വയനാട് ജില്ലയിൽ മാത്രം ആയിരത്തിലേറെ അരിവാൾ രോഗികൾ ഉണ്ടെന്നാണ് കണക്ക്. സംസ്ഥാന ബജറ്റിൽ രണ്ടരകോടി രൂപയാണ് അരിവാൾ രോഗികൾക്കായി നീക്കിവെച്ചത്
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ സാമ്പത്തിക പ്രതിസന്ധിമൂലം അരിവാൾ രോഗികളും ദുരിതത്തിലാണ്. സൗജന്യ മരുന്നും പ്രതിമാസ പെൻഷനും മുടങ്ങിയിട്ട് മാസങ്ങളാകുന്നതായി രോഗികൾ പറയുന്നു. അരിവാൾ രോഗികൾക്ക് 2000 മുതൽ 2500 രൂപ വരെയാണ് സർക്കാർ പ്രതിമാസ പെൻഷൻ നൽകുന്നത്. എന്നാൽ മിക്കവർക്കും പെൻഷൻ മുടങ്ങിയിട്ട് നാല് മാസമാകുന്നു.
വയനാട് ജില്ലയിൽ മാത്രം ആയിരത്തിലേറെ അരിവാൾ രോഗികൾ ഉണ്ടെന്നാണ് കണക്ക്. സംസ്ഥാന ബജറ്റിൽ രണ്ടരകോടി രൂപയാണ് അരിവാൾ രോഗികൾക്കായി നീക്കിവെച്ചത്. ഇതൊക്കെ പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങുന്നുവെന്നാണ് രോഗികളുടെ പരാതി. അരിവാൾ രോഗികൾക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് സൗജന്യ മരുന്ന് ലഭിച്ചിരുന്നു. ഈയിടെയായി മിക്കയിടങ്ങളിലും മരുന്ന് കിട്ടാനില്ലാത്ത സ്ഥിതിയാണ്.
ഒരു വരുമാനവും ഇല്ലാത്ത കുടുംബത്തിന് സർക്കാർ നൽകിയിരുന്ന ചെറിയ തുകയായിരുന്നു ചികിത്സയ്ക്ക് ആശ്രയം. പരാതിയുമായി സമീപിക്കുന്ന രോഗികളോട് പണം നൽകാൻ ഫണ്ടില്ലെന്നാണ് അധികൃതരുടെ മറുപടി. വയനാട് ബോയ്സ് ടൗണിൽ ഗവേഷണ കേന്ദ്രമെന്ന വാഗ്ദാനവും കടലാസിൽ ഒതുങ്ങി. ആദിവാസി ഊരുകൾ കേന്ദ്രീകരിച്ച് രോഗ നിർണയ ക്യാമ്പുകൾ നടന്നിട്ട് 8 വർഷമാകുന്നു.
