തിരുവനന്തപുരം: കേരളത്തിന്‍റെ പൊതുമേഖല ഗതാഗത സ്ഥാപനം കെഎസ്ആര്‍ടിസിക്ക് വീണ്ടും പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. എം പാനൽ ജീവനക്കാരെ പിരിച്ചുവിടില്ല. കോടതി വിധിയുടെ അടിസ്ഥാനത്തിൽ പത്ത് വർഷം സേവനം ലഭിച്ചവരും പിഎസ്സി-എംപ്ലോയ്മെന്‍റ് വഴി നിയമനം ലഭിച്ചവരെയും സ്ഥിരപ്പെടുത്തും തുടങ്ങിയ പ്രഖ്യാപനങ്ങള്‍ അടക്കമാണ് മുഖ്യമന്ത്രിയുടെ പുതിയ പ്രഖ്യാപനം.

മുഖ്യമന്ത്രിയുടെ വാക്കുകള്‍: കൊവിഡ് മഹാമാരി പൊതുമേഖല ഗതാഗത സംവിധാനത്തിന് കനത്ത ആഘാതമാണ് ഉണ്ടാക്കിയത്. ലോക്ക്ഡൌണിന് ശേഷവും പൊതുഗതാഗതം സാധാരണ നിലയിലേക്ക് തിരിച്ചുവന്നിട്ടില്ല. ഇത് കെഎസ്ആര്‍ടിസിയുടെ നില പരുങ്ങലിലാക്കിയിട്ടുണ്ട്. ഇതെല്ലാം കണക്കിലെടുത്ത് കെഎസ്ആര്‍ടിസി പുനരുദ്ധാരണത്തിന് പുതിയ പാക്കേജ് സര്‍ക്കാര്‍ തയ്യാറാക്കുകയാണ്.

കഴിഞ്ഞ പാക്കേജിനെക്കുറിച്ച് എല്ലാവര്‍ക്കും അറിയാം. അത് എന്തുകൊണ്ട് നടപ്പിലായില്ല എന്നത് സംബന്ധിച്ച് ബന്ധപ്പെട്ടവര്‍ ആത്മപരിശോധന നടത്തേണ്ടതുണ്ട്. കേരള സര്‍ക്കാര്‍ പറഞ്ഞ വാക്ക് പാലിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷവും 1000 കോടി വീതം കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ നല്‍കി. നടപ്പു വര്‍ഷത്തില്‍ സര്‍ക്കാര്‍ നല്‍കുന്ന സഹായം 2000 കോടിയില്‍ ഏറെ വരും.

ആകെ 4600 കോടി രൂപ കെഎസ്ആര്‍ടിസിക്ക് ഈ സര്‍ക്കാര്‍ ഇതുവരെ നല്‍കിയിട്ടുണ്ട്. യുഡിഎഫിന്‍റെ അഞ്ചുവര്‍ഷത്തെ ഭരണകാലത്ത് ആകെ നല്‍കിയ സഹായം 1220 കോടി രൂപയായിരുന്നു. എന്നിട്ടും സര്‍ക്കാറിന്‍റെ അവഗണനയെക്കുറിച്ച് പലകോണില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഇതില്‍ റെയില്‍വേ പോലും വിറ്റഴിക്കുന്ന കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ ട്രേഡ് യൂണിയനാണ് മുന്നില്‍ എന്നത് പരിഹാസ്യമാണ്.

കെഎസ്ആർടിസിയെ പുനരുദ്ധരിക്കും. പുതിയ പാക്കേജിലൂടെ തൊഴിലാളികളുടെ നീണ്ട കാലത്തെ ചില ആവശ്യങ്ങൾക്ക് പരിഹാരമുണ്ടാകും. ബാങ്കുകൾ,എൽഐസി, കെഎസ്എഫ്ഇ, തുടങ്ങിയ സ്ഥാപനങ്ങളുടെ ശമ്പള റിക്കവറികൾ കുടിശികയാണ്. ജൂൺ മാസം വരെ 255 കോടി രൂപ ഈ വകകളിൽ 2016 മുതൽ നൽകാനുണ്ട്. ഈ തുക സർക്കാർ അടിയന്തിരമായി കെഎസ്ആർടിസിക്ക് നൽകും. 2012 ന് ശേഷം ശമ്പള പരിഷ്കരണം നടപ്പിലാക്കിയിട്ടില്ല. ചർച്ചകൾ നടത്തിയിരുന്നില്ല. അത് മനസിലാക്കി എല്ലാ സ്ഥിരം ജീവനക്കാർക്കും പ്രതിമാസം 1500 രൂപ വീതം ഇടക്കാല ആശ്വാസം നൽകും. 

ഇതിനുള്ള അധിക തുക സർക്കാർ കെഎസ്ആർടിസിക്ക് നൽകും. ശമ്പള പരിഷ്കരണത്തിന് ചർച്ച തുടങ്ങും. എം പാനൽ ജീവനക്കാരെ പിരിച്ചുവിടില്ല. കോടതി വിധിയുടെ അടിസ്ഥാനത്തിൽ പത്ത് വർഷം സേവനം ലഭിച്ചവരും പിഎസ്സി-എംപ്ലോയ്മെന്‍റ് വഴി നിയമനം ലഭിച്ചവരെയും സ്ഥിരപ്പെടുത്തും. ബാക്കിയുള്ളവരെ സിഫ്റ്റിൽ നിയമിക്കും.സ്കാനിയ, ദീർഘദൂര ബസ്, കിഫ്ബി വഴി വാങ്ങുന്ന ബസുകളും സിഫ്റ്റ് വഴിയാവും പ്രവർത്തിക്കുക. കെഎസ്ആർടിസി സർക്കാരിന് നൽകാനുള്ള 941 കോടിയുടെ പലിശ എഴുതി തള്ളും.

 3600 കോടിയുടെ വായ്പ ഓഹരിയാക്കും. കൺസോർഷ്യവുമായി ഉണ്ടാക്കിയ ധാരണ പ്രകാരം സർക്കാരിൽ നിന്നല്ലാതെ കോർപ്പറേഷന് വായ്പയെടുക്കാനാവില്ല. വരുമാനം വർധിപ്പിക്കാനും ,ചെലവ് ചുരുക്കാനും നടപടികൾ. ഈ വിടവ് 500 കോടിയായി കുറയ്ക്കാൻ ലക്ഷ്യം.പുതിയ പാക്കേജ് ട്രേഡ് യൂണിയനുകളുമായി വിശദമായി ചർച്ച ചെയ്യും. കെഎസ്ആർടിസിക്ക് പരമാവധി സഹായം സർക്കാർ നൽകും. ഇതിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകില്ലെന്ന് കരുതുന്നു. മാനേജ്മെന്‍റുകളുമായി ചർച്ച ചെയ്യും. എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.