തിരുവനന്തപുരം: ലൈഫ് മിഷൻ കമ്മീഷൻ തട്ടിപ്പ് പുറത്ത് വന്ന് ഒരു മാസം ആകുമ്പോഴും അന്വേഷണം പ്രഖ്യാപിക്കാതെ സർക്കാർ. ആവശ്യമെങ്കിൽ വിജിലൻസ് അന്വേഷണം നടത്തണമെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി പോലും പറഞ്ഞത്.കമ്മീഷൻ കണക്ക് ഒരുകോടിയിൽ നിന്നും 9കോടിവരെ എത്തിയെന്ന് ആക്ഷേപം നിറയുമ്പോഴും സർക്കാരിന് കുലുക്കമില്ല

സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ലൈഫ് മിഷൻ ഭവനപദ്ധതിയിൽ ഒരുകോടി കമ്മീഷൻ തട്ടിയ വിവരങ്ങൾ ആഗസ്റ്റ് ആദ്യമാണ് പുറത്തായത്.പാവങ്ങൾക്ക് വീട് കൊടുക്കുന്ന എൽഡിഎഫ് സർക്കാരിന്‍റെ സുപ്രധാന പദ്ധതി കമ്മീഷൻ കളങ്കത്തിൽ മുങ്ങിയപ്പോൾ സർക്കാരല്ല യുഎഇ കോണ്‍സുലേറ്റാണ് മറുപടി പറയേണ്ടതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

എന്നാൽ രണ്ടാഴ്ച പിന്നിട്ടപ്പോൾ കമ്മീഷൻ ഒരു കോടിയല്ല നാലരക്കോടിയാണെന്ന് വെളിപ്പെടുത്തൽ മുഖ്യമന്ത്രിയുടെ മാധ്യമഉപദേശകൻ തന്നെ നടത്തി.മന്ത്രിമാരും ഇത് ഏറ്റുപിടിച്ചു.വിവാദമായതോടെ സിപിഎം സെക്രട്ടറി പോലും ആവശ്യപ്പെട്ടത് ഇതാണ്

യുഎഇ റെഡ് ക്രസന്‍റുമായുള്ള ലൈഫ് മിഷന്‍റെ അതീവ ദുർബലമായ ധാരണാപത്രം ,അതിലേക്ക് നയിച്ച വഴിവിട്ട നടപടികൾ ,കോടികൾ കമ്മീഷൻ നൽകിയ യുണിടാക്ക് ലൈഫ് മിഷനുമായി ബന്ധപ്പെട്ടുവെന്ന തെളിവുകൾ ഇതെല്ലാം പുറത്തുവന്നിട്ടും സർക്കാർ കക്ഷിയെ അല്ല എന്ന വാദത്തിൽ മുഖ്യമന്ത്രി ഉറച്ചുനിന്നു.കമ്മീഷൻ കൊള്ളയിലും വഴിവിട്ട നടപടികളിലും മുഖ്യമന്ത്രി ഓണത്തലേന്ന് പറഞ്ഞ മറുപടിയാണിത്.

പതിനെട്ടര കോടിയുടെ പദ്ധതിയിൽ നാലരക്കോടിയല്ല ഒൻപത് കോടി വരെ കമ്മീഷൻ ഒഴുകിയെന്നാണ് ആക്ഷേപം.അൻപത് ശതമാനവും കോഴയായി അടിച്ചുമാറ്റിയെങ്കിൽ പാവങ്ങൾക്കുള്ള ഭവനശൃംഘലയുടെ കെട്ടുറപ്പ് പോലും തുലാസിൽ. കമ്മീഷൻതട്ടിപ്പിന്‍റെ അടയാളമായി വടക്കാഞ്ചേരി ഫ്ലാറ്റുകൾ മാറുമ്പോൾ ഒരുമാസമായി അന്വേഷണത്തിൽ ഉരുണ്ട് കളിച്ച്  സർക്കാർ.