സംസ്ഥാന മന്ത്രിസഭ തീരുമാനിക്കാതെ സമാന്തര ഭരണത്തിനാണ് ഗവർണർ ശ്രമിക്കുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: ഓഗസ്റ്റ് 14 ന് വിഭജന ഭീതിദിനം ആചരിക്കണമെന്ന വിവാദ സർക്കുലറുമായി കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. വൈസ് ചാൻസലർമാർക്കാണ് സർക്കുലർ അയച്ചത്. ഇതാദ്യമായാണ് ഗവർണറുടെ ഓഫീസ് ഇത്തരത്തിലൊരു നിർദേശം കേരളത്തിലെ സർവകലാശാലകൾക്ക് നൽകുന്നത്.
എത്ര വിസിമാർ ഇത് അംഗീകരിക്കുമെന്ന് വ്യക്തമല്ല. ഗവർണറുടെ സർക്കുലറിനെതിരെ ഇതിനകം പ്രതിഷേധം ഉയർന്നു കഴിഞ്ഞു. ഇത് ആർഎസ്എസിന്‍റെ പരിപാടിയാണ്, ഒരു തരത്തിലും അംഗീകരിക്കില്ല എന്നാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ പ്രതികരണം. സംസ്ഥാന മന്ത്രിസഭ തീരുമാനിക്കാതെ സമാന്തര ഭരണത്തിനാണ് ഗവർണർ ശ്രമിക്കുന്നതെന്ന് മന്ത്രി വിമർശിച്ചു. ഇങ്ങനെയൊരു ദിനം ആചരിക്കാൻ സർക്കുലർ അയക്കാൻ ഗവർണർക്ക് എന്ത് അധികാരമെന്നും അദ്ദേഹം ചോദിച്ചു. ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ ദിനത്തിലാണ് ഓഗസ്റ്റ് 14നെ വിഭജന ഭീതി ദിനമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്.
നേരത്തെ സംഘപരിവാർ സംഘടനയുടെ ദേശീയ വിദ്യാഭ്യാസ സമ്മേളനത്തിൽ പങ്കെടുക്കാൻ വിസിമാർക്ക് ഗവർണർ നിർദേശം നൽകിയത് വിവാദമായിരുന്നു. ജ്ഞാനസഭ വിദ്യാഭ്യാസ സമ്മേളനത്തിൽ നാല് വിസിമാരാണ് പങ്കെടുത്തത്. കേരള സർവകലാശാല വിസി മോഹൻ കുന്നുമ്മൽ, കാലിക്കറ്റ് സർവകലാശാല വിസി പി രവീന്ദ്രൻ, കണ്ണൂർ വിസി കെ കെ. സാജു, കുഫോസ് വിസി എ ബിജുകുമാർ എന്നിവരാണ് പങ്കെടുത്തത്.
അതിന് മുൻപ് കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം സെനറ്റ് ഹാളിൽ ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയിൽ വച്ചതിനെ ചൊല്ലിയുള്ള വിവാദം ഇതുവരെ അവസാനിച്ചിട്ടില്ല. ആർഎസ്എസ് അനുകൂല സംഘടനയുടെ പരിപാടിയിൽ ചിത്രം വെച്ചത് സർവകലാശാല നിബന്ധനകളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി രജിസ്ട്രാർ അനുമതി റദ്ദാക്കിയതിനെ തുടർന്നുണ്ടായ ഗവർണർ - സർക്കാർ പോര് വൻ സംഘർഷത്തിലാണ് എത്തിച്ചേർന്നത്.

