തിരുവനന്തപുരം: ജീവനക്കാരുടെ സംഘടനകളുടെ പ്രതിഷേധം വ്യാപകമായതോടെ ശമ്പളം പിടിക്കുന്നതിൽ ഇളവുകൾ നൽകാൻ ധനവകുപ്പ് ആലോചിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ, ജീവനക്കാരുടെ സംഘടകളുടെ യോഗം വിളിച്ചു. അടുത്ത ചൊവ്വാഴ്ചയാണ് ധനമന്ത്രി വിളിച്ചു ചേര്‍ത്ത യോഗം ചേരുക.

ശമ്പളം ആറ് മാസം കൂടി പിടിക്കുന്നതിനെതിരെ സിപിഐ അനുകൂല സംഘടനയായ ജോയിൻറ് കൗൺസിലിന് പിന്നാലെ സിപിഎം സംഘടനയായ എഫ് എസ്ഇടിഒയും ധനവകുപ്പിനെ സമീപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ യോഗം വിളിച്ചുചേര്‍ക്കാൻ തീരുമാനമെടുത്തത്. സാലറി കട്ടിനെതിരെ എൻജിഒ യൂണിയനും നേരത്തെ എതിർപ്പറിയിച്ചിരുന്നു. ശമ്പളം പിടിക്കുന്നത് ഒഴിവാക്കാൻ കഴിയില്ലെങ്കിൽ ഇളവുകൾ നൽകണമെന്നും എൻജിഒ യൂണിയൻ ആവശ്യപ്പെട്ടിട്ടുണ്ട്. 

മാസം 12,000 കോടി നികുതി വരുമാനമുണ്ടായിരുന്ന സ്ഥാനത്ത് 4,000 കോടിയായി കുറഞ്ഞുവെന്നാണ് ധനവകുപ്പ് വ്യക്തമാക്കുന്നത്. വർഷം ശമ്പളവും പെൻഷനും നൽകാൻ 60,000 കോടിയാണ് വേണ്ടത്. ശമ്പളം പിടിക്കുന്നതിലൂടെ 11 മാസം കൊണ്ട് 5000 കോടിയാണ് കിട്ടുന്നത്. വരുമാനം നാലിലൊന്നായി കുറഞ്ഞ സാഹചര്യത്തിൽ സാലറി കട്ടിൽ നിന്ന് പിന്നോട്ട് പോകാൻ കഴിയില്ലെന്നും ധനവകുപ്പ് വ്യക്തമാക്കുന്നു. 

അതിനാൽ ശമ്പളം പിടിക്കുന്നത് പൂര്‍ണമായും ഒഴിവാക്കാതെ ഇളവുകൾ അനുവദിക്കാനാണ് സര്‍ക്കാരിന്‍റെ നീക്കം. മാസം ആറ് ദിവസം ശമ്പളം പിടിക്കുന്നത് 5 ദിവസമായി കുറയ്ക്കുക എന്ന നിര്‍ദ്ദേശവുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ നീക്കം. 15,000 രൂപ ഓണം അഡ്വാൻസ് എടുത്തവർക്ക് ശമ്പളം പിടിക്കുന്നതിൽ ഇളവ് നൽകും. അവരിൽ നിന്ന് പിന്നീട് ശമ്പളം പിടിക്കും. പിഎഫിൽ നിന്ന് വായ്പ എടുത്തവർക്കും ഇളവ് നൽകും. 30,000 രുപ വരെ ശമ്പളമുള്ളവരെ സാലറി കട്ടിൽ നിന്നും ഒഴിവാക്കാനും ചർച്ച നടക്കുന്നുണ്ട്.