സ്റ്റാര്‍ട്ട് അപ്പുകള്‍ വഴി ഇരുപതിനായിരം പേര്‍ക്ക് വഴി തൊഴില്‍ നല്‍കുമെന്ന വാഗ്ദാനം പൂര്‍ണ്ണമായും നടപ്പായില്ല.

തിരുവനന്തപുരം: കൊവിഡ് കാലത്ത് ഐടി മേഖലയില്‍ അവസരങ്ങള്‍ നിരവധിയുണ്ടായിട്ടും അതിനെ പ്രോത്സാഹിപ്പിക്കാതെ സംസ്ഥാന സര്‍ക്കാര്‍. സ്റ്റാര്‍ട്ട് അപ്പുകള്‍ വഴി ഇരുപതിനായിരം പേര്‍ക്ക് വഴി തൊഴില്‍ നല്‍കുമെന്ന വാഗ്ദാനം പൂര്‍ണ്ണമായും നടപ്പായില്ല. കൊവിഡില്‍ തകര്‍ന്ന ഐടി അനുബന്ധ വ്യവസായങ്ങള്‍ക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന സ്റ്റാര്‍ട്ട് അപ്പ് മിഷൻ സിഇഒയുടെ ശുപാര്‍ശയും ഫയലിലൊതുങ്ങി. 

ഈ വര്‍ഷം ജനുവരി 15 ന് ധനമന്ത്രിയായിരുന്ന തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിൽ 2500 സ്റ്റാര്‍ട്ടപ്പുകള്‍. 20000 തൊഴില്‍ എന്നിവയായിരുന്നു വാഗ്ദാനം. ഐസക്കിന്‍റെ ബജറ്റ് പ്രഖ്യാപനം നടന്നിട്ട് 9 മാസം പിന്നിട്ടപ്പോൾ, ആകെ ഉണ്ടായത് 198 സ്റ്റാര്‍ട്ട് അപ്പുകളാണ്.

കൊവിഡ് കാലത്ത് പല തരത്തിലുള്ള നൂതന സോഫ്റ്റ് വെയറുകള്‍ ആവശ്യമായി വന്നപ്പോള്‍ കേരളം ആശ്രയിച്ചത് മറ്റ് സംസ്ഥാനങ്ങളെയാണ്. മികച്ച വിഭവ ശേഷി ഉണ്ടായിട്ടും സൗകര്യങ്ങളും ഉണ്ടായിട്ടും അത് വേണ്ട തരത്തിലുപയോഗിക്കാൻ കേരളത്തിനായില്ല. കേരളത്തിലെ സ്റ്റാര്‍ട്ട്അപ്പുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിക്കുമെന്ന വാഗ്ദാനവും നടപ്പായില്ല. വിദേശ സര്‍വകലാശാലകളും കമ്പനികളുമായി സഹകരിച്ച് 10 അന്താരാഷ്ട്ര ലോഞ്ചിംഗ് കേന്ദ്രങ്ങള്‍ രൂപീകരിക്കാനുള്ള തീരുമാനവും പൂര്‍ണ്ണതയിലെത്തിയില്ല. 

YouTube video player

കേരളത്തിന്റെ വിജ്ഞാന സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന 'മസ്തിഷ്ക ചോർച്ച' തടയുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ കേരള സ്റ്റാർട്ടപ്പ് നയം രൂപീകരിച്ചത്.പക്ഷേ സംസ്ഥാനത്ത് നിന്ന് പ്രതിവര്‍ഷം 30 ശതമാനം പേരാണ് ഐടി മേഖലയില്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് ചേക്കേറുന്നതെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. കൊവിഡ് കാലത്ത് ഐടി മേഖല ജോലി വീട്ടിലാക്കിയപ്പോള്‍ അനുബന്ധ മേഖലയിലെ പതിനായിരക്കണക്കിന് പേര്‍ക്കാണ് ജോലി നഷ്ടപ്പെട്ടത്.