സംസ്ഥാനത്തെ 62 ലക്ഷത്തോളം വരുന്ന സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾക്ക് 1600 രൂപ വീതം ലഭിക്കുമെന്ന് അറിയിപ്പ്

തിരുവനന്തപുരം: ഈ മാസത്തെ സാമൂഹ്യസുരക്ഷ പെന്‍ഷന്‍ ജൂണ്‍ 20 മുതല്‍ വിതരണം ചെയ്യുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. സംസ്ഥാനത്തെ 62 ലക്ഷത്തോളം പേര്‍ക്ക് പ്രതിമാസം 1600 രൂപയാണ് പെന്‍ഷനായി ലഭിക്കുക. ഒരു മാസത്തെ പെൻഷന് ആവശ്യമായ തുക സംസ്ഥാന ധനവകുപ്പ് അനുവദിച്ചതായും സംസ്ഥാന സർക്കാർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

Add Asianetnews as a Preferred SourcegooglePreferred

രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാല് വര്‍ഷ കാലയളവില്‍ 38,500 കോടി രൂപയോളം സാമൂഹ്യസുരക്ഷാ പെൻഷൻ നല്‍കാനായി ചെലവഴിച്ചെന്ന് ഇതോടൊപ്പം സർക്കാർ അറിയിച്ചു. 2016-21 ലെ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് 35154 കോടി രൂപയാണ് സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകാനായി അനുവദിച്ചത്. യുഡിഎഫ് ഭരണകാലത്തെ 18 മാസത്തെ പെൻഷൻ കുടിശ്ശികയുള്‍പ്പെടെയാണ് 35,154 കോടി രൂപ ക്ഷേമപെന്‍ഷനായി വിതരണം ചെയ്‌തതെന്നും സർക്കാർ വാർത്താക്കുറിപ്പിൽ വിശദീകരിച്ചു.

ഇതെല്ലാം കണക്കിലെടുക്കുമ്പോൾ ഒന്നും രണ്ടും പിണറായി സര്‍ക്കാരുകള്‍ ഒമ്പത് വര്‍ഷം കൊണ്ട് ക്ഷേമപെന്‍ഷനായി 73,654 കോടി രൂപ നല്‍കിയെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. 2011-16 കാലത്ത് സംസ്ഥാനം ഭരിച്ച യുഡിഎഫ് സർക്കാർ ക്ഷേമ പെൻഷനായി ആകെ നല്‍കിയ തുക 9,011 കോടി രൂപയാണെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു. കേന്ദ്രസർക്കാർ കേരളത്തിനുമേൽ ഏർപ്പെടുത്തിയ കടുത്ത സാമ്പത്തിക ഉപരോധത്തിലും സാധാരണക്കാരുടെ ക്ഷേമ കാര്യങ്ങളിൽ അതീവ ശ്രദ്ധയോടെയുള്ള സമീപനമാണ് സർക്കാർ സ്വീകരിച്ചതെന്ന അവകാശവാദവും സർക്കാർ മുന്നോട്ട് വെക്കുന്നുണ്ട്.

YouTube video player