തിരുവനന്തപുരം: ശംഖുമുഖത്ത് ആത്മഹത്യ ചെയ്യാൻ കടലിൽ ചാടിയ പെൺകുട്ടിയെ രക്ഷിക്കുന്നതിനിടെ മരണപ്പെട്ട ലൈഫ് ഗാർഡ് ജോൺസൺ ഗബ്രിയേലിന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം. ജോൺസന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കാനും കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ജോൺസന്റെ ഭാര്യക്ക് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിലാവും ജോലി നൽകുക.

ആത്മഹത്യ ചെയ്യാൻ കടലിൽ ചാടിയ പെൺകുട്ടിയെ രക്ഷിക്കുന്നതിനിടെ ഓഗസ്റ്റ് 21നാണ്  ചെറിയതുറ സ്വദേശി ജോൺസനെ കാണാതായത്. 23നാണ് മൃതദേഹം കണ്ടെത്തുന്നത്. നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടി കടലിൽ ചാടുന്നത് കണ്ട് രക്ഷിക്കാൻ ജോൺസണ്‍ കടലിലേക്ക് ഓടിയിറങ്ങുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ലൈഫ് ഗാർഡുമാരുടെ സഹായത്തോടെ പെൺകുട്ടിയെ രക്ഷിച്ചു കരയിൽ എത്തിച്ചെങ്കിലും ശക്തമായ തിരയിൽപ്പെട്ട് ജോൺസന് ബോധം നഷ്ടമായി. തുടർന്ന് ജോൺസനെ കാണാതാവുകയായിരുന്നു.