തിരുവനന്തപുരം: കേരളം കൊവിഡ് 19 നെതിരെ കടുത്ത ജാഗ്രതയിലേക്ക് മാറുമ്പോൾ ഗവര്‍ണര്‍ ആരിഫ് മുഹമ്മജ് ഖാന്‍ വിനോദയാത്രയിലെന്ന് വിവരം. തലസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രമായ പൊൻമുടിയിലേക്കാണ് ഗവര്‍ണറുടെയും സംഘത്തിന്‍റെയും യാത്ര. കൊവിഡ് ജാഗ്രതയുടെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളുടെ ഭാഗമായി പൊൻമുടി അടക്കം വിനോദ സഞ്ചാര കേന്ദ്രങ്ങൾ സംസ്ഥാന സര്‍ക്കാര്‍ അടച്ചിരുന്നു. ഇത് ബാധകമാക്കാതെയാണ് ഗവര്‍ണറുടെ ഉല്ലാസ യാത്ര.

 

ഡോക്ടറും പൊലീസുകാരും അടക്കമുള്ള സംഘത്തിന്‍റെ അകമ്പടിയോടെയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ വിനോദയാത്രയെന്നാണ് വിവരം. കെടിഡിസിയിലും പൊൻമുടി ഗസ്റ്റ് ഹൗസിലും ആയാണ് താമസ സൗകര്യം ഒരുക്കിയിട്ടുള്ളത്. മൂന്ന് ദിവസത്തേക്കാണ് ഗവര്‍ണറും സംഘവും പൊൻമുടിയിലുണ്ടാകുക എന്നും വിവരമുണ്ട്. ഭാര്യയും രാജ്ഭവനിലെ നാലു ജീവനക്കാരും ഒപ്പമുണ്ട്. കൊവിഡ് പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്ക് പൊന്മുടിയിലേക്കുള്ള പ്രവേശനം ദിവസങ്ങൾക്ക് മുമ്പ് വിലക്കിയിരുന്നു. സർക്കാർ നൽകുന്ന നിർദ്ദേശങ്ങൾ ജനങ്ങൾ കൃത്യമായി പാലിക്കണമെന്ന് കഴിഞ്ഞ ദിവസം ഗവർണ്ണറും ആവശ്യപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് ഗവർണ്ണറുടെ പൊന്മുടി യാത്ര

കൊവിഡ് ജാഗ്രതയുടെ ഭാഗമായി ജനങ്ങൾ പരമാവധി വീടുകളിൽ തുടരണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നത്. അനാവശ്യമായ യാത്രകളും സന്ദര്‍ശനങ്ങളും ഒഴിവാക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നൽകുന്നുണ്ട്. മാത്രമല്ല രോഗ പ്രതിരോധ മുൻകരുതൽ നടപടികളുടെ ഭാഗമായി ആരോഗ്യ വകുപ്പ് അധികൃതരും പൊലീസ് സംഘവുമെല്ലാം കഠിന പ്രവര്‍ത്തനങ്ങളിൽ ഏര്‍പ്പെട്ടിരിക്കെയാണ് പൊലീസുകാരടക്കം വൻ പടയുമായി ഗവര്‍ണറുടെ യാത്രയെന്ന വിമര്‍ശനവും ശക്തമാണ്.