തങ്ങള്‍ക്ക് മുന്നില്‍ എത്തുന്ന സാധാരണ ജനങ്ങളുടെ കണ്ണീരൊപ്പാനുള്ള പ്രവര്‍ത്തനമാണ് പൊതുപ്രവര്‍ത്തകര്‍ ചെയ്യേണ്ടതെന്ന് ഗവർണർ പറഞ്ഞു.
തൃശൂര്‍: പൊതുപ്രവര്‍ത്തകര്‍ സാമൂഹ്യനന്മയ്ക്കായി സര്‍വവും ത്യജിക്കാന്‍ സന്നദ്ധരായിരിക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സാമൂഹ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ സ്വാര്‍ഥനേട്ടങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നവരാവരുതെന്ന് ഗവർണ്ണർ പറഞ്ഞു. തൃശൂരില്‍ സമര്‍പ്പണ രാമായണ ഫെസ്റ്റിന്റെ ഭാഗമായുള്ള ശബരി ആദരവും വാല്മീകി പുരസ്‌കാര സമര്‍പ്പണ ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണർ.
തങ്ങള്‍ക്ക് മുന്നില്‍ എത്തുന്ന സാധാരണ ജനങ്ങളുടെ കണ്ണീരൊപ്പാനുള്ള പ്രവര്‍ത്തനമാണ് പൊതുപ്രവര്‍ത്തകര്‍ ചെയ്യേണ്ടത്. അതിനുവേണ്ടി സ്വന്തമായുള്ളതെല്ലാം ത്യജിക്കേണ്ടി വന്നാല്‍ അതിനും തയാറാകണം. ശ്രീരാമചന്ദ്രന്‍ അത്തരം മാതൃകയാണ് ലോകത്തിനുമുന്നില്‍ കാണിച്ചുതന്നത്- ഗവര്‍ണര്‍ പറഞ്ഞു. ചടങ്ങിൽ വാല്മീകി പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക് ഗവര്‍ണര്‍ സമ്മാനിച്ചു.
തന്നെ കവിയാക്കിയത് രാമായണമാണെന്ന് ശ്രീകുമാരന്‍ തമ്പി പറഞ്ഞു. വാല്മീകി പുരസ്‌കാരം ഏറ്റുവാങ്ങിയശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിവിധ ഇന്ത്യന്‍ ഭാഷകളിലെ കവികളെല്ലാം ഏറിയും കുറഞ്ഞും രാമായണത്തോട് കടപ്പെട്ടിരിക്കുന്നു-ശ്രീകുമാരന്‍ തമ്പി പറഞ്ഞു. വ്യത്യസ്ത ഭാഷകളില്‍ വ്യത്യസ്ത രാമായണങ്ങള്‍ എഴുതപ്പെട്ടിട്ടുണ്ട്.തുഞ്ചത്തെഴുത്തച്ഛന്‍ രചിച്ച അധ്യാത്മരാമായണത്തിന്റെ സവിശേഷത അത് ഭക്തിരസ പ്രധാനമാണ് എന്നുള്ളതാണ്. മലയാളഭാഷയ്ക്ക് രാമായണം നല്‍കിയ സംഭാവന വിലമതിക്കാനാകാത്തതാണെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു.
സമര്‍പ്പണ ചെയര്‍മാന്‍ കെ. കിട്ടുനായര്‍ അധ്യക്ഷനായിരുന്നു. ആര്‍.എസ്.എസ്. മുന്‍ അഖില ഭാരതീയ കാര്യകാരി അംഗം എസ്. സേതുമാധവന്‍, അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്, അഡ്വ. ബി. ഗോപാലകൃഷ്ണന്‍, ടി.സി. സേതുമാധവന്‍, പിന്നണി ഗായകന്‍ ദേവാനന്ദ്, സിനിമാതാരം കുമാരി ദേവനന്ദ, മാസ്റ്റര്‍ സദാശിവ്കൃഷ്ണ, തപസ്യ സംസ്ഥാന സമിതി അംഗം സി.സി. സുരേഷ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. കല്യാണ്‍ സില്‍ക്‌സ് എം.ഡി. ടി.എസ്. പട്ടാഭിരാമന്‍ ഗവര്‍ണര്‍ക്ക് ഉപഹാരം സമ്മാനിച്ചു.
Read More : പനിക്ക് ചികിത്സ തേടിയെത്തി, 7 വയസുകാരിയെ മരുന്ന് മാറി കുത്തിവെച്ചു; കര്‍ശന നടപടിയെന്ന് മന്ത്രി, അന്വേഷണം
