തിരുവനന്തപുരം: കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി, ഇന്‍ഷുറന്‍സ് ഏജന്‍സികളെ ഒഴിവാക്കി സര്‍ക്കാര്‍ നേരിട്ട് നടത്തും. സംസ്ഥാന ആരോഗ്യ ഏജന്‍സി രൂപവത്കരിച്ച് ചികിത്സചെലവ് സർക്കാർ നേരിട്ട് ആശുപത്രികൾക്ക് നൽകും. ഇതിനായി സെപ്ഷ്യല്‍ ഓഫീസര്‍ സമര്‍പിച്ച ശുപാര്‍ശ അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.

‍42 ലക്ഷം അംഗങ്ങളാണ് കാരുണ്യസുരക്ഷ പദ്ധതിയിലുള്ളത്. എല്ലാ സാമൂഹ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതികളും സംയോജിപ്പിച്ച് കഴിഞ്ഞ വർഷമാണ് സംസ്ഥാന സർക്കാർ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ആരംഭിച്ചത്. ഒരു കുടുംബത്തിന് വർഷം അഞ്ച് ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ നൽകുന്നതാണ് പദ്ധതി. വിവിധ ചികിത്സകൾക്കുള്ള ഇൻഷുറൻസ് തുക പര്യാപ്തമല്ല എന്നതടക്കം പല പരാതികളുമുയർന്ന പശ്ചാത്തലത്തിലാണ് സർക്കാർ പദ്ധതി നേരിട്ട് നടത്താൻ തീരുമാനിച്ചത്.  

ഇത് സംബന്ധിച്ച ശുപാർശകളടങ്ങിയ കാസ്പ് സ്പെഷ്യൽ ഓഫീസറുടെ റിപ്പോർട്ട് അംഗീകരിച്ച് സർക്കാർ ഉത്തരവിറക്കി. ഇൻഷുറൻസ് ഏജൻസികളെ ഒഴിവാക്കി  ‘അഷ്വറൻസ്’ സ്വഭാവത്തിലാണ് പദ്ധതി തുടരുക. ചികിത്സ  ചെലവ് ഇന്‍ഷുറന്‍സ് കമ്പനിയുടെ ക്ളെയിം പരിശോധിച്ച് ആശുപത്രികള്‍ക്ക് നല്‍കുന്നതിന് പകരം, സര്‍ക്കാര്‍ നേരിട്ട് നല്‍കും.

റോഡപകടങ്ങളിൽ പെടുന്നവർക്ക് ആദ്യ മണിക്കൂറുകളില്‍ ലഭിക്കേണ്ട അടിയന്തര ചികിത്സയുടേയും ചുമതല ഇനി സംസ്ഥാന ആരോഗ്യ ഏജന്‍സിക്കായിരിക്കും.ഇതിനായി റോഡ് ഫണ്ട് ബോര്‍ഡ് നീക്കി വച്ച 40 കോടി വിനിയോഗിക്കും. സൊസൈറ്റീസ് ആക്ട് പ്രകാരം ആരോഗ്യ ഏജ്സിയെ രജിസറ്റര്‍ ചെയ്യാനും തീരുമാനമായി. സർക്കാർ നേരിട്ട് നടത്തുന്നതോടെ കാരുണ്യ ആരോഗ്യ സുരക്ഷപദ്ധതി കൂടുതൽ കാര്യക്ഷമമാകുമെന്നാണ് പ്രതീക്ഷ.