കെഎംആര്‍എല്ലിന്റെ റിപ്പോര്‍ട്ട് കിട്ടിയശേഷം ഇക്കാര്യം തീരുമാനിക്കുമെന്ന് മന്ത്രി പി രാജീവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

കൊച്ചി: പത്തടിപ്പാലത്ത് കൊച്ചി മെട്രോ (Kochi Metro) തൂണിനുണ്ടായ ബലക്ഷയത്തെപ്പറ്റി പാലാരിവട്ടം പാലം മാതൃകയില്‍ സ്വതന്ത്ര ഏജന്‍സിയൊക്കൊണ്ട് പരിശോധിപ്പിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. കെഎംആര്‍എല്ലിന്റെ (KMRL) റിപ്പോര്‍ട്ട് കിട്ടിയശേഷം ഇക്കാര്യം തീരുമാനിക്കുമെന്ന് മന്ത്രി പി രാജീവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നേരറിയേണ്ടത് ഡിഎംആര്‍സിയുടെ (DMRC) വിശ്വാസ്യതയ്ക്കൂടി പ്രധാനപ്പെട്ടതാണെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശനും പ്രതികരിച്ചു. മെട്രോ തൂണിനുണ്ടായ ബലക്ഷയത്തെപ്പറ്റി ജിയോ ടെക്‌നിക്കല്‍ പരിശോധന നടത്തിയശേഷം കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന്റെ ആഭ്യന്തര റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍് ഇങ്ങനെയാണ്.

1. ആലുവ മുതല്‍ പേട്ടവരെ ആകെയുളള 975 മെട്രോ തൂണുകളില്‍ ഒരെണ്ണത്തിന് മാത്രമാണ് ബലക്ഷയമുളളത്, ബാക്കിയെല്ലാം സുരക്ഷിതമാണ്.

2. പത്തടിപ്പാലത്തെ ബലക്ഷയം ഒറ്റപ്പെട്ടതാണ്. സാങ്കേതികമായ പിഴവ് ബലക്ഷയത്തിന് കാരണമായിട്ടുണ്ടാകാം

3. പത്തടിപ്പാലത്തെ തൂണിന് ബലക്ഷയം കണ്ട സാഹചര്യത്തില്‍ മറ്റ് മെട്രോ തൂണുകളിലും വീണ്ടും വിശദമായ പരിശോധന നടത്തും

4. ബലക്ഷയം കണ്ട പത്തടിപ്പാലത്തെ തൂണിന്റെ പൈലിങ് ബലപ്പെടുത്താനാണ് തീരുമാനം. ഇതിനായി നാലുവശങ്ങളില്‍ നിന്നുമായി എട്ടുമുതല്‍ പത്തുമീറ്റര്‍വരെ കുഴിയെടുക്കും.

5. വര്‍ഷങ്ങള്‍ക്കുമുമ്പ് നടത്തിയ തൂണിന്റെ പൈലിങ്ങില്‍ ഇനി അറ്റകുറ്റപ്പണി നടക്കില്ല. ഇതിനും ചുറ്റും കോണ്‍ക്രീറ്റ് ഉപയോഗിച്ച് ബലപ്പെടുത്തി തൂണിനെ സംരക്ഷിക്കും.

6. അറ്റകുറ്റപ്പണിയ്ക്കുളള ചെലവ് കരാറുകാരായ എല്‍ ആന്റ് ടി തന്നെ വഹിക്കും. സംസ്ഥാന ഖജനാവിനെ ബാധിക്കില്ല.

എന്നാല്‍ കൊച്ചി മെട്രോ നിര്‍മാണത്തിലെ പിഴവ് സംബന്ധിച്ച പരിശോധന കെഎംആര്‍എല്ലിലും ഡിഎംആര്‍സിയിലും മാത്രമായി ഒതുങ്ങുന്നതാണ് വിമര്‍ശിക്കപ്പെടുന്നത്. പിഴവ് പറ്റിയെന്ന് ഇ ശ്രീധരന്‍ തന്നെ സമ്മതിച്ച സാഹചര്യത്തിലാണ് മറ്റൊരു ഏജന്‍സിക്കൊണ്ട് പരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നത്.

അതേസമയം, കൊച്ചി മെട്രോയുടെ പത്തടിപ്പാലത്തെ 347ാം നമ്പര്‍ പില്ലറിന്റെ അടിത്തറ ബലപ്പെടുത്തുന്ന ജോലികള്‍ ഇന്ന് തുടങ്ങും. അധിക പൈലുകള്‍ സ്ഥാപിച്ചുകൊണ്ടാണ് ബലപ്പെടുത്തുന്നത്. ഡി.എം.ആര്‍.സി, എല്‍ ആന്‍ഡ് ടി, എയ്ജിസ്, കെ.എം.ആര്‍.എല്‍ എന്നിവയുടെ നേതൃത്വത്തിലാണ് പ്രവൃത്തികള്‍. എല്‍ ആന്‍ഡ് ടിക്കാണ് നിര്‍മാണ ചുമതല. മഴക്കാലത്തിന് മുന്‍പായി ജോലികള്‍ പൂര്‍ത്തിയാക്കും. നിലവിലുളള മെട്രോറെയില്‍ ഗതാഗതത്തെ ബാധിക്കാത്ത വിധത്തിലാകും നിര്‍മാണ ജോലികള്‍ നടക്കുകയെന്നും കൊച്ചി മെട്രോ കമ്പനി അറിയിച്ചു. ഈ ഭാഗത്ത് ട്രാക്കിന് ചെരിവ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അപാകത പരിഹരിക്കാന്‍ ശ്രമങ്ങള്‍ തുടങ്ങിയത്.