്കിയ ഡോക്ടർമാരായിട്ടും തസ്തിക നിര്‍ണയിക്കുകയും ചെയ്തിരുന്നില്ല. ഇതിനാൽ തന്നെ കൃത്യമായ അവധിയോ കോവിഡ് ഡ്യൂട്ടിയെടുക്കുന്നവർക്ക് ക്വറന്റീനോ ഇവര്‍ക്ക് ലഭിച്ചിരുന്നില്ല. തുടര്‍ന്നാണ് ഇടപെടിനായി ഇവര്‍ കോടതിയെ സമീപിച്ചത്.